ചരിത്രത്തില്‍ ആദ്യമായി ഡോളറിനെതിരെ രൂപയുടെ മൂല്യം 70 കടന്നു

ചരിത്രത്തില്‍ ആദ്യമായി ഡോളറിനെതിരെ രൂപയുടെ മൂല്യം 70 കടന്നു

നടപ്പു വര്‍ഷം ഇതുവരെ യുഎസ് ഡോളറിനെതിരെ ഏകദേശം പത്ത് ശതമാനം ഇടിവാണ് രൂപയുടെ മൂല്യത്തിലുണ്ടായത്

ന്യൂഡെല്‍ഹി: ചരിത്രത്തിലെ സര്‍വകാല താഴ്ചയിലേക്ക് കൂപ്പുകുത്തി രൂപ. ഇന്നലെ രാവിലെ വ്യാപാരം ആരംഭിതച്ച ആദ്യ മണിക്കൂറുകളില്‍ തന്നെ യുഎസ് ഡോളറിനെതിരെ 70.08 എന്ന നിലവാരത്തിലേക്ക് രൂപയുടെ വിനിമയ നിരക്ക് ഇടിഞ്ഞു. തിങ്കളാഴ്ച ഡോളറിനെതിരെ 69.9287ലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചിരുന്നത്. ഇതില്‍ നിന്നും 15 പൈസയുടെ ഇടിവാണ് രൂപയുടെ മൂല്യത്തില്‍ ഇന്നലെ രാവിലെ ഉണ്ടായത്. ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തില്‍ ഇതാദ്യമായാണ് രൂപയുടെ മൂല്യം 70 കടക്കുന്നത്.
അതേസമയം, നിലവിലെ സാഹചര്യത്തില്‍ രൂപയുടെ മൂല്യ ശോഷണം സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് പറഞ്ഞു. ബാഹ്യ ഘടകങ്ങളുടെ സ്വാധീനമാണ് രൂപയുടെ മൂല്യ തകര്‍ച്ചയ്ക്ക് കാരണമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 70ലേക്ക് കൂപ്പുകുത്തിയ രൂപ 90 മിനുറ്റിനുള്ളില്‍ 69.72 എന്ന നിലവാരത്തിലേക്ക് തിരിച്ചുകയറിയിരുന്നു. ഉച്ചയോടെ മൂന്ന് പൈസ ഉയര്‍ന്ന് യുഎസ് ഡോളറിനെതിരെ 69.9012 എന്ന തലത്തിലാണ് രൂപ വ്യാപാരം നടത്തിയത്. —–ലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്.
തുര്‍ക്കിയിലെ സാമ്പത്തിക മാന്ദ്യവും തുടര്‍ന്ന് തുര്‍ക്കി കറന്‍സിയായ ലിറയുടെ മൂല്യത്തിലുണ്ടായ ഇടിവും ആഗോള സമ്പദ്ഘടനയെ ബാധിക്കുമോ എന്ന ആശങ്കയാണ് വിദേശ വിനിമയ വിപണിയില്‍ രൂപയുടെ മൂല്യ തകര്‍ച്ചയ്ക്ക് പെട്ടെന്നുണ്ടായ കാരണം. തുര്‍ക്കിയിലെ സാമ്പത്തിക മാന്ദ്യം മിക്ക ഏഷ്യന്‍ കറന്‍സികളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. തിങ്കളാഴ്ച റെക്കോഡ് താഴ്ചയില്‍ വ്യാപാരം അവസാനിപ്പിച്ച രൂപ ഇന്നലെ തുടക്ക വ്യാപാരത്തില്‍ ആദ്യം ചെറിയ നേട്ടം പ്രകടമാക്കിയിരുന്നു. ഇന്ത്യയുടെ റീട്ടെയ്ല്‍ പണപ്പെരുപ്പം ഒന്‍പത് മാസത്തിനിടയിലെ താഴ്ന്ന നിരക്കായ 4.17 ശതമാനത്തിലേക്ക്് എത്തിയതാണ് തുടക്കത്തില്‍ രൂപയ്ക്ക് കരുത്ത് പകര്‍ന്നത്.
നടപ്പു വര്‍ഷം ഇതുവരെ യുഎസ് ഡോളറിനെതിരെ ഏകദേശം പത്ത് ശതമാനം ഇടിവാണ് രൂപയുടെ മൂല്യത്തിലുണ്ടായത്. ഈ വര്‍ഷം ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചിട്ടുള്ള ഏഷ്യന്‍ കറന്‍സി രൂപയാണ്. കയറ്റുമതിയേക്കാള്‍ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമെന്ന നിലയില്‍ രൂപയുടെ മൂല്യ തകര്‍ച്ച ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ കനത്ത ആഘാതം സൃഷ്ടിക്കും. ഇറക്കുമതി ചെലവ് ഉയരുന്നത് രാജ്യത്തിന്റെ വ്യാപാരക്കമ്മി കൂടാന്‍ ഇടയാക്കുന്നതാണ് കാരണം.

Comments

comments

Categories: Business & Economy, Slider
Tags: Rupee