റീട്ടെയ്ല്‍ പണപ്പെരുപ്പം ഒന്‍പത് മാസത്തെ താഴ്ചയില്‍

റീട്ടെയ്ല്‍ പണപ്പെരുപ്പം ഒന്‍പത് മാസത്തെ താഴ്ചയില്‍

പച്ചക്കറി വിലയില്‍ ഒരു വര്‍ഷത്തിനുശേഷമാണ് ഇടിവുണ്ടാകുന്നത്

ന്യൂഡെല്‍ഹി: ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ പണപ്പെരുപ്പം ജൂണ്‍ മാസത്തെ 4.92 ശതമാനത്തില്‍ നിന്നും ജൂലൈയില്‍ 4.17 ശതമാനമായി കുറഞ്ഞതായി ഔദ്യോഗിക റിപ്പോര്‍ട്ട്. ഒന്‍പത് മാസത്തിനിടെയിലെ ഏറ്റവും താഴ്ന്ന പണപ്പെരുപ്പ നിരക്കാണിത്. ജൂണില്‍ ഇന്ത്യയുടെ റീട്ടെയ്ല്‍ പണപ്പെരുപ്പം അഞ്ച് മാസത്തിനിടയിലെ ഉയര്‍ന്ന തലത്തിലായിരുന്നു. ജൂലൈയില്‍ പണപ്പെരുപ്പം 4.5 ശതമാനമായി ചുരുങ്ങുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ നിഗമനം.
ഭക്ഷ്യ വിലക്കയറ്റത്തിലുണ്ടായ നേരിയ ഇടിവാണ്കഴിഞ്ഞ മാസം പണപ്പെരുപ്പം മയപ്പെടാന്‍ കാരണമായതെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഭക്ഷ്യസാധനങ്ങളുടെ പണപ്പെരുപ്പം ജൂണിലെ 2.91 ശതമാനത്തില്‍ നിന്നും 1.37 ശതമാനമായി കുറഞ്ഞിട്ടുണ്ട്. പണപ്പെരുപ്പത്തില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ അധികം കുറവ് വന്നത് കാരണം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അടിസ്ഥാന പലിശ നിരക്കുകള്‍ ഉയര്‍ത്തുന്നത് അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഐക്രയില്‍ നിന്നുള്ള മുഖ്യ സാമ്പത്തിക വിദഗ്ധ അദിതി നയ്യാര്‍ പറഞ്ഞു. അതേസമയം രൂപയുടെ മൂല്യ ശോഷണം സമീപഭാവിയില്‍ സിപിഐ പണപ്പെരുപ്പത്തില്‍ സ്വാധീനം ചെലുത്താന്‍ ഇടയുണ്ടെന്നും അദിതി നയ്യാര്‍ ചൂണ്ടിക്കാട്ടി.
പണപ്പെരുപ്പം ഉയരുന്നത് സംബന്ധിച്ച ആശങ്കകള്‍ കഴിഞ്ഞ രണ്ട് ധനനയ അവലോകന യോഗങ്ങളിലും അടിസ്ഥാന പലിശ നിരക്കുകള്‍ 25 ബേസിസ് പോയ്ന്റ് വീതം ഉയര്‍ത്തുന്നതിന് കേന്ദ്ര ബാങ്കിനുമേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. പണപ്പെരുപ്പം നാല് ശതമാനത്തില്‍ പിടിച്ചുനിര്‍ത്താനാണ് കേന്ദ്ര ബാങ്ക് ലക്ഷ്യമിടുന്നത്. ജൂലൈ മാസത്തെ പണപ്പെരുപ്പ നിരക്ക് ഈ ലക്ഷ്യത്തിനടുത്തെത്തിയിരിക്കുന്ന സാഹചര്യം ധനനയ അവലോകന സമിതിക്ക് (എംപിസി) ആശ്വാസം നല്‍കും. ഈ സാമ്പത്തിക വര്‍ഷത്തെ അടുത്ത നയ പ്രഖ്യാപനങ്ങളില്‍ പലിശ നിരക്കുകള്‍ അതേപടി നിലനിര്‍ത്താന്‍ കേന്ദ്ര ബാങ്ക് തയാറായേക്കുമെന്ന് ഇന്ത്യ റേറ്റിംഗ്‌സ് ആന്‍ഡ് റിസര്‍ച്ചില്‍ നിന്നുള്ള മുഖ്യ സാമ്പത്തിക വിദഗ്ധന്‍ ദേവേന്ദ്ര പന്ദും വിലയിരുത്തുന്നു.
ഭക്ഷ്യ വിലക്കയറ്റം പത്ത് മാസത്തിനിടയിലെ താഴ്ന്ന നിലയിലാണ്. അടുത്ത രണ്ട് മാസങ്ങളിലും ഭക്ഷ്യ വിലക്കയറ്റം ഇതേ രീതിയില്‍ തുടരുമെന്നാണ് ദേവേന്ദ്ര പന്ദ് പറയുന്നത്. ഇതിനുശേഷം ഖാരിഫ് വിളകളുടെ കുറഞ്ഞ താങ്ങുവില (എംഎസ്പി) ഉയര്‍ത്തിയത് പണപ്പെരുപ്പത്തില്‍ പ്രതിഫലിച്ചു കാണാനിടയുണ്ടെന്നും ഇന്ധനം, ഊര്‍ജം തുടങ്ങിയ വിഭാഗങ്ങളിലെ വിലക്കയറ്റം സിപിഐ പണപ്പെരുപ്പത്തില്‍ സ്വാധീനം ചെലുത്തുമെന്നും പന്ദ് വ്യക്തമാക്കി. പച്ചക്കറി വിഭാഗത്തില്‍ രണ്ട് ശതമാനം വിലയിടിവാണ് ഉണ്ടായത്. ജൂണിലെ ഏഴ് ശതമാനം വിലക്കയറ്റം അനുഭവപ്പെട്ട സ്ഥാനത്താണിത്. പച്ചക്കറി വിലയില്‍ ഒരു വര്‍ഷത്തിനുശേഷമാണ് ഇടിവുണ്ടാകുന്നത്. പഞ്ചസാരയുടെയും ധാന്യങ്ങളുടെയും വിലക്കയറ്റവും കുറഞ്ഞിട്ടുണ്ട്.

 

Comments

comments

Categories: Business & Economy
Tags: inflation