ആര്‍ബിഐ 200 ഓളം നിഷ്‌ക്രിയാസ്തി എക്കൗണ്ടുകള്‍ പരിശോധിക്കുന്നു

ആര്‍ബിഐ 200 ഓളം നിഷ്‌ക്രിയാസ്തി എക്കൗണ്ടുകള്‍ പരിശോധിക്കുന്നു

മുംബൈ: 200 ഓളം നിഷ്‌ക്രിയാസ്തി എക്കൗണ്ടുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ( ആര്‍ബിഐ) പരിശോധിക്കുന്നു. 2011 മുതലുള്ള എക്കൗണ്ടുകളാണ് ബാങ്ക് ബുക്കുകളുടെ വാര്‍ഷിക പരിശോധനയുടെ ഭാഗമായി നിരീക്ഷണത്തിന് വിധേയമാക്കുന്നത്. വീഡിയോകോണ്‍, എസ്സാര്‍ സ്റ്റീല്‍, എബിജി ഷിപ്പിയാര്‍ഡ്, ഭുഷന്‍ സ്റ്റീല്‍, മോണറ്റ് ഇസ്പാറ്റ് എന്നീ കമ്പനികളുടെ അക്കൗണ്ടുകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വായ്പ തിരിച്ചടയ്ക്കല്‍ രേഖകള്‍, വിഭാഗീകരണം, നീക്കിയിരുപ്പ്, വായ്പാ പുനഃക്രമീകരണം തുടങ്ങിയവ ശരിയായ രീതിയില്‍ നടപടിക്രമങ്ങള്‍ പാലിച്ചാണോ നടന്നതെന്ന് കേന്ദ്ര ബാങ്ക് പരിശോധിക്കുമെന്ന്് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
വലിയ കിട്ടാക്കട എക്കൗണ്ടുകള്‍ക്കായുള്ള നീക്കിയിരുപ്പ് സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ ആര്‍ബിഐ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധനയുടെ അടിസ്ഥാനത്തില്‍ നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ലെന്നു കണ്ടെത്തിയാല്‍ ആര്‍ബിഐ നടപടിയെടുക്കുമോ എന്നത് വ്യക്തമല്ല.

2,000 കോടിക്ക് മുകളിലുള്ള നിഷ്‌ക്രിയാസ്തികള്‍ക്കായുള്ള പരിഹാര പദ്ധതി ഓഗസ്റ്റ് 27 ന് മുമ്പ് സമര്‍പ്പിക്കണമെന്നാണ് ആര്‍ബിഐ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ബാങ്ക് ബുക്കുകള്‍ വിശദമായി പരിശോധിക്കുന്നത്. നിശ്ചിത സമയത്തിനുള്ളില്‍ പരിഹാര പദ്ധതികള്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഈ എക്കൗണ്ടുകളെ പാപ്പരത്ത നടപടികള്‍ക്ക് വിധേയമാക്കുന്നതിനായി നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിന് (എന്ഡസിഎല്‍ടി) ശുപാര്‍ശ ചെയ്യും.

കെയര്‍ റേറ്റിംഗ്‌സ് പ്രകാരം ജൂണ്‍ പാദത്തില്‍ നിഷ്‌ക്രിയാസ്തി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് താരതമ്യേന കുറഞ്ഞ തോതിലാണ് വര്‍ധിച്ചിട്ടുള്ളത്. ജൂണ്‍ പാദം അവസാനത്തില്‍ 8.71 ലക്ഷം കോടിയായിരുന്നു നിഷ്‌ക്രിയാസ്തി. സ്വകാര്യ മേഖലാ ബാങ്കുകളില്‍ 1.29 ലക്ഷം കോടി രൂപയുടെയും പൊതുമേഖലാ ബാങ്കുകളില്‍ 7.42 ലക്ഷം കോടി രൂപയുടെയും നിഷ്‌ക്രിയാസ്തി ഉണ്ടെന്നാണ് കണക്കാക്കുന്നത്.

Comments

comments

Categories: FK News