ഇന്‍വെന്ററി മോഡല്‍ കമ്പനികളില്‍ എഫ്ഡിഐ അനുവദിക്കില്ലെന്ന് സൂചന

ഇന്‍വെന്ററി മോഡല്‍ കമ്പനികളില്‍ എഫ്ഡിഐ അനുവദിക്കില്ലെന്ന് സൂചന

 

ന്യൂഡെല്‍ഹി: ഇന്‍വെന്ററി മേഡല്‍ ഇ-കൊമേഴ്‌സിന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന്‍ (ഡിഐപിപി) നേരിട്ടുള്ള വിദേശ നിക്ഷേപ അനുമതി നല്‍കാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്. തദ്ദേശീയമായി ഉല്‍പ്പാദിപ്പിച്ച ഉല്‍പ്പന്നങ്ങള്‍ കൈവശം വെച്ചിട്ടുള്ള ഇ-കൊമേഴ്‌സ് കമ്പനികളില്‍ 49 ശതമാനം വിദേശ നിക്ഷേപത്തിന് അനുമതി നല്‍കണമെന്ന് ഇ-കൊമേഴ്‌സ് ടാസ്‌ക് ഫോഴ്‌സ് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, ഈ നിര്‍ദേശം ഡിഐപിപി അംഗീകരിക്കാന്‍ സാധ്യതയില്ലെന്നാണ് പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ട്.

നിലവില്‍ ഇ-കൊമേഴ്‌സ് കമ്പനികളില്‍ ഓട്ടോമാറ്റിക് റൂട്ട് വഴി 100 ശതമാനം പ്രത്യക്ഷ വിദേശ നിക്ഷേപത്തിന് അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍, സ്വന്തം ചരക്കു പട്ടികയുടെ അടിസ്ഥാനത്തില്‍ വില്‍പ്പന നടത്തുന്ന ഇ- കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ വിദേശ നിക്ഷേപം സാധ്യമല്ല. ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന ഭക്ഷ്യോല്‍പ്പന്നങ്ങല്‍ വില്‍ക്കുന്ന ഇ-ടെയ്‌ലര്‍മാര്‍ക്ക് ഇക്കാര്യത്തില്‍ ഇളവു നല്‍കിയിട്ടുണ്ട്.

നിലവിലെ ഇ-കൊമേഴ്‌സ് നയങ്ങള്‍ പൊളിച്ചെഴുതുന്നതിന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന് യാതൊരു പദ്ധതിയുമില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇത്തരമൊരു നയം മാറ്റത്തിനെതിരെ ഓഫ്‌ലൈന്‍ വ്യാപാരികളും ശക്തമായ എതിര്‍പ്പുന്നയിച്ചിട്ടുണ്ട്. ഇ-ടെയ്‌ലര്‍മാരും തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ കൈവശം വെക്കാന്‍ തുടങ്ങുമെന്നും വിദേശ നിക്ഷേപം ഉപയോഗിച്ച് വമ്പന്‍ ഡിസ്‌കൗണ്ട് ഓഫറുകള്‍ ഇവര്‍ നല്‍കുമെന്നുമാണ് ഓഫ്‌ലൈന്‍ വ്യാപാരികള്‍ പറയുന്നത്. എഫ്ഡിഐ നയങ്ങളുടെ ലംഘനമാണിതെന്നും അവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Comments

comments

Categories: FK News
Tags: FDI