ഭൂമി ഏറ്റെടുക്കല്‍ ചട്ടങ്ങള്‍ ലഘൂകരിക്കുന്നു

ഭൂമി ഏറ്റെടുക്കല്‍ ചട്ടങ്ങള്‍ ലഘൂകരിക്കുന്നു

ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാകാത്തതിനാല്‍ 23 ദേശീയ ഹൈവേ നിര്‍മാണ പദ്ധതികളാണ് മുടങ്ങിക്കിടക്കുന്നത്

ന്യൂഡെല്‍ഹി: രാജ്യത്ത് റോഡ്, ഹൈവേ നിര്‍മാണം വേഗത്തിലാക്കാനും പൊതു തരഞ്ഞെടുപ്പിന് മുമ്പ് കൂടുതല്‍ പദ്ധതികള്‍ ആരംഭിക്കുന്നതും ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കല്‍ ചട്ടങ്ങള്‍ ലഘൂകരിക്കുന്നു. നിലവിലെ മാനദണ്ഡങ്ങള്‍ പ്രകാരം 80 ശതമാനം ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായാല്‍ മാത്രമേ ഒരു പദ്ധതിയുടെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കാനാകൂ. ഇത് 50 ശതമാനമായി കുറയ്ക്കുന്നത് പരിഗണനയില്‍ ഉണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ഇതു സംബന്ധിച്ച അന്തിമ പ്രഖ്യാപനം കേന്ദ്ര റോഡ്, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി ഉടന്‍ നടത്തും.
നിലവില്‍ റോഡ് നിര്‍മാണ പദ്ധതികളുടെ ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയകള്‍ പൂര്‍ത്തിയാകാന്‍ ഒന്നര വര്‍ഷമാണ് എടുക്കുന്നത്. പാലങ്ങള്‍, ഫ്‌ളൈ ഓവറുകള്‍ എന്നിവയ്ക്കാണ് ഏതുപദ്ധതിയിലും ഏറ്റവുമധികം സമയമെടുക്കുക. പുതിയ മാനദണ്ഡങ്ങള്‍ ഇക്കാര്യത്തില്‍ ഗുണപരമായ മാറ്റമുണ്ടാക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

‘ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, തെലങ്കാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാറില്ല. എന്നാല്‍ ഉത്തര്‍പ്രദേശ്,ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയയ്ക്ക് സമയം വളരെയധികമെടുക്കും’, കേന്ദ്രത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു.
11,000 കിലോമീറ്റര്‍ വരുന്ന 300ഓളം ദേശീയ പാതകളുടെ നിര്‍മാണം നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടുകൂടി പൂര്‍ത്തിയാക്കാനാകുമെന്നും 25,000 കിലോമീറ്ററിനുള്ള കരാര്‍ നല്‍കാനാകുമെന്നും കേന്ദ്ര റോഡ്, ഹൈവേ ഗതാഗത മന്ത്രാലയത്തിന്റെ പ്രതീക്ഷ. രാജ്യത്തെ ഏറ്റവും വലിയ ഭൂമി ഏറ്റെടുക്കല്‍ ഏജന്‍സിയാണ് നാഷണല്‍ ഹൈവേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(എന്‍എച്ച്എഐ). ഒരു വര്‍ഷം ഏകദേശം 10,000 ഹെക്റ്റര്‍ ഭൂമിയാണ് ഏറ്റെടുക്കുന്ന എന്‍എച്ച്എഐ നഷ്ടപരിഹാരമായി ഏകദേശം 10,000 കോടി രൂപ വിതരണം ചെയ്യുന്നു.
നിലവില്‍, ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാകാത്തതിനാല്‍ 23 ദേശീയ ഹൈവേ നിര്‍മാണ പദ്ധതികളാണ് മുടങ്ങിക്കിടക്കുന്നത്. ഭൂമി ഏറ്റെടുക്കല്‍ എളുപ്പമാക്കാന്‍ നടപടിക്രമങ്ങള്‍ ഡിജിറ്റല്‍വത്കരിച്ചിട്ടുണ്ട്. 6 ലക്ഷം വില്ലേജുകളിലെ റവന്യൂ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഭൂമി രാശി എന്ന പോര്‍ട്ടല്‍ വഴി ഏറ്റെടുക്കല്‍ സമയം കുറയ്ക്കാമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.

Comments

comments

Categories: FK News
Tags: Highway