വിടവാങ്ങിയത് മികച്ച പാര്‍ലമെന്റേറിയന്‍

വിടവാങ്ങിയത് മികച്ച പാര്‍ലമെന്റേറിയന്‍

സ്വന്തം പാര്‍ട്ടിയുടെ നയങ്ങള്‍ക്കതീതമായി ലോക്‌സഭാ സ്പീക്കറുടെ പദവിക്കും അന്തസിനും ചേര്‍ന്ന നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ച വ്യക്തിയെന്ന നിലയിലായിരിക്കും ഒരുപക്ഷേ സോമനാഥ് ചാറ്റര്‍ജി ഓര്‍മിക്കപ്പെടാന്‍ പോകുന്നത്. എന്നാല്‍ മാതൃസംസ്ഥാനമായ പശ്ചിമ ബംഗാളിലെ ഭൂരിഭാഗം പേരുടെയും ഓര്‍മയില്‍ സോമനാഥ് ചാറ്റര്‍ജി അറിയപ്പെടാന്‍ പോകുന്നത്, ‘ഭദ്രലോകിന്റെ’ പ്രതിനിധിയെന്ന നിലയിലായിരിക്കും. ബ്രിട്ടീഷ് കൊളോണിയല്‍ കാലത്ത് ബംഗാളില്‍ ഉയര്‍ന്നു വന്ന പുതിയ കുലീന വര്‍ഗക്കാരായവരെയാണു ഭദ്രലോക് എന്നു വിശേഷിപ്പിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിലെ അനേകം ഭദ്രലോകുകള്‍ ബ്രാഹ്മണന്‍ അല്ലെങ്കില്‍ പുരോഹിത വര്‍ഗം അല്ലെങ്കില്‍ മധ്യവര്‍ഗ വ്യാപാരി വിഭാഗത്തില്‍ നിന്നാണു വന്നത്. വിദ്യാസമ്പന്നനായ മധ്യവര്‍ഗത്തിന്റെയും ഇടത് രാഷ്ട്രീയത്തിന്റെയും പാരമ്പര്യങ്ങള്‍ കൂട്ടിച്ചേര്‍ത്തു സോമനാഥ് ചാറ്റര്‍ജി.

ഹരേന്‍ മുഖര്‍ജി, ഇന്ദ്രജിത്ത് ഗുപ്ത, സോമനാഥ് ലാഹിരി തുടങ്ങിയവര്‍ പ്രതീകവത്കരിച്ച രാഷ്ട്രീയ പാരമ്പര്യം നിലനിര്‍ത്തിയ വ്യക്തിയായിരുന്ന സോമനാഥ് ചാറ്റര്‍ജിയെന്നു സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലിം പറഞ്ഞു.

2008-ല്‍ പാര്‍ട്ടിയെ ധിക്കരിച്ചെന്ന കാരണം ചൂണ്ടിക്കാണിച്ചായിരുന്നു സോമനാഥ് ചാറ്റര്‍ജിയെ സിപിഐ എം പുറത്താക്കിയത്. എന്നാല്‍ ധിക്കാരം ചാറ്റര്‍ജിക്ക് പുതുമയുള്ള കാര്യമല്ലെന്ന് അദ്ദേഹത്തെ അടുത്ത് അറിയുന്നവര്‍ പറയും. പ്രമുഖ അഭിഭാഷകനും ഹിന്ദു മഹാസഭയുടെ സൈദ്ധാന്തികനുമായിരുന്ന നിര്‍മല്‍ ചന്ദ്ര ചാറ്റര്‍ജിയുടെ മകനായ സോമനാഥ് ഇടത് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത് പിതാവിന്റെ എതിര്‍പ്പ് സമ്പാദിച്ചു കൊണ്ടായിരുന്നു. അന്നായിരുന്നു സോമനാഥ് ആദ്യമായി ധിക്കാരം കാണിച്ചത്. പിന്നെ ഒരിക്കല്‍ കൂടി അത് 2008 ജൂലൈ 22-നായിരുന്നു. 2008 ജൂലൈ 22ന് നടന്ന വിശ്വാസവോട്ടിന് മുമ്പ് സ്പീക്കര്‍ സ്ഥാനം രാജിവെക്കണമെന്ന പാര്‍ട്ടി നിര്‍ദ്ദേശം ചാറ്റര്‍ജി തള്ളി. പാര്‍ട്ടി നിര്‍ദേശം സ്വീകരിക്കാത്തതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ജൂലൈ 23ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. അതോടെ 1968 മുതല്‍ 2008 വരെ നാല് പതിറ്റാണ്ട നീണ്ട അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതവും ഏറെക്കുറെ അവസാനിക്കുകയായിരുന്നു.
ഏതൊരു ബംഗാളിയെയും പോലെ ടാഗോറിനെയും ഫുട്‌ബോളിനെയും ചാറ്റര്‍ജി സ്‌നേഹിച്ചു. മിത്ര ഇന്‍സ്റ്റിറ്റിയൂഷനിലെ(കൊല്‍ക്കത്തയിലെ ഒരു സ്‌കൂള്‍) വിദ്യാര്‍ഥിയായിരുന്നപ്പോള്‍ ചാറ്റര്‍ജി ഫുട്‌ബോള്‍ കളിക്കുമായിരുന്നു. പിന്നീട് ഫുട്‌ബോളിന്റെ വലിയ ആരാധകനുമായി മാറി. 2002 ഫിഫ ലോകകപ്പ് മത്സരം നേരിട്ട് വീക്ഷിക്കാന്‍ അദ്ദേഹം ദക്ഷിണ കൊറിയയിലേക്ക് പോയത് ഫുട്‌ബോളിനെ നെഞ്ചോടു ചേര്‍ത്തുവച്ചതു കൊണ്ടാണ്. 1985 മുതല്‍ 2009 വരെ 24 വര്‍ഷക്കാലം ബോല്‍പ്പൂര്‍ മണ്ഡലത്തെ ലോക്‌സഭയില്‍ ചാറ്റര്‍ജി പ്രതിനിധീകരിച്ചു. 1971-ലാണ് ആദ്യമായി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ ആകെ ഒരു തവണ മാത്രമാണു പരാജയപ്പെട്ടത്. അത് ജാദവ്പൂര്‍ മണ്ഡലത്തില്‍ വച്ച് 1984-ല്‍ മമത ബാനര്‍ജിയോടായിരുന്നു.

1929-ല്‍ ആസാമിലെ തേസ്പ്പൂരിലായിരുന്നു സോമനാഥ് ചാറ്റര്‍ജിയുടെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനായി കൊല്‍ക്കത്തയിലെത്തി. അവിടെ സ്‌കൂള്‍, കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനു ശേഷം കേംബ്രിഡ്ജിലേക്ക് ബിഎ പഠിക്കാന്‍ പോയി. ഇംഗ്ലണ്ടില്‍നിന്നും നിയമബിരുദം പാസായി തിരികെയെത്തി. കല്‍ക്കത്ത ഹൈക്കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു. തുടര്‍ന്നാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. പത്ത് തവണ പാര്‍ലമെന്റംഗമായി തെരഞ്ഞെടുക്കപ്പെട്ട ചാറ്റര്‍ജി 2004-ലാണ് ലോക്‌സഭാ സ്പീക്കറായത്. Keeping the Faith: Memoirs of a Parliamentarian എന്ന പേരില്‍ അദ്ദേഹം ആത്മകഥയെഴുതിയിട്ടുണ്ട്.

Comments

comments

Categories: Current Affairs