സംരംഭകത്വ സൗഹൃദ പദ്ധതികളുമായി ഐഒബി

സംരംഭകത്വ സൗഹൃദ പദ്ധതികളുമായി ഐഒബി

നീണ്ട 81 വര്‍ഷത്തെ പ്രവര്‍ത്ത പാരമ്പര്യവുമായി സംസ്ഥാന ബാങ്കിംഗ് മേഖലയില്‍ സമൂലമായൊരു ഉടച്ചു വാര്‍ക്കലിന് ഒരുങ്ങുകയാണ് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലായി രണ്ട് റീജണല്‍ ഓഫീസുകള്‍ ഉള്ള ബാങ്ക് ഈ സാമ്പത്തിക വര്‍ഷത്തില്‍ പ്രവര്‍ത്തന വിപുലീകരണത്തിന് ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി റീട്ടെയ്ല്‍ മാര്‍ട്ട് എന്ന നൂതന ആശയത്തിലൂടെ ബാങ്കിംഗ് നടപടികള്‍ കൂടുതല്‍ സുതാര്യമാകും. ഉപഭോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കുക, നിലവിലെ ബ്രാഞ്ചുകളുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തുക അതോടൊപ്പം കൂടുതല്‍ ബ്രാഞ്ചുകള്‍ ആരംഭിക്കുക, സംരംഭകത്വത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് വായ്പകള്‍ അനുവദിക്കുക തുടങ്ങിയ അനേകം പദ്ധതികളാണ് ഈ സാമ്പത്തികവര്‍ഷത്തില്‍ ബാങ്ക് വിഭാവനം ചെയുന്നത്.എറണാകുളം റീജണില്‍ നിന്ന് മാത്രം 2018 19 സാമ്പത്തികവര്‍ഷം 25 ശതമാനം വളര്‍ച്ചയാണ് ബാങ്ക് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിനെ ജനകീയമാക്കുന്ന പദ്ധതികളെ പറ്റിയും ബാങ്കിന്റെ ഭാവി വികസനത്തെ പറ്റിയും എറണാകുളം റീജണല്‍ ഓഫീസ് ചീഫ് ജനറല്‍ മാനേജര്‍ എം നാരായണന്‍ നായര്‍ ഫ്യൂച്ചര്‍ കേരളയോട്…

മത്സരാധിഷ്ഠിതമായി മുന്നേറുന്ന ബാങ്കിംഗ് രംഗത്ത് എങ്ങനെയാണ് ഐഒബി തന്റേതായ സ്ഥാനം ഉറപ്പിക്കുന്നത്?

81 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള സ്ഥാപനമാണ് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്. ഇന്ത്യക്കകത്തും പുറത്തുമുള്ള ഉപഭോക്താക്കളെ സംതൃപ്തരായി സംരക്ഷിക്കുന്നതിന് എന്നും ഐഒബിയെ സഹായിച്ചിട്ടുള്ള ഘടകം മികച്ച ഉപഭോക്തൃ സേവനം തന്നെയായിരുന്നു. ഞങ്ങളുടെ എതിരാളികളുടെ കരുത്തിനെ പറ്റി ഞാന്‍ ഒരിക്കലും ആകുലപ്പെട്ടിട്ടില്ല. നമ്മള്‍ നല്‍കുന്നത് മികച്ച സര്‍വീസ് ആണ് എങ്കില്‍ ഉപഭോക്താക്കള്‍ നമ്മെ തേടി വരും എന്ന വിശ്വാസം ബാങ്കിനുണ്ടായിരുന്നു. അതിനാല്‍ തുടക്കം മുതലുള്ള പ്രവര്‍ത്തനങ്ങള്‍ ആ നിലക്കായിരുന്നു.കാലം മാറുന്നതിനനുസരിച്ച് സാങ്കേതികവിദ്യയില്‍ പലവിധ മാറ്റങ്ങള്‍ ഉണ്ടാകുന്നു. ഈ മാറ്റങ്ങളെ ഉള്‍ക്കൊണ്ട് ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായ സേവനങ്ങള്‍ ഒരുക്കുന്നതില്‍ ഐഒബി ശ്രദ്ധ പുലര്‍ത്തി. ഡിജിറ്റല്‍ രംഗത്ത് ബാങ്ക് ഏറെ മുന്നേറിയതിനുള്ള ഒരു പ്രധാന കാരണം ഇതാണ്. മാത്രമല്ല, വായ്പകള്‍ അനുവദിക്കുന്നതില്‍ ബാങ്ക് മൃദു സമീപനമാണ് സ്വീകരിച്ചത്. സമൂഹത്തിന്റെ പല ശ്രേണിയില്‍ പെട്ട ആളുകള്‍ക്കും വായ്പ ലഭ്യമാക്കുകയും സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇതിലൂടെ ജനങ്ങള്‍ക്ക് ഇടയിലേക്ക് കൂടുതല്‍ എളുപ്പത്തില്‍ ചെന്നെത്താന്‍ ഐഒബിക്കായി

