ഹൈസ്ട്രീറ്റ് നേരിടുന്ന പ്രതിസന്ധി

ഹൈസ്ട്രീറ്റ് നേരിടുന്ന പ്രതിസന്ധി

 

ബ്രിട്ടന്റെ വ്യാപാര നാഡീഞരമ്പായ ഹൈസ്ട്രീറ്റിലെ റീറ്റെയ്ല്‍ഷോപ്പുകളെയെല്ലാം അടച്ചുപൂട്ടലിന്റെ വക്കിലെത്തിക്കുന്ന വസ്തുതയെന്ത്?

 

ബ്രിട്ടീഷ് കച്ചവടത്തെരുവുകളില്‍ പ്രമുഖമായ ഹൈസ്ട്രീറ്റ് ഒരു ദൂഷിതവലയത്തിലാണ് അകപ്പെട്ടിരിക്കുന്നത്. കടകളെല്ലാം അടച്ചുപൂട്ടുകയാണ്. ഇതിനു കാരണമോ ബാങ്കിംഗിലെ അപര്യാപ്തതകളും. അടുത്തെങ്ങും ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നില്ല. പ്രാദേശിക ബാങ്ക് ശാഖകള്‍ അടച്ചുപൂട്ടിയിരിക്കുന്നു. ഹൈസ്ട്രീറ്റിലെ 30,574 ചില്ലറ വ്യാപാരകേന്ദ്രങ്ങളാണ് സാമ്പത്തിക പ്രതിസന്ധി നേരിടുന്നത്. കച്ചവടം മോശമാകുന്നതിന് കാരണമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നത,് പ്രാദേശികബാങ്കുകളുടെ അഭാവമാണ്. മൂന്നിലൊന്നു ഷോപ്പുടമകളും കട പൂട്ടിപ്പോകാന്‍ താല്‍പര്യപ്പെടുന്നു. ഓണ്‍ലൈനായി കച്ചവടം മാറ്റുന്നതിനെപ്പറ്റി പലരും ഗൗരവമായി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.

ബാങ്കുകള്‍ അടച്ചു പൂട്ടിപ്പോയതോടെ ഹൈസ്ട്രീറ്റില്‍ വരുന്ന ഉപയോക്താക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞതായും അത്, പ്രാദേശിക ചില്ലറവില്‍പ്പനക്കാരെ ദോഷകരമായി ബാധിച്ചതായും നോട്ടിംഗ്ഹാം ബില്‍ഡിങ് സൊസൈറ്റി കണ്ടെത്തിയിട്ടുണ്ട്. ബാങ്ക്ശാഖ അടച്ചു കഴിഞ്ഞതില്‍പ്പിന്നെ ഹൈസ്ട്രീറ്റിലേക്കുള്ള വരവ് സ്വാഭാവികമായും കുറഞ്ഞിട്ടുണ്ടെന്ന് 36 ശതമാനം ഉപഭോക്താക്കളും വെളിപ്പെടുത്തുന്നു.

മൂന്നു വര്‍ഷത്തിനിടയില്‍ കച്ചവടത്തില്‍ വന്ന കുറവിനും ഉപഭോക്താക്കളുടെ വരവ്് ഇല്ലാതായതിനും പിന്നില്‍ പ്രാദേശിക ബാങ്ക്ശാഖയുടെ അഭാവത്തെയാണ് സര്‍വേയില്‍ പങ്കെടുത്ത 46 ശതമാനം കടയുടമകളും കുറ്റപ്പെടുത്തുന്നത്. ഇങ്ങനെ ബാങ്ക്ശാഖകള്‍ അടച്ചുപൂട്ടിയ പ്രദേശങ്ങളിലെ കടയുടമകള്‍ തങ്ങളുടെ വാര്‍ഷിക വരുമാനത്തില്‍ ശരാശരി 20 ശതമാനത്തിന്റെ കുറവുണ്ടായെന്ന് പറയുന്നു. ബ്രിട്ടീഷ് പട്ടണങ്ങളിലും നഗരങ്ങളിലും വ്യാപിച്ചു കിടക്കുന്ന സ്റ്റോറുകള്‍ക്ക് ഉടന്‍ തന്നെ താഴു വീഴുമെന്നും കൂടുതല്‍ ചില്ലറവില്‍പ്പനശാലകള്‍ അനിശ്ചിതത്വം അനുഭവിക്കുന്നുണ്ടെന്നുമാണ് കണ്ടെത്തല്‍.

