രാജ്യത്ത് മെച്ചപ്പെട്ട ജീവിത സാഹചര്യമുള്ള നഗരം പുനെ

രാജ്യത്ത് മെച്ചപ്പെട്ട ജീവിത സാഹചര്യമുള്ള നഗരം പുനെ

ന്യൂഡെല്‍ഹി: രാജ്യത്തെ 111 നഗരങ്ങളെ ഉള്‍പ്പെടുത്തിയ ‘ഈസ് ഓഫ് ലിവിംഗ്’ സൂചികയില്‍ പൂനെ ഒന്നാമത്. രാജ്യ തലസ്ഥാനമായ ഡെല്‍ഹി സൂചികയില്‍ 65-ാം സ്ഥാനത്താണ് ഇടം നേടിയിട്ടുള്ളത്. കേന്ദ്ര നഗരകാര്യ മന്ത്രാലയമാണ് രാജ്യത്തെ നഗരങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ വിലയിരുത്തികൊണ്ടുള്ള സൂചിക തയാറാക്കിയത്. ഇതുവഴി ദേശീയ-ആഗോള നിലവാരത്തിനൊപ്പം ജീവിത സാഹചര്യം ഉയര്‍ത്തുന്നതിന് നഗരങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം.

ഭരണ നിര്‍വഹണം, സാമൂഹികം, സാമ്പത്തികം, അടിസ്ഥാനസൗകര്യം എന്നീ നാല് ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് നഗരങ്ങളെ റാങ്ക് ചെയ്തിട്ടുള്ളത്. ഇതിനായി മൊത്തം 78 സൂചകങ്ങളെ വിലയിരുത്തിയശേഷമാണ് റാങ്കിംഗ് നിശ്ചയിച്ചിട്ടുള്ളതെന്ന് കേന്ദ്ര നഗര വികസന വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പൂരി പറഞ്ഞു. ന്യൂഡെല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ‘ഈസ് ഓഫ് ലിവിംഗ്’ സൂചിക അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വച്ഛ് സര്‍വേക്ഷണ്‍-2019 പദ്ധതിയും ഇതോടൊപ്പം മന്ത്രി ഉദ്ഘാടനം ചെയ്തിട്ടുണ്ട്.

നവി മുംബൈയാണ് മികച്ച ജീവിത സാഹചര്യമുള്ള നഗരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. ഗ്രേറ്റര്‍ മുംബൈയാണ് മികച്ച ജീവിത സാഹചര്യമുള്ള മൂന്നാമത്തെ നഗരം. ത്രിപുടി, ചണ്ഡീഗഢ്, താനെ, റായ്പ്പൂര്‍, ഇന്‍ഡോര്‍, വിജയവാഡ, ഭോപ്പാല്‍ എന്നിവയാണ് തൊട്ടുപുറകില്‍ ഇടംപിടിച്ചിട്ടുള്ള മറ്റ് നഗരങ്ങള്‍. മഹാരാഷ്ട്രയില്‍ നിന്നുള്ള നാല് നഗരങ്ങളാണ് പട്ടികയിലെ ആദ്യ പത്തില്‍ ഇടം നേടിയിട്ടുള്ളത്. ഉത്തര്‍പ്രദേശിലെ റാംപൂര്‍ റാങ്കിംഗില്‍ ഏറെ പിന്നിലാണ്.

നിരവധി വലിയ നഗരങ്ങളുള്ള യുപി, പശ്ചിമബംഗാള്‍, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഒരു നഗരവും പട്ടികയില്‍ ആദ്യ പത്തില്‍ ഇടം നേടിയിട്ടില്ല. ചെന്നൈ 14-ാം സ്ഥാനത്താണുള്ളത്. മെട്രോ നഗരമായ കൊല്‍ക്കത്ത റാങ്കിംഗില്‍ പങ്കെടുത്തിട്ടില്ല. ആരോഗ്യ വിഭാഗത്തില്‍ ഏറ്റവും പിന്നിലാണ് ഡെല്‍ഹി. ഭരണ നിര്‍വഹണത്തില്‍ ഡെല്‍ഹി 19-ാം സ്ഥാനത്തും വിദ്യാഭ്യാസ രംഗത്ത് 59-ാം സ്ഥാനത്തും ഇടം നേടി. ഭരണ നിര്‍വഹണം, സാമൂഹികം, സാമ്പത്തികം, അടിസ്ഥാനസൗകര്യം എന്നീ നാല് ഘടകങ്ങളില്‍ 100ല്‍ 33.18 ആണ് ഡെല്‍ഹിയുടെ സ്‌കോര്‍.
കേരളത്തില്‍ നിന്നും കൊച്ചി 45-ാം സ്ഥാനത്തും തിരുവനന്തപുരം 71-ാം സ്ഥാനത്തും ഇടം നേടി. സുരക്ഷാ വിഭാഗത്തില്‍ 105-ാം റാങ്കാണ് കൊച്ചിക്കുള്ളത്. തിരുവനന്തപുരം 99-ാം സ്ഥാനത്തും നിലയുറപ്പിച്ചു. ഭരണ നിര്‍വഹണത്തില്‍ കൊച്ചി ആറാം സ്ഥാനത്തും തിരുവനന്തപുരം ഏഴാം സ്ഥാനത്തുമാണുള്ളത്.

Comments

comments

Categories: More
Tags: pune