വായ്പകള്‍ക്ക് ബാങ്ക് ഏറെ പ്രാധാന്യം നല്‍കുന്നുണ്ടെന്ന് പറഞ്ഞല്ലോ, ഏതെല്ലാമാണ് ബാങ്കിന്റെ പ്രധാന വായ്പ പദ്ധതികള്‍ ?

റീട്ടെയ്ല്‍ വായ്പകള്‍, കര്‍ഷക വായ്പകള്‍, എംഎസ്എംഎ വായ്പകള്‍ എന്നിവയ്ക്കാണ് ബാങ്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. നേരത്തെ പറഞ്ഞ പോലെ സംരംഭകത്വത്തിനു മികച്ച പ്രോത്സാഹനം നല്‍കുന്നതിനാല്‍ എംഎസ്എംഎ വായ്പകള്‍ക്കാണ് ബാങ്ക് മുന്‍തൂക്കം നല്‍കുന്നത്. ഇത്തരത്തിലുള്ള വായ്പകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ചെറുകിട വ്യവസായ ക്ലസ്റ്ററുകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. അതായത്, ഓരോ വ്യവസായവുമായി ബന്ധപ്പെട്ടാണ് ക്ലസ്റ്ററുകള്‍ ഉള്ളത്.നിലവില്‍ പ്ലൈവുഡ് വ്യവസായത്തിന് മുന്‍തൂക്കം നല്‍കിയാണ് വായ്പകള്‍ നല്‍കുന്നത്.

കണ്ണൂര്‍ ജില്ലയിലെ വളപട്ടണം വരെ ഇതിന്റെ സേവനം ലഭ്യമാണ്. ഇത്തരത്തില്‍ നല്‍കുന്ന എംഎസ്എംഎ വായ്പകള്‍ക്ക് പലിശനിരക്കില്‍ ഇളവും അനുവദിച്ചിട്ടുണ്ട്. ചെറുകിട വ്യവസായങ്ങള്‍ക്ക് വേഗത്തില്‍ വായ്പ നല്‍കുന്നതിനായി എസ്എംഇ ഈസി എന്ന സ്‌കീമും രൂപീകരിച്ചിരുന്നു.ആദ്യതവണ വായ്പയായി ഈ സ്‌കീമില്‍ 50000 രൂപയാണ് ലഭിക്കുന്നത്. കൊളാറ്ററല്‍ സെക്യൂരിറ്റി ഒന്നും തന്നെ ആവശ്യമില്ലാതെയാണ് ഈ വായ്പ ലഭ്യമാകുന്നത്. ഇത്തരത്തില്‍ 200 വായ്പകളാണ് ഒരു ബ്രാഞ്ച് നല്‍കുന്നത്.കൃത്യമായി തിരിച്ചടച്ചാല്‍ എത്ര തവണ വേണമെങ്കിലും വായ്പ എടുക്കാം.

 

ബാങ്ക് തുടക്കമിടുന്നു റീട്ടെയ്ല്‍ മാര്‍ട്ട് എന്ന പദ്ധതിയുടെ വിവരങ്ങള്‍ എന്തൊക്കെയാണ് ?