ചില്ലറവ്യാപാരസ്ഥാപന ശൃംഖലകള്‍ ചെലവുകള്‍ വെട്ടിച്ചുരുക്കാനും പുതിയ തന്ത്രങ്ങള്‍ അവതരിപ്പിക്കാനും ശ്രമിക്കുന്നതു തുടരുന്നതിനിടെ,അഞ്ചു വര്‍ഷത്തിനിടെ 61,000 ഷോപ്പുകളും 50,000 റീറ്റെയില്‍ ജോലികളും ഇല്ലാതായി. ഓണ്‍ലൈന്‍ എതിരാളികളില്‍ നിന്ന് ഉയര്‍ന്ന മത്സരം, ജീവനക്കാരുടെ ഉയര്‍ന്ന പ്രതിഫലം, വര്‍ദ്ധിച്ച ബിസിനസ്സ് നിരക്കുകള്‍ എന്നിങ്ങനെ പല റീറ്റെയ്‌ലര്‍മാരുടെയും തിരിച്ചുവരവ് അസാധ്യമാകുന്ന സാഹചര്യമാണ് ബ്രിട്ടീഷ് ഹൈ സ്ട്രീറ്റില്‍ നിലവിലുള്ളത്.

ഹൈസ്ട്രീറ്റ് കടയുടമകളില്‍ വലിയൊരു വിഭാഗം പുതിയ മേച്ചില്‍പ്പുറങ്ങള്‍ തിരയുകയാണ്. ഇവരില്‍ 26 ശതമാനം പേര്‍ തങ്ങളുടെ ബിസിനസുകള്‍ പുതിയ പ്രദേശങ്ങളിലേക്കോ പരിസരപ്രദേശത്തെ വളപ്പുകളിലേക്കോ മാറ്റി സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നു. 31 ശതമാനം പേര്‍ തങ്ങളുടെ കടകള്‍ പൂട്ടി പിന്‍വാങ്ങാനും ഓണ്‍ലൈനിലേക്ക് കച്ചവടം ഒതുക്കുന്ന കാര്യവും പരിഗണിക്കുന്നു. തൊഴിലവസരങ്ങള്‍ 15 ശതമാനം കുറഞ്ഞതായി സര്‍വ്വേയില്‍ കണ്ടെത്തി.

ഷോപ്പുകളിലേക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിലും വില്‍പ്പനയും ബിസിനസ്സും വര്‍ധിപ്പിക്കുന്നതിലും ബാങ്കുകളും വായ്പാസ്ഥാപനങ്ങളും വലിയ പങ്ക് വഹിക്കുന്നുവെന്ന് നോട്ടിംഗ്ഹാം ബില്‍ഡിംഗ് സൊസൈറ്റി ബാങ്ക് ശാഖാമേധാവി ഗാരി വോമാര്‍സ്‌ലി പറയുന്നു. വിപണികേന്ദ്രങ്ങളായ ടൗണുകളുടെ കാര്യമെടുത്താല്‍ ഇതൊരു ശാശ്വതസത്യമാണ്. ബ്രിട്ടണിലെ 1500 ല്‍ അധികം പട്ടണങ്ങളില്‍ ബാങ്ക് ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, അവയെല്ലാം ആസന്നഭാവിയില്‍ പൂട്ടാനിരിക്കുകയാണ്. 2014-ലും 2017 നും ഇടയില്‍ 1,270 ബാങ്ക് ശാഖകള്‍ അടച്ചുപൂട്ടി. ഇതില്‍ 650 ശാഖകള്‍ കഴിഞ്ഞവര്‍ഷം മാത്രം അടച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്.

