സൗദിയും കാനഡയും ഇടയുമ്പോള്‍

സൗദിയും കാനഡയും ഇടയുമ്പോള്‍

കാനഡയും സൗദി അറേബ്യയും തമ്മിലുള്ള നയതന്ത്ര പോരാണ് ലോക രാഷ്ട്രീയം നേരിടുന്ന പുതിയ നയതന്ത്ര പ്രതിസന്ധി. മനുഷ്യാവകാശ ലംഘനങ്ങളും സ്ത്രീ സ്വാതന്ത്ര്യവും ചൂണ്ടിക്കാട്ടി പരസ്പരം ഏറ്റുമുട്ടുന്ന ഇരു രാജ്യങ്ങളും സൗഹൃദത്തിന്റെ പാതയില്‍ നിന്ന്് ഏറെ വ്യതിചലിച്ചു കഴിഞ്ഞിരിക്കുന്നു. യുഎസിന്റെ ഉറ്റ ശാക്തിക പങ്കാളികളായ രണ്ട് രാഷ്ട്രങ്ങള്‍ തമ്മില്‍ ഉടലെടുത്തിക്കുന്ന സംഘര്‍ഷത്തിന് വിവിധ അര്‍ത്ഥ തലങ്ങളുണ്ട്. ഉരസലിന്റെ തത്വശാസ്ത്രത്തെക്കുറിച്ച് വിശകലനം ചെയ്യുകയാണ് ലേഖകന്‍.

 

 

സൗദി അറേബ്യ-കാനഡ നയതന്ത്ര ബന്ധം എക്കാലത്തെയും വലിയ പരീക്ഷണ കാലഘട്ടത്തിലൂടെ കടന്നു പൊയ്‌ക്കൊണ്ടിരിക്കുകയാണ്. സ്ത്രീ സുരക്ഷക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെയും പോരാടുന്നവരെ സൗദി തുറങ്കിലടച്ചതാണ് കാനഡയെ പ്രകോപിപ്പിച്ചിരിക്കുന്നത്. സൗദി അറേബ്യ സ്ത്രീകള്‍ക്കായി ഏറെ സ്വാതന്ത്ര്യം അടുത്തിടെ നല്‍കാനാരംഭിച്ചെങ്കിലും ഇരുണ്ടയുഗം അവിടെ അവസാനിച്ചിട്ടില്ലെന്ന് വേണം കരുതാന്‍. പരിഷ്‌കാരിയായ രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ (എംബിഎസ്) സ്ത്രീകള്‍ക്ക് പൊതുനിരത്തില്‍ വാഹനമോടിക്കുന്നതിനുള്ള അനുമതി നല്‍കിയെങ്കിലും അഭിപ്രായ സ്വാതന്ത്ര്യത്തിന് ആ രാജ്യത്ത് ഇപ്പോഴും കൂച്ചുവിലങ്ങുകളുണ്ട്.

കടുത്ത യാഥാസ്ഥിതികത്വം പുലര്‍ത്തുന്ന ഷിയാ ഇറാനുമായി തട്ടിച്ചു നോക്കിയാല്‍ വനിതാ ശാക്തീകരണത്തിന്റെ കാര്യത്തില്‍ സൗദി ഏറെ മുമ്പിലാണ്. 1979 ല്‍ ഇറാനില്‍ ഷാ ഭരണത്തകൂടത്തെ അട്ടിമറിച്ച് ആയത്തുള്ള ഖുമൈനി അധികാരത്തിലേറിയതോടുകൂടിയാണ് യാഥാസ്ഥിതിക വാദത്തിന് പശ്ചിമേഷ്യയില്‍ പ്രചാരം സിദ്ധിച്ചത്. പിന്നീട് സുന്നി ലോകത്ത് ആധിപത്യമുള്ള സൗദിയും ഇറാന്റെ ചുവട് പിടിച്ച് മതനേതാക്കളുടെ പരമോന്നത സഭയിലേക്ക് അധികാരങ്ങളെല്ലാം കേന്ദ്രീകരിച്ചു.

 

സമര്‍ ബദാവി എന്ന മനുഷ്യാവകാശ പ്രവര്‍ത്തകയെ സൗദി ജയിലിലടച്ചതാണ് കാനഡയെ ഒടുവില്‍ പ്രകോപിപ്പിച്ചത്. അവരുടെ സഹോദരന്‍ ദെഫ് ബദാവിയേയും പിന്നീട് ജയിലിലടച്ചു. സ്ത്രീ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് കനേഡിയന്‍ പൗരത്വവുമുണ്ട്. കനേഡിയന്‍ വിദേശകാര്യമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ് ഇരുവരുടേയും മോചനത്തിനായി സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പ്രസ്താവന സൗദിയിലെ കനേഡിയന്‍ അംബാസിഡര്‍ ഏറ്റുപിടിച്ചതാണ് നയതന്ത്രയുദ്ധത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടുചെന്നെത്തിച്ചത്.

