ദക്ഷിണ കൊറിയയില്‍ തൊഴിലാളികള്‍ക്ക് ഇനി വിശ്രമം ആവോളം

ദക്ഷിണ കൊറിയയില്‍ തൊഴിലാളികള്‍ക്ക് ഇനി വിശ്രമം ആവോളം

ലോകത്തെ കരുത്തുറ്റ സമ്പദ്‌വ്യവസ്ഥയുള്ള അപൂര്‍വം രാജ്യങ്ങളിലൊന്നാണു ദക്ഷിണ കൊറിയ. സാംസങ്ങിനെയും, എല്‍ജിയെയും, ഹ്യുണ്ടായിയെയും ലോകത്തിനു സമ്മാനിച്ചവരാണു ദക്ഷിണ കൊറിയക്കാര്‍. 1950-കളുടെ ആരംഭത്തിലുണ്ടായ യുദ്ധം ദക്ഷിണ കൊറിയയ്ക്കു സമ്മാനിച്ചത് നാശമാണ്. എന്നാല്‍ ആ രാജ്യം അഭൂതപൂര്‍വമായ വേഗത്തില്‍ വ്യാവസായിക പുരോഗതി കൈവരിച്ചു. കഠിനാദ്ധ്വാനത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. തൊഴില്‍ രംഗത്ത് അവര്‍ 24 മണിക്കൂറും കര്‍മനിരതരായി. എന്നാല്‍ അമിതമായ അദ്ധ്വാനം അവര്‍ക്ക് സാമൂഹിക രംഗത്ത് തിരിച്ചടിയായി. ഉത്പാദനക്ഷമത കൈവരിക്കാനും അതുവഴി ജീവിത നിലവാരം മെച്ചപ്പെടുത്താനുമുള്ള ശ്രമത്തിന്റെ ഭാഗമായി ദക്ഷിണ കൊറിയയില്‍ ജോലി സമയം ആഴ്ചയില്‍ 68 മണിക്കൂറില്‍നിന്നും 52 മണിക്കൂറായി വെട്ടിച്ചുരുക്കിയിരിക്കുകയാണ്.

 

ഏഷ്യയില്‍, ഏറ്റവും ദൈര്‍ഘ്യമേറിയ ജോലി സമയമുള്ള ഏതാനും രാജ്യങ്ങളിലൊന്നാണു ദക്ഷിണ കൊറിയ. ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോഓപറേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റ് (ഒഇസിഡി) എന്ന സംഘടനയില്‍ അംഗമാണു ദക്ഷിണ കൊറിയ. ഈ സംഘടനയില്‍, കൂടുതല്‍ ദൈര്‍ഘ്യമേറിയ ജോലി സമയത്തിന്റെ കാര്യത്തില്‍ മെക്‌സിക്കോ കഴിഞ്ഞാല്‍ ദക്ഷിണ കൊറിയയാണ് രണ്ടാം സ്ഥാനമലങ്കരിക്കുന്നത്. ദക്ഷിണ കൊറിയയില്‍ പോയ വര്‍ഷം ഒരു വ്യക്തി ഒരാഴ്ച്ചയില്‍ ജോലി ചെയ്ത ശരാശരി സമയം 38.9 മണിക്കൂറാണ്. 2016-ല്‍ ദക്ഷിണ കൊറിയക്കാര്‍ ഒരു വര്‍ഷം ജോലി ചെയ്ത ശരാശരി സമയം 2,069 മണിക്കൂര്‍.വികസിത രാജ്യമാണു ദക്ഷിണ കൊറിയ. എന്നാല്‍ കുറഞ്ഞ ജനനനിരക്ക് പോലുള്ള സാമൂഹിക പ്രതിസന്ധികളും അവിടെയുണ്ട്. ലോകത്തില്‍ വച്ചേറ്റവും കുറഞ്ഞ ജനനനിരക്ക് ഉള്ള രാജ്യമാണു ദക്ഷിണ കൊറിയയെന്ന് ലോക ബാങ്ക് കണക്ക് സൂചിപ്പിക്കുന്നു. ഒഇസിഡിയുടെ കണക്ക്പ്രകാരം വികസിത രാജ്യമായ യുഎസിനേക്കാള്‍ 300 മണിക്കൂര്‍ അധികം ജോലി ചെയ്യുന്നുണ്ട് ദക്ഷിണ കൊറിയ. എന്നാല്‍ ഇത്തരത്തില്‍ അധിക സമയം ജോലി ചെയ്തിട്ടും അതിന്റെ ഫലം ഉത്പാദനക്ഷമതയില്‍ ദൃശ്യമായില്ല.