റീട്ടെയ്ല്‍ ക്രെഡിറ്റ്, എംഎസ്എംഇ, ഹൌസിംഗ് ലോണ്‍, തുടങ്ങിയ മേഖലകളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനായി രൂപം നല്‍കിയിരിക്കുന്ന വിഭാഗമാണ് റീട്ടെയ്ല്‍ മാര്‍ട്ട്. ഇതിലൂടെ വായ്പകള്‍ എളുപ്പത്തില്‍ ലഭിക്കുന്നതിനുള്ള സാഹചര്യം ഒരുങ്ങുന്നു.വായ്പ ലഭിക്കാതെ ബിസിനസ് മുടങ്ങുന്ന സാഹചര്യം ഉണ്ടാകുന്നില്ല. മാത്രമല്ല, റീട്ടെയ്ല്‍ മാര്‍ട്ടിലൂടെ കസ്റ്റമര്‍ ഡോര്‍ സ്റ്റെപ് സേവനങ്ങള്‍ ഞങ്ങള്‍ ഉറപ്പു നല്‍കുന്നു. വായ്പതേടി ബാങ്കുകള്‍ തോറും അലയുന്ന രീതിയില്‍ നിന്നും വായ്പ ഉപഭോക്താക്കളെ തേടി വീട്ടു പടിക്കലേക്ക് എത്തുന്ന രീതിക്കാണ് ഞങ്ങള്‍ തുടക്കമിടുന്നത്.

ബാങ്കിന്റെ മറ്റു വായ്പാ പദ്ധതികളുടെ വിശദാംശങ്ങള്‍ ?

ഐഒബി എല്ലാ വിഭാഗത്തില്‍ പെടുന്ന ജനങ്ങള്‍ക്കും അനുയോജ്യമായ രീതിയിലുള്ള ബാങ്കിംഗ് സേവനങ്ങള്‍ ആണ് നല്‍കുന്നത്. വായ്പയുടെ കാര്യം പറയുകയാണ് എങ്കിലും അത് തന്നെയാണ് അവസ്ഥ. സ്ത്രീകള്‍ക്കും ദുര്‍ബല വിഭാഗത്തില്‍ പെടുന്നവര്‍ക്കുമായി ബാങ്കിന്റെ ഓരോ ശാഖയും രണ്ട് വായ്പകള്‍ വീതം നല്‍കുന്നുണ്ട്.പത്തു ലക്ഷം രൂപ വരെയുള്ള വായ്പയാണ് ഇത്തരത്തില്‍ ലഭിക്കുന്നത്.ഇതിനു പുറമെ ബാങ്കിന്റെ ഭാവന വായ്പകള്‍, വാഹന വായ്പകള്‍, വ്യക്തിഗത വായ്പകള്‍ എന്നിവ വളരെ മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം മേല്‍പ്പറഞ്ഞ വായ്പകള്‍ വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു.വായ്പകള്‍ക്കായി അപേക്ഷിച്ചാല്‍ ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ വായ്പ ലഭ്യമാക്കുന്നതിനായി സാധിക്കണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഇതിന്റെ ഭാഗമായി വായ്പ അനുവദിക്കുന്നതിനുള്ള ചുരുങ്ങിയ സമയമായി 2 ദിവസം നിജപ്പെടുത്തിയിരിക്കുന്നു.

വനിതാ സംരംഭകര്‍ക്കായി പ്രത്യേക വായ്പ പദ്ധതികള്‍ എന്തെങ്കിലും പ്രാബല്യത്തില്‍ ഉണ്ടോ?

