ഭാരതം കുതിപ്പ് തുടരുന്നു…

ഭാരതം കുതിപ്പ് തുടരുന്നു…

തീര്‍ത്തും അനിശ്ചിതത്വം നിറഞ്ഞ ആഗോള സാമ്പത്തിക സാഹചര്യങ്ങളിലാണ് ഭാരതം സ്വാതന്ത്ര്യത്തിന്റെ 72ാം വാര്‍ഷികമാഘോഷിക്കുന്നത്. എന്നാല്‍ പ്രതീക്ഷയേകുന്ന കാര്യം വലിയ പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യന്‍ ഗ്രോത്ത് സ്‌റ്റോറി തിളങ്ങിനില്‍ക്കുന്നുവെന്നതാണ്

ഭാരതം സ്വാതന്ത്ര്യത്തിന്റെ 72ാം വാര്‍ഷികം ആഘോഷിക്കുന്നു ഇന്ന്. പാക്കിസ്ഥാനില്‍ ആഘോഷം ഇന്നലെയായിരുന്നു. വികസന സൂചികകളുടെ ഉയര്‍ച്ചതാഴ്ച്ചകള്‍ നിരവധി പിന്നിട്ടെങ്കിലും ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ശക്തമായി തുടരുന്നുണ്ട്. എന്നാല്‍ പാക്കിസ്ഥാന്‍ അതീവ സാമ്പത്തിക പ്രതിസന്ധിയുടെ വക്കിലും. ഒരു താരതമ്യത്തിലേക്ക് കടക്കുന്നതില്‍ യുക്തിയില്ലെങ്കിലും സങ്കുചിത താല്‍പ്പര്യങ്ങള്‍ക്കപ്പുറത്ത് രാഷ്ട്രത്തിന്റെ വികസനം എന്ന ആശയത്തില്‍ ശ്രദ്ധ വെച്ചതിനാലാണ് ഇന്ത്യക്ക് ഒരു പരിധി വരെയെങ്കിലും സാമ്പത്തിക കുതിപ്പുണ്ടാക്കാന്‍ സാധിച്ചത്. ഓഗസ്റ്റ് 18ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്ന ഇമ്രാന്‍ ഖാന് മുന്നിലുള്ളത് വലിയ പ്രതിസന്ധികളാണെങ്കിലും പുതിയൊരു അധ്യായത്തിന് തുടക്കമിടാന്‍ അദ്ദേഹത്തിന് സാധിക്കട്ടെ.

പ്രതിസന്ധികളും വെല്ലുവിളികളും നിരവധി ഉണ്ടെങ്കിലും ശക്തമാണ് ഇന്ത്യയുടെ സാമ്പത്തിക അടിത്തറ. ഘടനാപരമായ പരിഷ്‌കരണങ്ങള്‍ക്ക് ശേഷം വളര്‍ച്ച തിരിച്ചുപിടിക്കാന്‍ വിവിധ മേഖലകള്‍ക്ക് സാധിക്കുന്നുണ്ട്. ഉപഭോഗത്തില്‍ വര്‍ധന വരുന്നതായുള്ള കണക്കുകള്‍ മികച്ച സൂചനയാണ്. അതേസമയം ആഗോള സാമ്പത്തിക രംഗത്ത് കടുത്ത അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ടെന്നതും മറന്നുകൂടാ. മൂടിക്കെട്ടിയ ആഗോള സാമ്പത്തിക അന്തരീക്ഷത്തില്‍ ശുഭകിരണമായി തിളങ്ങി നില്‍ക്കാന്‍ ഭാരതത്തിന് സാധിക്കുമെന്നാണ് ഐഎംഎഫ്(അന്താരാഷ്ട്ര നാണ്യനിധി) ഉള്‍പ്പടെയുള്ള ആഗോള സ്ഥാപനങ്ങള്‍ വിലയിരുത്തുന്നത്. ലോകത്തിന്റെ വളര്‍ച്ചാ സ്രോതസ്സായി ഇന്ത്യ മാറുകയാണെന്നാണ് ഈ മാസം ആദ്യം പുറത്തിറക്കിയ പ്രസ്താവനയില്‍ ഐഎംഎഫ് അഭിപ്രായപ്പെട്ടത്.

2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഭാരതം 7.3 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നാണ് വിലയിരുത്തല്‍. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 7.5 ശതമാനമായി ഉയരുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥയായി ഇന്ത്യ തുടരുമെന്നതാണ് ശ്രദ്ധേയമായ കാര്യം. ചരക്കുസേവന നികുതി, പാപ്പരത്ത നിയമം പോലുള്ള സാമ്പത്തിക പരിഷ്‌കരണങ്ങള്‍ ഭാരതത്തിന്റെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുകയും ചെയ്യുന്നു. അറ്റനിഷ്‌ക്രിയ ആസ്തി പോലെ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയില്‍ വെല്ലുവിളി സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രാജ്യത്തിനാകുമെന്ന് തന്നെയാണ് നിക്ഷേപകരുടെ പ്രതീക്ഷ.

ഇന്ത്യയുടെ വളര്‍ച്ചാ കണക്കുകള്‍ ശ്രദ്ധേയമാകുന്നത് ചൈനയുടെ വളര്‍ച്ചാ മാന്ദ്യത്തിന്റെ കൂടി പശ്ചാത്തലത്തിലാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലകല്‍പ്പിക്കാത്ത സമീപനമാണെങ്കില്‍ കൂടിയും ചൈനയെ ആഗോള സാമ്പത്തിക വളര്‍ച്ചയുടെ എന്‍ജിനായാണ് നിക്ഷേപകര്‍ കണ്ടിരുന്നത്. ആ അവസ്ഥ മാറി. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സാമ്പത്തിക തിരിച്ചടി നേരിടുന്ന ചൈനയെ ട്രംപിന്റെ വ്യാപാര യുദ്ധം കൂടുതല്‍ തളര്‍ത്തുകയും ചെയ്യുന്നു. ചൈനയിലെ നിക്ഷേപ വളര്‍ച്ച റെക്കോഡ് ഇടിവാണ് രേഖപ്പെടുത്തുന്നതെന്ന് ഇന്നലെ പുറത്തിറങ്ങിയ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിവേഗത്തില്‍ വളര്‍ന്നുകൊണ്ടിരുന്ന ചൈനയ്ക്ക് കിതപ്പ് അനുഭവപ്പെടുമ്പോള്‍ ഇന്ത്യ കുതിപ്പിന്റെ സൂചനകള്‍ തന്നെയാണ് പ്രകടമാക്കുന്നത്. ഇന്ത്യയുടെയും ചൈനയുടെയും സമ്പദ് വ്യവസ്ഥകളുടെ വലുപ്പത്തില്‍ വലിയ വ്യത്യാസമുണ്ടെന്നത് വിസ്മരിക്കുന്നില്ല. എങ്കിലും ലോകത്തിന്റെ പുതിയ വളര്‍ച്ചാ എന്‍ജിനാകാനാണ് ഇന്ത്യയുടെ പുറപ്പാടെന്നുള്ള സൂചനകള്‍ പ്രകടമാണ്.

Comments

comments

Categories: Editorial, Slider