സ്വാതന്ത്ര്യത്തിന്റെ 72 വര്‍ഷങ്ങള്‍

സ്വാതന്ത്ര്യത്തിന്റെ 72 വര്‍ഷങ്ങള്‍

സ്വതന്ത്ര ഇന്ത്യയില്‍ മൂന്നാം തലമുറ ജനിച്ചു വീഴുന്ന കാലമാണിത്. ഒരിക്കലെങ്കിലും പാരതന്ത്ര്യം അനുഭവിച്ച ജനതക്കേ സ്വാതന്ത്ര്യം അതിന്റെ പൂര്‍ണതയില്‍ അനുഭവിക്കാനാവുകയുള്ളെന്ന് പറയാറുണ്ട്. പൂര്‍വിക ജനത നൂറ്റാണ്ടുകളോളം പടപൊരുതി നേടിയെടുത്ത സ്വാതന്ത്ര്യത്തിന് നാം എത്രമാത്രം വില കല്‍പ്പിക്കുന്നുണ്ട്? ചരിത്രവും വാമൊഴികളും ഗോത്രഗീതങ്ങളുമായി പൂര്‍വ തലമുറയിലെ വീരരുടെ കഥകള്‍ നമുക്ക് മുന്നിലുണ്ട്. കൈകളിലെയും കാലുകളിലെയും അടിമച്ചങ്ങലകള്‍ പൊട്ടിച്ചെറിയാന്‍ നേതാക്കള്‍ നടത്തിയ ആഹ്വാനങ്ങള്‍ ഒന്നു ചെവിയോര്‍ത്താല്‍ ഇന്നും അന്തരീക്ഷത്തില്‍ ഓളമടിക്കുന്നത് കേള്‍ക്കാം. മഹത്തായ ചരിത്ര പാരമ്പര്യങ്ങളുള്ള ഒരു രാഷ്ട്രത്തിന്റെ പൈതൃക-മാതൃകങ്ങള്‍ പേറുന്നവരെന്ന നിലക്ക്, അവക്ക് ചെവി കൊടുക്കേണ്ടത് നിസംശയം നമ്മുടെ കടമയാണ്.

 

എഴുപത്തി രണ്ടാം സ്വാതന്ത്യം കൊണ്ടാടുന്ന ഈ സുദിനത്തില്‍ രാഷ്ട്ര സ്വാതന്ത്യത്തിനായുള്ള പോരാട്ടത്തെ, മുന്നിലും പിന്നിലും അദൃശ്യമായ തട്ടകങ്ങളിലും വിദൂരസ്ഥലികളിലും നയിച്ച ലക്ഷക്കണക്കിന് ദേശാഭിമാനികളെ സ്മരിക്കാം. സ്വാതന്ത്ര്യ സമരത്തിന്റെ ബലിത്തീയില്‍ ജീവിതം വീരാഹുതി ചെയ്തവരില്‍ കുട്ടികള്‍ മുതല്‍ ഗര്‍ഭിണികള്‍ വരെ പതിനായിരങ്ങളുണ്ട്. അവരുടെ പ്രാണവായു കൂടി അലിഞ്ഞു ചേര്‍ന്ന ജീവശ്വാസമാണ് സ്വതന്ത്ര പരമാധികാര ജനതയായ നാം ഇന്ന് അകത്തേക്കെടുക്കുന്നത്. ബ്രിട്ടീഷുകാര്‍ക്കെതിരായ മഹത്തായ പോരാട്ടത്തെ കാലാകാലങ്ങളില്‍ ഔന്നത്യത്തിലേക്കുയര്‍ത്തിയ നായകരും ആബാലവൃദ്ധം ജനതയെയാകെ ആവേശം കൊള്ളിച്ച അവരുടെ വാക്കുകളുമുണ്ട്. പ്രാതിനിധ്യ സ്വഭാവത്തില്‍ പാരതന്ത്ര ഇന്ത്യയിലെ ജനതക്ക് പ്രേരണയായ മൂന്ന് പ്രസംഗങ്ങളാണ് പുനഃപരിശോധിക്കുന്നത്. എക്കാലവും നമ്മുടെ നാടിന് പ്രചോദനമായി നിലകൊള്ളുന്ന ആ വാക്കുകളുടെ സംക്ഷിപ്തം അറിയാം.