ബ്രിട്ടീഷ് റീറ്റെയ്ല്‍ വ്യാപാരരംഗം വലിയ തിരിച്ചടി നേരിട്ടു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഹൈസ്ട്രീറ്റില്‍ അതിന്റെ പ്രതിഫലനം പ്രത്യക്ഷമാകുന്നത്. കഴിഞ്ഞ മൂന്ന് ദശാബ്ദക്കാലത്തെ ഏറ്റവും ബുദ്ധിമുട്ടേറിയ സാഹചര്യമാണ് ചില്ലറവ്യാപാര മേഖല നേരിടുന്നത്. മേഖല അഭിമുഖീകരിക്കുന്ന നിരവധി വിഷയങ്ങളുയര്‍ത്തി മെയില്‍ സേവ് ഔവര്‍ ഹൈ സ്ട്രീറ്റ്‌സ് ക്യാംപെയ്‌നിന് ഒരുങ്ങിയിരിക്കുകയാണ് വ്യാപാരസമൂഹം. ബിസിനസ്സ് നിരക്കുകള്‍ പരിഷ്‌ക്കരിക്കല്‍, കാര്‍ പാര്‍ക്ക് ചാര്‍ജുകള്‍ വെട്ടിച്ചുരുക്കല്‍, ഇന്റര്‍നെറ്റ് റീറ്റെയിലര്‍മാര്‍ക്കു ന്യായമായ നികുതിയേര്‍പ്പെടുത്തല്‍ എന്നിവയാണ് ആവശ്യപ്പെടുന്നത്.

ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറുകളുടെ അന്ത്യവും പ്രധാന ശൃംഖലകളുടെ വരവും ചെറിയ കോര്‍പ്പറേറ്റ് ഓപ്പറേറ്റര്‍മാര്‍ക്ക് സ്ഥലം വിട്ടു കൊടുക്കാന്‍ അവസരമൊരുക്കുന്നുണ്ട്. ഷോപ്പിംഗ് സെന്ററുകളും ഹൈസ്ട്രീറ്റ്‌സും ഹ്രസ്വകാല ലീസ് വാഗ്ദാനങ്ങളുമായി രംഗത്തു വരുന്നു. ചെറിയ ബിസിനസുകള്‍ ചെയ്യാന്‍ അവസരമൊരുക്കി താല്‍ക്കാലിക ഇടങ്ങളും വിപണിയവസരങ്ങളും വന്നു ചേരുന്നു. ഭക്ഷണം, ഫാഷന്‍, സൗന്ദര്യസംരക്ഷണം എന്നീ മേഖലകളിലാണ് അവര്‍ക്ക് പെട്ടെന്ന് അവസരം ലഭിക്കുന്നത്. പഴയ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറുകള്‍ പോഡ് ഹോട്ടലുകളോ ഓഫിസുകളോ ഇതരതാമസകേന്ദ്രങ്ങളോ ആക്കി രൂപപരിണാമം വരുത്താനാകും. എങ്കിലും ഇവയെല്ലാം ചെറിയ, താല്‍ക്കാലിക മാറ്റങ്ങള്‍ മാത്രമാണ്. വന്‍ മാറ്റങ്ങള്‍ക്ക് വലിയ മൂലധനനിക്ഷേപം ആവശ്യമാണ്.

ബ്രിട്ടന്റെ ചില്ലറവില്‍പ്പന രംഗത്ത് ആരും പുതുതായി കാലൂന്നാന്‍ ധൈര്യപ്പെടുന്നില്ല. ഇപ്പോള്‍ ഉള്ളവര്‍ പോലും രംഗം വിടുന്നതിനെപ്പറ്റി ഗൗരവമായി ആലോചിക്കുന്ന സ്ഥിതിയാണ്. ഇക്കാലത്ത് ഷോപ്പിംഗും ഒരു പ്രശ്‌നമാകുന്നു. പുതുവര്‍ഷത്തില്‍ പലരും മെച്ചപ്പെട്ട തിരിച്ചുപോക്ക് പ്രതീക്ഷിച്ചിരുന്നുവെങ്കിലും പഴയതുപോലെ ആയില്ലെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ചില്ലറവില്‍പ്പനരംഗത്തിന് ദീര്‍ഘകാല മാന്ദ്യത്തെയാണ് അഭിമുഖീകരിക്കേണ്ടി വരുന്നത്.