തീര്‍ച്ചയായും. 21 വയസിനും 60 വയസിനും ഇടയില്‍ പ്രായമുള്ള വനിതാ സംരംഭകര്‍ക്കായി ഐഒബി എസ്എംഎ മഹിളാ പ്ലസ് എന്ന വായ്പ പദ്ധതി നിലവില്‍ ഉണ്ട്. നിര്‍മാണം, സേവനം തുടങ്ങിയ മേഖലകളില്‍ ഉള്ള സ്ത്രീകള്‍ക്കായാണ് ഇത്തരത്തില്‍ ഒരു വായ്പ അനുവദിക്കുന്നത്.ഈ ആനുകൂല്യം പ്രൊപ്പറൈറ്റര്‍ഷിപ്പ് അടിസ്ഥാനത്തിലുള്ള ബിസിനസിനും ലഭ്യമാണ്. എന്നാല്‍ സ്ഥാപനത്തിന്റെ തലപ്പത്ത് ഒരു സ്ത്രീ ഉണ്ടാകണം എന്ന് മാത്രം. നിര്‍മാണമേഖലയ്ക്ക് വായ്പയായി രണ്ട് കോടി രൂപ വരെയും സേവന മേഖലയ്ക്ക് വായ്പയായി ഒരു കോടി രൂപ വരെയും വായ്പ ലഭിക്കും. സംസ്ഥാനത്ത് സംരംഭകത്വ രംഗത്തേക്ക് കൂടുതല്‍ വനിതകളെ ആകര്‍ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരത്തിലുള്ള വായ്പ പദ്ധതികള്‍ നടപ്പിലാക്കി വരുന്നത്

ഡിജിറ്റലൈസേഷന്റെ ഈ കാലഘട്ടത്തില്‍ ഐഒബി ഉപഭോക്തൃ സേവന രംഗത്ത് എത്രമാത്രം സജ്ജരാണ് ?

410000 ഉപഭോക്താക്കളാണ് ബാങ്കിന് എറണാകുളം ജില്ലയില്‍ മാത്രമായി ഉള്ളത്.ഇതില്‍ 50 ശതമാനത്തിനു മുകളില്‍ ആളുകളും ഡിജിറ്റല്‍ ബ്വാങ്കിംഗിലേക്ക് ചുവടു മാറിക്കഴിഞ്ഞു. മാറ്റങ്ങള്‍ക്കൊത്ത് ചലിക്കാന്‍ ബാങ്കിന് സാധിക്കുന്നുണ്ട്.അതീവ ശ്രദ്ധയോടെയാണ് ഓരോ ആപ്ലിക്കേഷനും ഡെവലപ് ചെയ്യുന്നത്.ഇത്തരം കാര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ബാങ്കിന്റെ ടെക്‌നോളജി ടീം വളരെ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.

എം പാസ്ബുക്ക് ഉപയോഗിക്കുമ്പോള്‍ ലഭിക്കുന്ന രിവാര്‍ഡ് പോയിന്റ്‌സ്, ഐഒബി രിവാര്‍ഡ്‌സ് ഡിജിറ്റല്‍ ആപ്ലിക്കേഷന്‍ വഴി ഉപയോഗിക്കാനുള്ള സൗകര്യം, ഇന്‍സ്റ്റന്റ് ആയി ബാങ്ക് അകൗണ്ട് തുറക്കാന്‍ സഹായിക്കുന്ന ഐഒബി നന്‍പന്‍, എന്നിവയുടെ സേവനം ഏറെ മികവുറ്റതാണ്. എടിഎം ലൊക്കേറ്റര്‍, ബ്രാഞ്ച് ലൊക്കേറ്റര്‍,ബാലന്‍സ് എന്‍ക്വയറി, ഇ സ്റ്റേറ്റ്‌മെന്റ് തുടങ്ങിയ സേവനങ്ങള്‍ ഇതിലൂടെ ലഭിക്കുന്നു. കടലാസ്സ് രഹിത പണമിടപാട് രീതിയിലേക്ക് എത്തിച്ചേരാനുള്ള പരിശ്രമത്തിലാണ് ഐഒബി.ഉപഭോക്താക്കള്‍ക്കായി ബാങ്ക് നല്‍കുന്ന സേവനങ്ങളെ പറ്റി മനസിലാക്കുന്നതിനായി പ്രത്യേക ഡെസ്‌ക് രൂപീകരിച്ചിരുന്നു. ഇതിനു പുറമെ ബാങ്കിന്റെ നേതൃത്വത്തില്‍ വിവിധങ്ങളായ ഫിനാന്‍ഷ്യല്‍ ലിറ്ററസി പ്രോഗ്രാമുകളും നടത്തി വരുന്നു.

Comments

comments

Categories: FK Special