24 മണിക്കൂറും കര്‍മനിരതമായൊരു രാജ്യം

365 ദിവസവും 24 മണിക്കൂറും കര്‍മനിരതമായ തൊഴിലാളികളുള്ള രാജ്യമാണ് ദക്ഷിണ കൊറിയ. അവിടത്തെ തൊഴില്‍ മേഖല വളരെ കുപ്രസിദ്ധമാണ്. എന്നാല്‍ തൊഴിലിനോടുള്ള അര്‍പ്പണ മനോഭാവം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പുരോഗതിയിലേക്കു നയിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുകയും ചെയ്തു.1960-കളിലാണ് ദക്ഷിണ കൊറിയയുടെ സമ്പദ്‌വ്യവസ്ഥ അതിവേഗം വികസിച്ചത്. 1950-53 കൊറിയന്‍ യുദ്ധം സമ്മാനിച്ച കെടുതിയില്‍നിന്ന്, ഇന്ന് ലോകത്തെ 12-ാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ദക്ഷിണകൊറിയ മാറി. സാംസങ്, ഹ്യുണ്ടായ്, എല്‍ജി എന്നീ ലോകം അറിയുന്ന വ്യവസായ ഭീമന്മാരെ സൃഷ്ടിച്ചതും ഈ രാജ്യമാണ്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ദക്ഷിണ കൊറിയയ്ക്ക് അഭിമാനക്കാവുന്ന വളര്‍ച്ച സമ്മാനിച്ചതും തൊഴില്‍രംഗത്ത് പ്രകടിപ്പിച്ച കഠിനാദ്ധ്വാനമാണ്. പക്ഷേ ഈ നേട്ടങ്ങളെല്ലാം കൈവരിച്ചത് തൊഴിലാളികള്‍ അവരുടെ വിനോദ വേളകള്‍ അല്ലെങ്കില്‍ ഒഴിവ് സമയം ത്യജിച്ചതു കൊണ്ടായിരുന്നെന്നതു മറ്റൊരു യാഥാര്‍ഥ്യമാണ്. അതേസമയം ഇത്തരത്തില്‍ കഠിനമായ തൊഴില്‍ സാഹചര്യം പരിതാപകരമായ സാമൂഹിക പ്രശ്‌നങ്ങള്‍ക്കും കാരണമായി തീര്‍ന്നിട്ടുണ്ട്. ജനനനിരക്ക് താഴ്ന്നതും, ഉത്പാദനക്ഷമത താഴേക്കെത്തിയതും ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നു ദക്ഷിണ കൊറിയയ്ക്ക്. സ്റ്റാന്‍ഫോഡ് സര്‍വകലാശാലയിലെ ഗവേഷകരുടെ അഭിപ്രായത്തില്‍, ആഴ്ചയില്‍ 50 മണിക്കൂറിലേറെ തൊഴില്‍ ചെയ്യുന്നത് ഉത്പാദനക്ഷമത കുറയ്ക്കാനിടയാക്കുമെന്നാണ്.