ജീവനക്കാരുടെ വേതനം, വായ്പകള്‍, കടമെടുക്കുന്നതിനു വരുന്ന ചെലവുകള്‍ എന്നിവ മൂലം കടയുടമകള്‍ ക്ലേശിക്കുകയാണ്. ഇതിനേക്കാള്‍ വലിയ പ്രശ്‌നം ഉപഭോക്താക്കള്‍ക്ക് പണം ചെലവഴിക്കുന്നതിലുണ്ടായ ബുദ്ധിമുട്ടുകളാണ്. ഇത് ചില്ലറവ്യാപാരികള്‍ക്കു ഭീഷണിയാണെന്നു മാത്രമല്ല ഭാവിയില്‍ അവരുടെ ബിസിനസിനെപ്പറ്റി മാറി ചിന്തിക്കാനും കാരണമാകും. ചില്ലറവില്‍പ്പനക്കാര്‍ ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങാനിഷ്ടപ്പെടുന്നതു കൊണ്ടുമാത്രമല്ലിത്, നമ്മുടെ സമയവും ധനവും ചെലവഴിക്കുന്നതില്‍ വലിയ മാറ്റം വന്നു കഴിഞ്ഞിരിക്കുന്നു. സമൂഹമാധ്യമങ്ങള്‍, വിനോദം, യാത്ര, ഭക്ഷണശീലങ്ങള്‍, സാങ്കേതികവിദ്യ എന്നിവയിലെല്ലാം പണത്തിന്റെയും സമയത്തിന്റെയും ചെലവേറിയിട്ടുണ്ട്. ഒരു കാലത്ത് ഇവ നേരിട്ടു കടകളിലേക്കാണ് പോയിരുന്നത്.

ഫാഷന്‍ വില്‍പ്പനയുടെ 20 ശതമാനവും ഇന്റര്‍നെറ്റിലേക്കു മാറിക്കഴിഞ്ഞു. മദര്‍കെയര്‍, കാര്‍പ്പെറ്റ്‌റൈറ്റ്, ന്യൂ ലുക്ക്, പ്രെസ്സോ, ജാമീസ് ഇറ്റാലിയന്‍ തുടങ്ങിയവയുടെ നൂറുകണക്കിന് ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടാന്‍ തുടങ്ങിയതോടെ ചില്ലറവ്യാപാരമേഖലയില്‍ ഈ വര്‍ഷം 35,000 ത്തിലധികം ജോലികള്‍ അപ്രത്യക്ഷമായിട്ടുണ്ട്. പൗണ്ട് വേള്‍ഡിലെ 5,000 ജീവനക്കാരാണ് വഴിയാധാരമാകുന്നത്. 60,208 കെട്ടിട നിര്‍മ്മാണ സ്ഥാപനങ്ങളും 42,254 റിയല്‍ എസ്റ്റേറ്റ് ബിസിനസുകളും 31,770 ടെലികോം കമ്പനികളും പ്രതിസന്ധിയിലാണ്. ദുരിതമനുഭവിക്കുന്ന കമ്പനികളുടെ വളര്‍ച്ച മന്ദഗതിയിലായതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ചില്ലറവ്യാപാര രംഗം അനിശ്ചിതാവസ്ഥയെ അഭിമുഖീകരിക്കുകയാണ്.

ഷോപ്പിംഗ് ശീലത്തിലെ ദ്രുതഗതിയിലുള്ള മാറ്റമാണ് ആമസോണ്‍, അസോസ്, ബൂഹൂ തുടങ്ങിയ ഓണ്‍ലൈന്‍ ഷോപ്പിംഗുകളിലെ വില്‍പ്പന വര്‍ധിപ്പിക്കുന്നതും. ബ്രിട്ടീഷ് നഗരങ്ങളിലെയും പട്ടണങ്ങളിലെയും ചില്ലറ വിപണികളെ വലുതാക്കുന്നതും ഈ മൗലികമാറ്റമാണ്. കഴിഞ്ഞ ഏതാനും നാളുകളായി ചില്ലറവിപണിയില്‍ തുടര്‍ച്ചയായ തകര്‍ച്ചയാണു കാണപ്പെടുന്നത്. ഇപ്പോള്‍ ചില്ലറവില്‍പ്പനക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. കച്ചവടം കുറയുന്നതിന്റെ അപകടം അവര്‍ മനസിലാക്കുന്നു. ഹൈസ്ട്രീറ്റ്‌സില്‍ ഇന്ന് അതിവേഗം വളരുന്ന ഐസ്‌ക്രീം ഷോപ്പുകളും ചെറുകിട കച്ചവടകേന്ദ്രങ്ങളും ഇതിന്റെ സൂചനയാണ്. മാളുകളില്‍ വാച്ചുകളും സൗന്ദര്യവര്‍ധകവസ്തുക്കളും പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങി. ഇത്തരം ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ക്ക് പ്രത്യേക ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറുകളെ ആശ്രയിച്ചിരുന്നവര്‍ ഇന്ന് ഷോപ്പിംഗ് മാളുകളെ ആശ്രയിക്കാന്‍ തുടങ്ങിയിരിക്കുന്നു.