രോഷാകുലനായ സൗദി ഭരണാധികാരി എംബിഎസ് ഉടനടി കനേഡിയന്‍ അംബാസിഡറെ തിരികെ വിളിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. സൗദിയുടെ ആഭ്യന്തര സുരക്ഷാ കാര്യങ്ങളില്‍ വൈദേശിക കൈകടത്തലുകള്‍ ഒരു കാരണവശാലും അംഗീകരിക്കുകയില്ലെന്ന മുന്നറിയിപ്പ് നല്‍കാനും എംബിഎസ് മറന്നില്ല. തങ്ങള്‍ക്ക് അനഭിമതരായ (persona De Grata) നയതന്ത്രജ്ഞരെ പുറത്താക്കുന്നതിനൊപ്പം വ്യാപാര ബന്ധം നിര്‍ത്തലാക്കാനും എംബിഎസ് ഉത്തരവിട്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള വിമാന സര്‍വീസുകള്‍ ഉപേക്ഷിക്കാനും കനേഡിയന്‍ ആശുപത്രികളില്‍ ചികിത്സയിലുള്ള സൗദി പൗരന്‍മാരായ രോഗികളെ എത്രയും പെട്ടെന്ന് അമേരിക്കയിലെ ആശുപത്രികളിലേക്ക് മാറ്റുന്നതടക്കമുള്ള നിര്‍ണ്ണായക തീരുമാനങ്ങളാണ് എംബിഎസ് തുടര്‍ന്നെടുത്തത്.

15,000 ത്തോളം സൗദി വിദ്യാര്‍ത്ഥികള്‍ കാനഡയിലെ പല സര്‍വ്വകലാശാലകളിലുമായി പഠിക്കുന്നുണ്ട്. ഇവരോട് എത്രയും പെട്ടെന്ന് സമാന സിലബസിലുള്ള അമേരിക്കന്‍ സ്ഥാപനങ്ങളിലേക്ക് മാറുവാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് സൗദി ഭരണകൂടം.

വര്‍ഷങ്ങളോളം സൗദിയുടെ രക്ഷകര്‍ത്വ നിയമത്തിനെതിരായ പോരാട്ടങ്ങളിലായിരുന്നു സമര്‍ ബദാവി. സൗദി വനിതകള്‍ നിര്‍ബന്ധമായും പുരുഷന്മാരായ രക്ഷകര്‍ത്താക്കള്‍ക്കൊപ്പമേ സഞ്ചരിക്കാവൂ എന്ന നിയമം (Guardianship Law) ആധുനിക പരിഷ്‌കൃത ലോകത്തിന് ചേരുന്നതല്ല എന്ന വാദമാണ് യാഥാസ്ഥിതിക ഭരണാധികാരികളെ ചൊടിപ്പിച്ചത്. ബദാവിയെ അനുകൂലിച്ച് ഇന്റര്‍നെറ്റില്‍ ലേഖനമെഴുതിയ സഹോദരന് സൗദി വിധിച്ചത് പത്ത് വര്‍ഷത്തെ കഠിന തടവും 1,000 ചാട്ടവാറടിയും എന്ന പ്രാകൃത ശിക്ഷയാണ്.

പാശ്ചാത്യ ശക്തികള്‍ പൊതുവില്‍ സൗദിയോട് ഇപ്പോള്‍ മൃദുസമീപനമാണ് പുലര്‍ത്തിവരുന്നത്. സൗദി-യുഎഇ-ഇസ്രയേല്‍-അമേരിക്കന്‍ സഖ്യം എന്നു പോലും വ്യാഖ്യാനങ്ങളുണ്ട്. കാനഡ-സൗദി നയതന്ത്ര യുദ്ധത്തിലും അമേരിക്ക അടക്കമുള്ള ശക്തികളുടെ മൗനം ഏറെ അര്‍ഥഗര്‍ഭമാണ്.

കാനഡയുടെ സാമ്പത്തിക സഹകരണ ശക്തികൡല്‍ പശ്ചിമേഷ്യയിലെ രണ്ടാമത്തെ വലിയ രാജ്യമാണ് സൗദി. 12 ബില്യണ്‍ ഡോളറിന്റെ ആയുധക്കരാറും റിയാദുമായിട്ടുണ്ട്. ബദാവിയുടെ കുടുംബത്തിന് രാഷ്ട്രീയാഭയം നല്‍കിയതിലൂടെ ഒട്ടാവ ഇതെല്ലാം നഷ്ടമാക്കിയെങ്കിലും മനുഷ്യാവകാശങ്ങള്‍ക്കും സ്ത്രീ സമത്വത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും കാനഡ മുന്നില്‍ തന്നെയുണ്ടാവും എന്നത് സ്വാഗതാര്‍ഹം തന്നെ.

Comments

comments

Categories: FK News, Slider