വാള്‍മാര്‍ട്ട്-ഫ്‌ളിപ്കാര്‍ട്ട് ഇടപാട് പൂര്‍ത്തിയായി

വാള്‍മാര്‍ട്ട്-ഫ്‌ളിപ്കാര്‍ട്ട് ഇടപാട് പൂര്‍ത്തിയായി

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഇ കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടിനെ അമേരിക്കന്‍ റീട്ടെയ്ല്‍ ഭീമനായ വാള്‍മാര്‍ട്ട് ഏറ്റെടുത്തു. ഫ്‌ളിപ്കാര്‍ട്ടിലെ 77 ശതമാനം ഓഹരികള്‍ 16 ബില്യണ്‍ ഡോളറിനാണ് വാള്‍മാര്‍ട്ട് ഏറ്റെടുത്തത്. ഇന്ത്യന്‍ ഓണ്‍ലൈന്‍ ഇടത്തില്‍ ഒരു യുഎസ് കമ്പനി നടത്തുന്ന ഏറ്റവും വലിയ നിക്ഷേപം കൂടിയാണിത്.

ഇന്ത്യന്‍ സമ്പദ്ഘടനയുടെ വളര്‍ച്ചയ്ക്ക് സംഭാവനകള്‍ നല്‍കുന്നതിന് ഫ്‌ളിപ്കാര്‍ട്ടും വാള്‍മാര്‍ട്ടും ഒന്നിട്ട് പ്രവര്‍ത്തിക്കുമെന്ന് വാള്‍മാര്‍ട്ട് ഇന്റര്‍നാഷണല്‍ സിഇഒയും പ്രസിഡന്റുമായ ജുഡിത് മകെന്ന പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് ഗുണമേന്മ നിറഞ്ഞ ഉല്‍പ്പന്നങ്ങളും ന്യായവിലയും നല്‍കുന്നതിലൂടെ തങ്ങളുടെ നിക്ഷേപം ഇന്ത്യക്ക് ഗുണം ചെയ്യുമെന്നും പുതിയ വൈദഗ്ധ്യ തൊഴിലുകള്‍ സൃഷ്ടിക്കുമെന്നും വിതരണക്കാര്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫ്‌ളിപ്കാര്‍ട്ട് സിഇഒ കല്യാണ്‍ കൃഷ്ണമൂര്‍ത്തി ഉള്‍പ്പെടെയുള്ള നിലവിലെ മാനേജ്‌മെന്റ് ബിസിനസ് നേതൃത്വത്തില്‍ തുടരും. കൂടാതെ വാള്‍മാര്‍ട്ടും ഫ്‌ളിപ്കാര്‍ട്ടും തങ്ങളുടെ തനതായ ബ്രാന്‍ഡുകളും ഇന്ത്യയിലെ പ്രവര്‍ത്തന ഘടനയും നിലനിര്‍ത്തും.

സ്വതന്ത്ര ബോര്‍ഡ് അംഗങ്ങള്‍ക്ക് പുറമെ ടെന്‍സെന്റും ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റും ഫ്‌ളിപ്കാര്‍ട്ട് ബോര്‍ഡിന്റെ ഭാഗമായി തുടരും. കൂടാതെ വാള്‍മാര്‍ട്ടില്‍ നിന്നുള്ള പുതിയ അംഗങ്ങളും ബോര്‍ഡിലെത്തും. ഫ്‌ളിപ്കാര്‍ട്ടിലെ നിക്ഷേപകരായ ആക്‌സല്‍ പാര്‍ട്‌ണേഴ്‌സ്, നാസ്‌പേഴ്‌സ്, കമ്പനി സഹസ്ഥാപകനായ സച്ചിന്‍ ബന്‍സാല്‍ എന്നിവര്‍ ഫ്‌ളിപ്കാര്‍ട്ട് വിട്ടു. മറ്റൊരു സഹസ്ഥാപകനായ ബിന്നി ബന്‍സാല്‍,ടെന്‍സെന്റ്,ടൈഗര്‍ ഗ്ലോബല്‍, മൈക്രോസോഫ്റ്റ് കോര്‍പ് എന്നിവരാണ് ഫ്‌ളിപ്കാര്‍ട്ടില്‍ തുടരുന്നത്.

സെപ്തംബറില്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ചെറിയൊരു നിക്ഷേപം നടത്താനുദ്ദേശിച്ചാണ് വാള്‍മാര്‍ട്ട് ചര്‍ച്ചകള്‍ തുടങ്ങിയത്. എന്നാല്‍ ഇത് ലോകത്തിലെ ഏറ്റവും വലിയ ഈ കൊമേഴ്‌സ് ഇടപാടിലേക്ക് കമ്പനിയെ എത്തിക്കുകയായിരുന്നു. ഇതോടെ ഇന്ത്യന്‍ വിപണിയില്‍ ആമസോണിന് ശക്തമായ എതിരാളി സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്.

 

Comments

comments