പരേഷിന്റെ രാജി വ്യക്തിപരമെന്ന് എച്ച്ഡിഎഫ്‌സി

പരേഷിന്റെ രാജി വ്യക്തിപരമെന്ന് എച്ച്ഡിഎഫ്‌സി

അധികാര വടംവലിയോ പിന്‍തുടര്‍ച്ചാ തര്‍ക്കങ്ങളോ ഉണ്ടായിട്ടില്ലെന്ന് ബാങ്കിന്റെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ആദിത്യ പുരി; ഊഹാപോഹങ്ങള്‍ അവസാനിപ്പിക്കണമെന്നും അഭ്യര്‍ഥന

 

മുംബൈ: എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്റ്റര്‍ പരേഷ് സുക്തന്‍കര്‍ രാജി വച്ചതിനെ തുടര്‍ന്നുള്ള ഊഹാപോഹങ്ങള്‍ക്ക് മറുപടിയുമായി ബാങ്കിന്റെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ആദിത്യ പുരി രംഗത്ത്. വ്യക്തിപരമായ കാരണങ്ങളാലാണ് പരേഷ് രാജി വച്ചതെന്നും 25 വര്‍ഷത്തോളം ഒന്നിച്ച് പ്രവര്‍ത്തിച്ച തങ്ങള്‍ തമ്മില്‍ അധികാര വടംവലിയോ പിന്‍തുടര്‍ച്ചാ തര്‍ക്കങ്ങളോ ഉണ്ടായിട്ടില്ലെന്നും ആദിത്യപുരി വ്യക്തമാക്കി. കഴിഞ്ഞയാഴ്ചയാണ് പരേഷ് എച്ച്ഡിഎഫ്‌സി ബാങ്കില്‍ നിന്ന് രാജി വച്ചൊഴിയുന്നതായി പ്രഖ്യാപിച്ചത്. ഇതുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങള്‍ക്ക,് നിക്ഷേപകരുമായി നടന്ന കൂടിക്കാഴ്ചയിലാണ് പുരി വിരാമമിട്ടത്. ബാങ്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് പദവിയിലേക്കുള്ള മല്‍സരത്തില്‍ പരേഷ് സുക്തന്‍കരും ഭാഗമായിരുന്നു. ഇതാണ് രാജി പ്രഖ്യാപനത്തെ സംബന്ധിച്ച് വിവാദങ്ങളിലേക്ക് നയിച്ചത്.

‘ആരാണ് പിന്‍ഗാമിയാകേണ്ടതെന്ന കാര്യത്തെ ചൊല്ലി യാതൊരു തര്‍ക്കവും ഉണ്ടായിട്ടില്ല. അദ്ദേഹം രാജി വെച്ചത് തീര്‍ത്തും വ്യക്തിപരമായ കാരണങ്ങളാലാണ്. ഞാന്‍ അദ്ദേഹത്തോട് ചോദിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ തന്നെ ഒഴിവാക്കണമെന്ന ആവശ്യമാണ് അദ്ദേഹം മുന്നോട്ട് വെച്ചത്. ബാങ്കിന് വേണ്ടി ജീവിതം തന്നെ ഉഴിഞ്ഞുവെച്ച മനുഷ്യനാണ് അദ്ദേഹം. ദയവായി അതിന്റെ അന്തസ്സ് കുറക്കരുത്,’ ആദിത്യ പുരി അഭിപ്രായപ്പെട്ടു. രാജ്യത്തെ ഏറ്റവും മൂല്യമേറിയ ബാങ്കിന്റെ വളര്‍ച്ചാ മുന്നേറ്റം നിലനിര്‍ത്തുന്നതിന് ഗഹനമായ ഭരണനിര്‍വഹണ നേട്ടം കമ്പനി കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം നിക്ഷേപകരോട് പറഞ്ഞു.

‘പരേഷ് കമ്പനി വിടുന്നതില്‍ അതിയായ ദുഃഖമുണ്ട്. അദ്ദേഹത്തിന് നല്ലത് വരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. പരേഷുമായി യാതൊരു അഭിപ്രായ വ്യത്യാസമോ പിന്തുര്‍ച്ചാ തര്‍ക്കങ്ങളോയില്ല. അതിനാല്‍ ഊഹാപോഹങ്ങള്‍ ദയവുചെയ്ത് അവസാനിപ്പിക്കേണ്ടതുണ്ട്,’ പുരി വ്യക്തമാക്കി. രാജി പ്രഖ്യാപിച്ചു കൊണ്ടുള്ള ഊഹാപോഹങ്ങള്‍ അവസാനിപ്പിക്കാന്‍ പരേഷും ആദിത്യ പുരിയും തമ്മില്‍ നടന്ന 25 മിനുറ്റോളം വരുന്ന ടെലിഫോണ്‍ സംഭാഷണവും ബാങ്കിന്റെ ഔദ്യോഗിക വൈബ്‌സൈറ്റില്‍ നേരത്തെ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു.

Comments

comments

Categories: Banking
Tags: HDFC