 

1917, നാസിക്, മഹാരാഷ്ട്ര

സ്വരാജ്യം എന്റെ ജന്മാവകാശമാണ്: ബാല്‍ ഗംഗാധര തിലക്

സ്വാതന്ത്ര്യ സമര ഭൂമികയെ ത്രസിപ്പിച്ച വാക്കുകള്‍. ബ്രിട്ടീഷ് മേല്‍ക്കോയ്മക്ക് വിധേയരായി അര്‍ദ്ധ സ്വാതന്ത്ര്യമനുഭവിച്ച് കുഴപ്പങ്ങളൊന്നുമുണ്ടാക്കാതെ മുന്നോട്ടു പോകാമെന്ന ആശയം ചിലര്‍ പ്രചരിപ്പിക്കാനാരംഭിച്ച കാലത്താണ് വെള്ളിടി പോലെ തിലകിന്റെ പ്രസംഗം രാജ്യത്തെയാകെ ആവേശത്തിലാക്കിയത്. പൂര്‍ണ സ്വരാജ് അഥവാ സമ്പൂര്‍ണ സ്വാതന്ത്യവാദം ശക്തമാക്കാനുള്ള പ്രേരണ, നാസിക്കില്‍ ഹോംറൂള്‍ ലീഗിന്റെ ആദ്യ വാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹം നടത്തിയ വിഖ്യാതമായ ഈ പ്രസംഗം നല്‍കുന്നു. സ്വാതന്ത്ര്യ രണമാകുന്ന നദിയുടെ ഗതി മാറ്റിയ പ്രസംഗം, ബ്രിട്ടീഷ് തടവറയില്‍ ആറ് വര്‍ഷം ചെലവഴിച്ച ശേഷം പുറത്തിറങ്ങിയതിന് പിന്നാലെ നടത്തിയതായിരുന്നു.

‘പ്രായമായ ശരീരമാണ് എന്റേതെങ്കിലും മനസ് ഇപ്പോഴും ചെറുപ്പമാണ്. ഇത്തരത്തില്‍ യുവാവെന്ന അവകാശം നഷ്ടപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇന്ന് ഞാന്‍ സംസാരിക്കാന്‍ പോകുന്ന കാര്യം ബാഹ്യരൂപത്തില്‍ യുവത്വമുള്ളതാണ്.

ആര്‍ക്കാണ് സ്വരാജ്യം (ഹോം റൂള്‍) എന്ന വാക്കിന്റെ അര്‍ത്ഥമറിയാത്തത്? ആരാണത് ആഗ്രഹിക്കാത്തത്? ഞാന്‍ നിങ്ങളുടെ വീട്ടില്‍ കയറി അടുക്കളയുടെ നിയന്ത്രണം ഏറ്റെടുക്കുന്നത് നിങ്ങള്‍ക്ക് ഇഷ്ടപ്പെടുമോ? എന്റെ വീട്ടിലെ കാര്യങ്ങള്‍ തീരുമാനിക്കാനുള്ള അവകാശം എനിക്കാണുണ്ടായിരിക്കേണ്ടത്. ഭ്രാന്തുള്ളവര്‍ക്കും കുട്ടികള്‍ക്കും മാത്രമാണ് സ്വന്തം കാര്യങ്ങള്‍ തീരുമാനിക്കാന്‍ അറിയാത്തത്. നമ്മോട് പറഞ്ഞിരിക്കുന്നത്, നാം സ്വയംഭരണത്തിന് കെല്‍പ്പുള്ളവരല്ല എന്നാണ്. നൂറ്റാണ്ട് നീണ്ട ബ്രിട്ടീഷ് ഭരണവും നമ്മെ സ്വയംഭരണത്തിന് പ്രാപ്തരാക്കിയിട്ടില്ല; ഇനി നമുക്ക് നമ്മുടേതായ മാര്‍ഗത്തില്‍ പ്രയത്‌നം ചെയ്ത് സ്വയം ആ കഴിവ് നേടിയെടുക്കാം.

