വിദേശ ഓഹരി വിപണികളില്‍ ഒഎന്‍ജിസിയെ ലിസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍

വിദേശ ഓഹരി വിപണികളില്‍ ഒഎന്‍ജിസിയെ ലിസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍

ലണ്ടന്‍, സിംഗപ്പൂര്‍ എന്നീ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലാവും രജിസ്റ്റര്‍ ചെയ്യുക; ആഗോള തലത്തില്‍ പ്രവര്‍ത്തിക്കാന്‍ സംയോജിത എണ്ണക്കമ്പനി പരിഗണനയില്‍

 

ന്യൂഡെല്‍ഹി: വിദേശ മൂലധന നിക്ഷേപം കൂടുതല്‍ ലഭ്യമാക്കാനും ആഗോള സാന്നിധ്യം ശക്തിപ്പെടുത്താനുമുള്ള ഉദ്ദേശത്തോടെ വിദേശ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ പൊതുമേഖലാ എണ്ണക്കമ്പനിയായ ഓയില്‍ ആന്‍ഡ് നാചുറല്‍ ഗ്യാസ് കോര്‍പ്പറേഷനെ (ഒഎന്‍ജിസി) ലിസ്റ്റ് ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ഊര്‍ജ, ഖനന മേഖലകളിലെ പുരോഗതി വിലയിരുത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാഴ്ച മുന്‍പ് വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് ആശയം ചര്‍ച്ച ചെയ്തതെന്ന് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ ഓഫീസിനും നിതി ആയോഗ് പ്രതിനിധികള്‍ക്കും പുറമെ വിവിധ മന്ത്രാലയങ്ങളില്‍ നിന്നുള്ള സെക്രട്ടറിമാരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. ഒഎന്‍ജിസിയുടെ വിദേശ സംരംഭമായ ഒഎന്‍ജിസി വിദേശ് ലിമിറ്റഡിലൂടെ (ഒവിഎല്‍) ആഗോള സ്വീകാര്യത ഉറപ്പാക്കുകയാണ് ലക്ഷ്യം. ലണ്ടന്‍, സിംഗപ്പൂര്‍ എന്നീ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ഏതെങ്കിലുമൊന്നിലായിരിക്കും രജിസ്റ്റര്‍ ചെയ്യുകയെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് ഒഎന്‍ജിസി ഔദ്യോഗികമായി പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല.

ബ്രസീല്‍, കൊളംബിയ, ഇറാന്‍, ഇറാഖ്, മൊസാമ്പിക്, ന്യൂസിലന്‍ഡ്, റഷ്യ, വെനസ്വേല, വിയറ്റ്‌നാം തുടങ്ങിയ 20 രാജ്യങ്ങളിലായി വിവിധ ഘട്ടങ്ങളിലുള്ള 41 ഓളം എണ്ണ-വാതക പദ്ധതികളില്‍ ഒഎന്‍ജിസി വിദേശിന് ഓഹരി പങ്കാളിത്തമുണ്ട്. ഒഎന്‍ജിസിയുടെ വാര്‍ഷിക കണക്കുകള്‍ പ്രകാരം 2016-17 കാലഘട്ടത്തില്‍ 1.06 ലക്ഷം കോടി രൂപയാണ് ആസ്തികള്‍ സ്വന്തമാക്കുന്നതിനായി ഒവിഎല്‍ ചെലവാക്കിയിട്ടുള്ളത്. ആഗോള ഭീമന്‍ കമ്പനികളായ റോയല്‍ ഡച്ച് ഷെല്‍, ബിപി എന്നിവയുമായി മത്സരിക്കുന്നത് ലക്ഷ്യമിട്ട് ഒരു സംയോജിത എണ്ണക്കമ്പനി രൂപീകരിക്കാനുള്ള പദ്ധതിയെക്കുറിച്ച് കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ ധനകാര്യമന്ത്രിയായിരുന്ന അരുണ്‍ ജയ്റ്റലി പ്രതിപാദിച്ചിരുന്നു. അപകട സാധ്യതകള്‍ നേരിടാനും ഉയര്‍ന്ന നിക്ഷേപ തീരുമാനങ്ങള്‍ എടുക്കാനും സമ്പദ് വ്യവസ്ഥക്ക് നേട്ടമുണ്ടാക്കാനും ഓഹരി പങ്കാളികള്‍ക്ക് കൂടുതല്‍ നേട്ടം സൃഷ്ടിക്കാനും സംയോജിത കമ്പനിക്ക് ശേഷിയുണ്ടാകുമെന്നാണ് ജയ്റ്റ്‌ലി പറഞ്ഞിരുന്നത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ എച്ച്പിസിഎലിനെ ഏറ്റെടുത്തിട്ട് കൂടി 3.6 ലക്ഷം കോടിയുടെ വാര്‍ഷിക വിറ്റുവരവാണ് ഒഎന്‍ജിസി നേടിയിരിക്കുന്നത്. മൂലധന സമാഹരണം വളരെ എളുപ്പമായിരിക്കുമെന്നാണ് ഇതുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്ന സൂചന. 2016-17 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ 40,953 കോടി രൂപയാണ് ഒഎല്‍വിയുടെ കടം. 2018 സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ മാതൃ സ്ഥാപനമായ ഒഎന്‍ജിസിയില്‍ നിന്ന് ഒഎല്‍വിക്ക് ആദ്യമായി 2,500 കോടി രൂപയുടെ ലോണ്‍ അനുവദിച്ചിരുന്നു.

 

Comments

comments

Categories: Business & Economy