ജോലി സമയം 68 മണിക്കൂറില്‍നിന്നും 52 മണിക്കൂറായി ചുരുക്കി

ഈ വര്‍ഷം ജുലൈ ഒന്ന് മുതല്‍ ദക്ഷിണ കൊറിയയില്‍ ജോലി സമയം ആഴ്ചയില്‍ 68 മണിക്കൂര്‍ എന്നതില്‍നിന്നും 52 മണിക്കൂറായി ചുരുക്കാന്‍ തീരുമാനിച്ചു. ആഴ്ചയിലെ 52 മണിക്കൂറില്‍ 40 മണിക്കൂര്‍ റെഗുലര്‍ വര്‍ക്കും 12 മണിക്കൂര്‍ ഓവര്‍ടൈം വര്‍ക്കുമാണ്. 300-ലധികം തൊഴിലാളികളുള്ള കമ്പനികള്‍, പൊതുസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവടങ്ങളിലാണു നിയമം ആദ്യമായി നടപ്പിലാക്കാന്‍ നിര്‍ദേശം നല്‍കിയത്. ഈ നിയമം ലംഘിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം കഠിന തടവോ 14,000 പൗണ്ട് പിഴയോ അടയ്ക്കണമെന്നു വ്യവസ്ഥ ചെയ്യുന്നുണ്ട്. ആരോഗ്യരംഗം, ഗതാഗതം ഉള്‍പ്പെടെ അഞ്ച് മേഖലകളെ ഈ നിയമത്തില്‍നിന്നും ഒഴിവാക്കിയിട്ടുമുണ്ട്. അതു പോലെ ചെറുകിട സ്ഥാപനങ്ങള്‍ക്കും ഈ നിയമത്തില്‍ 2020 വരെ ഇളവ് നല്‍കിയിട്ടുണ്ട്. ഈ നയം പ്രസിഡന്റ് മൂണിനെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്. നയം നടപ്പിലാക്കുന്നതിലൂടെ കൂടുതല്‍ തൊഴില്‍, കൂടുതല്‍ കാര്യക്ഷമത, കൂടുതല്‍ കുട്ടികള്‍ എന്ന ലക്ഷ്യം ദക്ഷിണ കൊറിയയ്ക്കു കൈവരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കണക്കുകൂട്ടുന്നുണ്ട്. ഈ വര്‍ഷം ഫെബ്രുവരിയിലാണു ദക്ഷിണ കൊറിയയുടെ പാര്‍ലമെന്റില്‍ തൊഴില്‍ രംഗത്തെ പരിഷ്‌കാരം നിര്‍ദേശിച്ചു കൊണ്ടുള്ള ബില്‍ പാസാക്കിയത്.

പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ വാഗ്ദാനം നിറവേറ്റി

കഴിഞ്ഞ വര്‍ഷം അധികാരത്തിലേറിയ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍, ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനമായിരുന്നു മെച്ചപ്പെട്ട തൊഴില്‍ ജീവിതം. ഇപ്പോള്‍ തൊഴില്‍ രംഗത്ത് നടപ്പിലാക്കിയ പരിഷ്‌കാരത്തിലൂടെ അദ്ദേഹം വാഗ്ദാനം നിറവേറ്റിയിരിക്കുകയാണ്. തൊഴില്‍ സമയം 52 മണിക്കൂറായി ചുരുക്കിയതു മാത്രമല്ല, അദ്ദേഹം ഈ വര്‍ഷം ആദ്യം തൊഴിലാളികളുടെ വേതനം 16 ശതമാനമായി ഉയര്‍ത്തിയിരുന്നു. 2000-ത്തിനു ശേഷം രാജ്യത്തുണ്ടായ വലിയ വേതന വര്‍ധനയാണിത്.

തൊഴിലാളി വര്‍ഗത്തിന് തിരിച്ചടി

തൊഴില്‍ രംഗത്തെ പരിഷ്‌കാരം, ഗുണകരമാണെന്ന് പൊതുവേ വിലയിരുത്തപ്പെട്ടെങ്കിലും തൊഴിലാളി വര്‍ഗത്തിന് തിരിച്ചടിയായെന്നു പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സിവില്‍ സര്‍വന്റുമാര്‍ക്കും, ഉയര്‍ന്ന വരുമാനമുള്ള തൊഴിലിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്കും പുതിയ നിയമം ഗുണകരമാണെങ്കിലും താഴെതട്ടിലുള്ളവര്‍ക്കു യാതൊരു പ്രയോജനവും ചെയ്യുന്നില്ലെന്നാണു കണ്ടെത്തിയിരിക്കുന്നത്. ജോലി സമയം ചുരുക്കിയതിനു ശേഷം പലര്‍ക്കും രണ്ടാമതൊരു ജോലി കണ്ടുപിടിക്കേണ്ട അവസ്ഥയായി.

Comments

comments

Categories: FK News
Tags: North Korea