ബെല്‍ജിയം എന്ന ചെറു രാജ്യത്തെ സംരക്ഷിക്കാന്‍ ബ്രിട്ടണ്‍ ഇന്ത്യയുടെ സഹായം ഉപയോഗിക്കുന്നു. നമുക്ക് സ്വരാജ്യത്തിന് അര്‍ഹതയില്ലെന്ന് ഈ സാഹചര്യത്തില്‍ എങ്ങനെ അവര്‍ക്ക് പറയാനാവും? നമ്മോട് പ്രശ്‌നമുണ്ടാക്കുന്നവര്‍ ദുരാഗ്രഹികളായ മനുഷ്യരാണ്. മറ്റൊന്നിനെക്കുറഇച്ചും ചിന്തിക്കാതെ നമ്മുടെ രാഷ്ട്രത്തിന്റെ ആത്മാവിനെ സംരക്ഷിക്കാന്‍ നാം കഠിനാധ്വാനം ചെയ്യണം. നമ്മുടെ ജന്മാവകാശം; അതിന് കാവലാളായിരിക്കുക എന്നത് തന്നെയാണ് നമ്മുടെ രാഷ്ട്രത്തെ സംബന്ധിച്ച് ഹിതകരം. സ്വയംഭരണം സംബന്ധിച്ച പ്രമേയം കോണ്‍ഗ്രസ് പാസാക്കിക്കഴിഞ്ഞു. നമ്മുടെ പിതൃസ്ഥാനത്തുള്ള കോണ്‍ഗ്രസിന്റെ ആജ്ഞകള്‍ ശ്രീരമാചന്ദ്രനെ പേലെ നാം അനുസരിക്കണം. ഈ പ്രമേയം (സ്വരാജ്യം) നടപ്പാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം, അത് നമ്മെ മരുഭൂമിയിലേക്ക് നയിച്ചാലും ഒളിവില്‍ കഴിയേണ്ടി വന്നാലും കഷ്ടതകള്‍ അനുഭവിക്കേണ്ടി വന്നാലും മരണത്തിലേക്കു തന്നെ കൊണ്ടെത്തിച്ചാലും. എല്ലാ തരത്തിലുള്ള ഭരണഘടനാ പരവും നിയമാനുസൃതവുമായ നടപടികളിലൂടെ സ്വരാജ്യത്തിനായി നമുക്ക് പോരാടാം’

 

ഓഗസ്റ്റ് 8, 1942, ബോംബെ

ക്വിറ്റ് ഇന്ത്യ: മഹാത്മാ ഗാന്ധി

 

ഒരുപക്ഷേ വഴിതെറ്റിയേക്കുമായിരുന്ന ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് അഹിംസയുടെ ആത്മാവ് നല്‍കിയ സന്യാസിവര്യന്‍, രാഷ്ട്രപിതാവെന്ന ആലങ്കാരിക പദവിയില്‍ വിരാജിക്കുന്നത് ഏത് ആധുനിക ലോകക്രമത്തിലും നമുക്ക് അഭിമാനം പകരുന്ന കാഴ്ചയാണ്. സ്വാതന്ത്ര്യ സമരത്തെ സഹന സമരത്തിന്റെ പാതയിലൂടെ നയിച്ചതിന് ഒരു പോലെ വിമര്‍ശനവും വാഴ്ത്തുക്കളും കേട്ട ആ മഹാത്മാവിന്റെ സംഭാവനകള്‍ രാഷ്ട്രമുള്ളിടത്തോളം കാലം വിസ്മൃതിയിലേക്കാഴ്ന്നു പോകില്ലെന്നുറപ്പ്. പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടത്തിന് അറുതി കുറിക്കാനുള്ള അന്തിമ ശ്രമത്തില്‍ അദ്ദേഹം പ്രഖ്യാപിച്ച ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികള്‍ അനുഭവിച്ചു കൊണ്ടിരുന്ന ബ്രിട്ടണ് താങ്ങാവുന്നതായിരുന്നില്ല. ബോംബെയില്‍ വെച്ച് അദ്ദേഹം ചെയ്ത ക്വിറ്റ് ഇന്ത്യ പ്രസംഗം, ഇന്ത്യയുടെ സിരകളില്‍ പടര്‍ത്തിയ ആവേശം അതിരുകള്‍ ഭേദിപ്പിക്കുന്നതായിരുന്നു.

‘അധികാരത്തിന് വേണ്ടിയുള്ള ഉദ്യമമല്ല നമ്മുടേത്, മറിച്ച് സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ശുദ്ധമായ അഹിംസാ പോരാട്ടമാണ്. ഒരു സായുധ പോരാട്ടത്തില്‍ സൈനിക മേധാവികള്‍ ഏകാധിപത്യത്തിനായി അട്ടിമറികള്‍ നടത്തിക്കൊണ്ടിരിക്കും. അഹിംസയുടെ തത്വസംഹിത പേറുന്ന കോണ്‍ഗ്രസില്‍ ഏകാധിപത്യത്തിന് സ്ഥാനമില്ല. അഹിംസയുടെ പോരാളി മറ്റൊരു ദുരാഗ്രഹവും വെച്ചു പുലര്‍ത്തില്ല, രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുക മാത്രമാവും ചെയ്യുക. സ്വാതന്ത്ര്യം ലഭിച്ചാല്‍ ആര് ഭരിക്കും എന്നതിനെ കുറിച്ച് കോണ്‍ഗ്രസ് ആശങ്കപ്പെടുന്നേയില്ല. അധികാരം ലഭിക്കുമ്പോള്‍ അത് രാജ്യത്തെ ജനങ്ങള്‍ക്കുള്ളതായിരിക്കും. ആരെ വിശ്വസിച്ച് ഭരണമേല്‍പ്പിക്കണമെന്ന് അവര്‍ തീരുമാനിക്കും.

