യുപിഎ കാലത്തെ മികച്ച വളര്‍ച്ച സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായി: നിതി ആയോഗ്

യുപിഎ കാലത്തെ മികച്ച വളര്‍ച്ച സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായി: നിതി ആയോഗ്

ന്യൂഡെല്‍ഹി: കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കീഴില്‍ മികച്ച വളര്‍ച്ച നേടുന്നതിനായുള്ള നടപടികള്‍ ധനക്കമ്മി വര്‍ധിക്കാനും അനുചിതമായ ബാങ്ക് ക്രെഡിറ്റ് വളര്‍ച്ചയ്ക്കും കാരണമായതായി നിതി ആയോഗിന്റെ വിലയിരുത്തല്‍. മുന്‍പ് രാജീവ്ഗാന്ധി സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന പത്ത് ശതമാനം വളര്‍ച്ചാ നിരക്ക് വലിയ തോതില്‍ വായ്പയെടുത്തതിനാലായിരുന്നു. ഇത് 1990-92 കാലത്ത് വിനാശകരമായ തകര്‍ച്ചയ്ക്ക് ഇടയാക്കിയെന്നും നിതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ പറഞ്ഞു.

2011-12 കാലയളവിനെ അടിസ്ഥാനമാക്കി വിവിധ സാമ്പത്തിക വര്‍ഷങ്ങളിലെ വളര്‍ച്ചയെ വിലയിരുത്തുന്ന ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍( എന്‍എസ്‌സി) ഉപസമിതിയുടെ റിപ്പോര്‍ട്ട് സംബന്ധിച്ച വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മന്‍മോഹന്‍സിംഗ് സര്‍ക്കാരിനു കീഴില്‍ 2006-07ല്‍ 10.08 ശതമാനം ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ച ഉണ്ടായിരുന്നെന്നും 1991ലെ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ക്കു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണിതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.

യുപിഎ സര്‍ക്കാരിനു ശേഷം മോദി സര്‍ക്കാര്‍ അധികാരമേറ്റ് നാല് വര്‍ഷത്തിനുള്ളില്‍ വളര്‍ച്ചാ നിരക്ക് കുത്തനെ ഉയര്‍ന്നുവെന്ന് രാജീവ്കുമാര്‍ ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു. 2011-12 കാലയളവിലെ എന്‍എസ്എസിയുടെ ഉപസമിതിയുടെ വിലയിരുത്തല്‍ പ്രകാരമുള്ള ജിഡിപി വളര്‍ച്ചാ നിരക്കിന്റെ കണക്കുകള്‍ അനൗദ്യോഗികമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Comments

comments

Tags: Nithi Ayog