ഇംഗ്ലണ്ടിലെയും വെയില്‍സിലെയും 162 ശാഖകള്‍ അടയ്ക്കുമെന്ന് റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്‌ലണ്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂലൈ മുതല്‍ ഒകേ്റ്റാബര്‍ വരെയുള്ള കാലയളവില്‍ 49 ശാഖകള്‍ അടച്ചുപൂട്ടാന്‍ ലോയ്ഡ്‌സ് ബാങ്ക് തീരുമാനിച്ചു. നോട്ടിംഗ്ഹാം ബില്‍ഡിംഗ് സൊസൈറ്റി കഴിഞ്ഞ മാസം നടത്തിയ പഠനത്തില്‍, 2,400 ബാങ്കുകള്‍ കൂടി അടച്ചുപൂട്ടാന്‍ ഒരുങ്ങുകയാണ്. ഇതിലൂടെ 12,000 പേര്‍ക്ക് തൊഴിലവസരങ്ങള്‍ നഷ്ടമാകും. ഹൈസ്ട്രീറ്റ്‌സിനും ഷോപ്പിംഗ് സെന്ററുകള്‍ക്കും അനുയോജ്യമായ നിക്ഷേപം കണ്ടെത്താന്‍ ബുദ്ധിമുട്ടായിരിക്കും. ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറുകളുടെ അതിജീവനത്തിന് ഇത് അത്യാവശ്യമാണു താനും.

ബാങ്കിംഗ് സേവനത്തിന്റെ മൂല്യം വ്യാപിപ്പിക്കാനുള്ള പ്രചാരണത്തിന്റെ ഭാഗമായാണ് പഠനം നടത്തിയത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ പട്ടണങ്ങളിലും ഗ്രാമങ്ങളിലുമുള്ള ബാങ്ക് ശാഖകളുടെ എണ്ണം ഇരട്ടിയാക്കി. ഇന്ന് 67 ശാഖകള്‍ ഇവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. ബിസിനസ് നിരക്ക് വര്‍ദ്ധനവുകള്‍ ബാധിച്ച ചില്ലറ വ്യാപാരികളും സാങ്കേതികവിദ്യയില്‍ നിക്ഷേപിക്കാന്‍ വിമുഖത കാട്ടുകയും വിപണനത്തിലൂടെ തങ്ങളുടെ ഉപഭോക്തൃ അടിത്തറ വളര്‍ത്തുന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്നവരാണ് നഷ്ടത്തിലേക്കു വീഴുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഈ ചില്ലറ വ്യാപാരികള്‍ ഇതിനോടകം തന്നെ കടക്കെണിയില്‍ വീണവരോ സാമ്പത്തികഞെരുക്കം ബാധിക്കപ്പെട്ടവരോ ആയിരിക്കുമെന്നും പഠനത്തില്‍ നിന്നു വ്യക്തം.

ഹൈസ്ട്രീറ്റ് സംരക്ഷണത്തിനായി നടക്കുന്ന ജനകീയപ്രചാരണങ്ങള്‍ തുടരട്ടെയെന്നാണ് വോമാര്‍സ്‌ലി ആവശ്യപ്പെടുന്നത്. ഞങ്ങള്‍ അതിനു പൂര്‍ണപിന്തുണ നല്‍കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്യുന്നു. ചില്ലറ വ്യാപാരമേഖലയില്‍ കടുത്ത മല്‍സരം നടക്കുന്നുണ്ടെന്ന് അംഗീകരിക്കേണ്ടതുണ്ട്. റിയല്‍റ്റി വ്യാപാരം നഗരകേന്ദ്രങ്ങളില്‍ മാത്രം ഒതുങ്ങിയെന്നു വരില്ല.അതിനെ മികച്ച രീതിയില്‍ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയും തിരിച്ചറിയുന്നു. വിദഗ്‌ധോപദേശവും മികച്ച സേവനവും ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് അത്യന്താപേക്ഷിതമാണ്. വിവിധ സേവനങ്ങള്‍ ഒരുകുടക്കീഴില്‍ നല്‍കുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടത് ആവശ്യകതയായി തീര്‍ന്നിരിക്കുന്നു. ബ്രാഞ്ചുകള്‍ സമഗ്ര വികസനപദ്ധതികള്‍ തയാറാക്കേണ്ടതുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

 

Comments

comments

Categories: World