 

എന്റെ സങ്കല്‍പ്പത്തിലുള്ള ജനാധിപത്യം അഹിംസയില്‍ ആധാരിതമായിരിക്കും. എല്ലാവര്‍ക്കും തുല്യ സ്വാതന്ത്ര്യമായിരിക്കും അവിടെ ഉണ്ടായിരിക്കുക. എല്ലാവരും സ്വന്തം യജമാനന്‍മാരായിരിക്കും. ഇത്തരമൊരു ജനാധിപത്യ ക്രമം സ്ഥാപിക്കാനുള്ള പോരാട്ടത്തിലേക്കാണ് ഇന്ന് ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നത്. ഒരുതവണ ഇക്കാര്യം ബോധ്യപ്പെട്ടാല്‍ ഹിന്ദു-മുസ്ലിം എന്നെല്ലാം ചിന്തിക്കുന്നതിനുപരി നിങ്ങള്‍ ഇന്ത്യക്കാരനെന്ന് കരുതിത്തുടങ്ങുകയും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാവുകയും ചെയ്യും’

 

1944, ബര്‍മ

എനിക്ക് രക്തം തരൂ, ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കാം: സുഭാഷ് ചന്ദ്ര ബോസ്

ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും വീരനും കര്‍മകുശലനുമായ പോരാളിയാരെന്നതിന് സുഭാഷ് ചന്ദ്ര ബോസിനപ്പുറം മറ്റൊരു ഉത്തരമില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും ബോസിന്റെ നിഗൂഢമായ തിരോധാനത്തിനും ഏതാണ്ട് സമപ്രായമാണ്. ഇന്നും ഇന്ത്യന്‍ ജനതയുടെ മനസില്‍ തിരോധാനം ചെയ്യാതെ വീരോചിതമായ മന്ദഹാസത്തോടെ ബോസ് ജീവിക്കുന്നു എന്നതാണ് വാസ്തവം. ജീവന്‍ തൃണവല്‍ഗണിച്ചു കൊണ്ട് ജര്‍മനിയിലും ജപ്പാനിലും ബര്‍മയിലും റഷ്യയിലുമെല്ലാം പ്രവാസിയായി അലഞ്ഞു തിരിഞ്ഞ് മാതൃരാഷ്ട്രത്തിന്റെ മോചനത്തിനായി സായുധ പോരാട്ടം നടത്തിയ ബോസ് ബ്രിട്ടീഷുകാര്‍ക്ക് സൃഷ്ടിച്ച അസ്വസ്ഥതകള്‍ നിസാരമല്ല. ജീവിതം പോലെ തന്നെ രാജ്യത്തെ യുവജനതയെ പ്രചോദിപ്പിച്ചവയാണ് അദ്ദേഹത്തിന്റെ വാക്കുകളും. 1944 ല്‍ ബര്‍മിയില്‍ വെച്ച് അന്തിമ പോരാട്ടത്തിന് മുന്നോടിയായി ഐഎന്‍എ ഭടന്‍മാരോട് അദ്ദേഹം നടത്തിയ വിഖ്യാതമായ പ്രസംഗത്തില്‍ നടത്തിയ ആഹ്വാനം അവഗണിക്കപ്പെടാനാവുന്നതായിരുന്നില്ല.

