ഹാര്‍ലി ബഹിഷ്‌കരണത്തെ പിന്തുണച്ച് ട്രംപ്

ഹാര്‍ലി ബഹിഷ്‌കരണത്തെ പിന്തുണച്ച് ട്രംപ്

പ്രമുഖ മോട്ടര്‍ സൈക്കിള്‍ നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണെതിരെയുള്ള ബഹിഷ്‌കരണ നീക്കങ്ങള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണ. നിര്‍മ്മാണ കേന്ദ്രങ്ങള്‍ അമേരിക്കയ്ക്ക് പുറത്തേക്ക് മാറ്റിയാല്‍ ഹാര്‍ലിയെ ബഹിഷ്‌കരിക്കാന്‍ രാജ്യത്തെ നിരവധി പേര്‍ പദ്ധതിയിടുന്നുണ്ടെന്നും ഇത് മികച്ച നീക്കമാണെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. കമ്പനിയുടെ ബൈക്കുകള്‍ അമേരിക്കക്കാര്‍ വാങ്ങില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഹാര്‍ലിയുടെ പ്രതിയോഗികളുള്‍പ്പടെ മറ്റ് മിക്ക കമ്പനികളും രാജ്യം ഏര്‍പ്പെടുത്തിയ നികുതികളോട് യോജിക്കുകയാണെന്നും ഇത്തരമൊരു സാഹചര്യത്തില്‍ കമ്പനിയുടെ നീക്കം തീര്‍ത്തും ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും തുല്യവും ന്യായവുമായ അവസരങ്ങളുള്ള വിപണി യുഎസില്‍ ഉടന്‍തന്നെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ആഭ്യന്തര ഉല്‍പ്പാദനത്തെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അലൂമിനിയത്തിനും സ്റ്റീലിനും തീരുവ അമേരിക്ക ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തിയതോടെയാണ് ട്രംപും ഹാര്‍ലി ഡേവിഡ്‌സണും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ക്ക് തുടക്കമായത്. ഇതിന് തിരിച്ചടിയായി യൂറോപ്യന്‍ യൂണിയനും ഇന്ത്യയുമടക്കം നിരവധി രാജ്യങ്ങള്‍ ഹാര്‍ലി മോട്ടോര്‍സൈക്കിളുകള്‍ ഉള്‍പ്പടെയുള്ള യുഎസ് ഉല്‍പ്പങ്ങള്‍ക്ക് മേല്‍ അധിക നികുതി ഏര്‍പ്പെടുത്തി. നികുതി വര്‍ധിച്ചത് കനത്ത തിരിച്ചടിയായെന്നും പ്രതി വര്‍ഷം 100 ദശലക്ഷം ഡോളറിന്റെയെങ്കിലും നഷ്ടമുണ്ടാകുമെന്നാണ് ഹാര്‍ലി പറയുന്നത്. ഈ സാഹചര്യ്തിലാണ് മോട്ടോര്‍ സൈക്കിളുകള്‍ക്ക് മേലുള്ള തീരുവ ഒഴിവാക്കാന്‍ വിദേശത്തേക്ക് തങ്ങളുടെ ചില ഉല്‍പ്പാദന കേന്ദ്രങ്ങള്‍ മാറ്റാന്‍ കമ്പനി തീരുമാനിച്ചത്. എന്നാല്‍ വിദേശത്തേക്ക് ഉല്‍പ്പാദനം മാറ്റുന്നതിനുള്ള ഒഴിവുകഴിവായി യൂറോപ്യന്‍ യൂണിയന്‍ ഏര്‍പ്പെടുത്തിയ തീരുവകളെ ഹാര്‍ലി ഡേവിഡ്‌സണ്‍ ഉപയോഗിക്കുകയാണെന്നാണ് ട്രംപ് കുറ്റപ്പെടുത്തുന്നത്.

Comments

comments

Categories: Business & Economy