 

‘സുഹൃത്തുക്കളേ, നാം നടത്തുന്ന സമരത്തെ ചൊല്ലി എനിക്ക് അങ്ങേയറ്റം ശുഭപ്രതീക്ഷയാണുള്ളത്. കിഴക്കന്‍ ഏഷ്യയിലെ മൂന്ന് ദശലക്ഷം ഇന്ത്യക്കാരെ മാത്രം ആശ്രയിച്ചുള്ളതല്ല എന്റെ പ്രതീക്ഷകള്‍. ഇന്ത്യയില്‍ ആഭ്യന്തരമായി ഗംഭീരമായൊരു പോരാട്ടം നടന്നുകൊണ്ടിരിക്കുന്നു. സ്വാതന്ത്ര്യം നോടിയെടുക്കാനായി പരമാവധി പീഢകള്‍ അനുഭവിക്കാനും ആത്മാഹുതി നല്‍കാനും ജനങ്ങള്‍ തയാറെടുത്തിരിക്കുന്നു. നിര്‍ഭാഗ്യവശാല്‍, 1857 ലെ മഹത്തായ പോരാട്ടത്തിന് ശേഷം നമ്മുടെ രാജ്യക്കാര്‍ നിരായുധരാണ്. എന്നാല്‍ ശത്രുക്കളാവട്ടെ പല്ല് മുതല്‍ നഖം വരെ സായുധരുമാണ്. ആധുനിക യുഗത്തില്‍ ആധുനികമായ സൈന്യവും ആയുധങ്ങളുമില്ലാത്ത ജനതക്ക് സ്വാതന്ത്ര്യം നേടിയെടുക്കുക അസാധ്യമാണ്. ഈശ്വരേച്ഛയുടെയും നിപ്പോണ്‍ സൈന്യത്തിന്റെ (ഇംപീരിയല്‍ ജാപ്പനീസ് ആര്‍മി) ദയാവായ്പിന്റെയും പിന്തുണയില്‍ സ്വാതന്ത്ര്യം നേടിയെടുക്കാനായി ഒരുമിച്ച് പൊരുതാനുള്ള അവസരം കിഴക്കന്‍ ഏഷ്യയിലെ ഇന്ത്യക്കാര്‍ക്ക് കൈവന്നിരിക്കുകയാണ്. ബ്രിട്ടീഷുകാര്‍ ഇന്ത്യക്കകത്ത് കൊണ്ടുവരാന്‍ ശ്രമിച്ച മതപരവും മറ്റു രീതികളിലുമുള്ള വിഭാഗീയതകള്‍ കിഴക്കന്‍ ഏഷ്യയിലില്ല. പോരാട്ടത്തെ പിന്തുണക്കുന്ന ഈ അനുകൂല പരതിതസ്ഥിതിയില്‍ സ്വാതന്ത്യത്തിന് വില നല്‍കാന്‍ ഇന്ത്യക്കാര്‍ സ്വയമേവ മുന്നോട്ട് വരേണ്ട സമയം ആഗതമായിരിക്കുന്നു. ‘സമഗ്രമായ പടയൊരുക്ക’ത്തിന്റെ ഭാഗമായി ആളും അര്‍ഥവും സാധന സാമഗ്രികളും ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു. ഏഷ്യ-ചൈന, ഇന്‍ഡോ-ചൈന, ജപ്പാന്‍, ഫിലിപ്പീന്‍സ്, ജാവ, ബോര്‍ണിയോ, സെലിബിസ്, സുമാത്ര, മലയ. തായ്‌ലാന്‍ഡ്, ബര്‍മ എന്നിവിടങ്ങളില്‍ നിന്നെല്ലാം സൈനികരെ നമുക്ക് ലഭ്യമായിരിക്കുന്നു. രണ്ട് സൈന്യങ്ങള്‍ തമ്മിലുള്ള യുദ്ധമല്ല എന്നത് ഓര്‍മയിരിക്കണം; ഇതൊരു സമ്പൂര്‍ണ യുദ്ധമാണ്.

സുഹൃത്തുക്കളേ, സ്വാതന്ത്ര്യ രണത്തിലെ കൂട്ടാളികളേ; എല്ലാറ്റിനുമുപരി ഇന്ന് ഞാന്‍ ഒരു കാര്യ നിങ്ങളോട് ആവശ്യപ്പെടുന്നു. എനിക്ക് രക്തം നല്‍കൂ; ശത്രുക്കള്‍ ചിന്തിയ ചോരക്ക് പകരം വീട്ടാന്‍ ചോര കൊണ്ടേ സാധിക്കൂ. സ്വാതന്ത്ര്യത്തിന്റെ വില രക്തം കൊണ്ടു മാത്രമേ വീട്ടാനാകൂ. എനിക്ക് രക്തം തരൂ, ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്യം ഉറപ്പ് നല്‍കാം’.

Comments

comments

Categories: FK Special, Slider
Tags: Independance

Related Articles