എസ്ബിഐ രണ്ട് നിഷ്‌ക്രിയാസ്തികള്‍ വില്‍ക്കുന്നു

എസ്ബിഐ രണ്ട് നിഷ്‌ക്രിയാസ്തികള്‍ വില്‍ക്കുന്നു

വായ്പാ തിരിച്ചടവില്‍ കുടിശിക വരുത്തിയ ബോംബെ റയോണ്‍ ഫാഷന്‍ ലിമിറ്റഡ്, ശിവ്‌റാം ധാതു ഉദ്യോഗ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളാണ് എസ്ബിഐ കൈയോഴിയുന്നത്

 

മുംബൈ: 2,490 കോടി രൂപ മൂല്യമുള്ള രണ്ട് നിഷ്‌ക്രിയാസ്തികള്‍ പൊതുമേഖലാ സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വില്‍ക്കും. വായ്പാ തിരിച്ചടവില്‍ പിഴവ് വരുത്തിയ ബോംബെ റയോണ്‍ ഫാഷന്‍ ലിമിറ്റഡ്, ശിവ്‌റാം ധാതു ഉദ്യോഗ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളാണ് വില്‍ക്കുന്നത്. ബോംബെ റയോണ്‍ 2,260.79 കോടി രൂപയും ശിവ്‌റാം ധാതു ഉദ്യോഗ് 229.32 കോടി രൂപയുമാണ് ബാങ്കിന് തിരിച്ചടക്കാനുള്ളത്.

ആസ്തികളുടെ വില്‍പ്പനക്കായി ബാങ്ക്, ബിഡുകള്‍ ക്ഷണിച്ചിട്ടുണ്ട്. ആസ്തി പുനര്‍നിര്‍മാണ കമ്പനികള്‍ (എആര്‍സി), ബാങ്കുകള്‍, ബാങ്കിംഗ് ഇതര സ്ഥാപനങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവക്ക് ഈ നിഷ്‌ക്രിയാസ്തികള്‍ ഏറ്റെടുക്കുന്നതിനു വേണ്ടി മുന്നോട്ടു വരാമെന്നും എസ്ബിഐ വ്യക്തമാക്കി.

ഓഹരി നിക്ഷേപം ഒഴിച്ചുള്ളതാണ് ബോംബെ റയോണിന്റെ വായ്പാ കുടിശിക. ബിഎസ്ഇയില്‍ നിന്നുള്ള ഡാറ്റ പ്രകാരം 61.65 പൊതു ഓഹരികളാണ് ബോംബെ റയോണിനുള്ളത്. 2018 ജൂണ്‍ 30 വരെയുള്ള കണക്ക് പ്രകാരം 29.28 ശതമാനം ഓഹരികള്‍ എസ്ബിഐയുടെ പക്കല്‍ ഉണ്ട്. കമ്പനികള്‍ ഏറ്റെടുക്കാന്‍ താല്‍പ്പര്യമുള്ള എആര്‍സി, ബാങ്കുകള്‍, ബാങ്കിംഗ് ഇതര സ്ഥാപനങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവക്ക് താല്‍പ്പര്യ പത്രം സമര്‍പ്പിച്ച ശേഷം ഉടന്‍ തന്നെ ആസ്തികളുടെ മൂല്യ നിര്‍ണയം നടത്താമെന്ന് എസ്ബിഐ വ്യക്തമാക്കി. ഓഗസ്റ്റ് 20ന് ഇ-ബിഡുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ആരംഭിക്കും.

ഉയര്‍ന്ന നിഷ്‌ക്രിയാസ്തിയും കിട്ടാക്കടവും കാരണം നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ജൂണില്‍ അവസാനിച്ച ഒന്നാം പാദത്തില്‍ 4,876 കോടി രൂപയുടെ നഷ്ടമാണ് എസ്ബിഐ രേഖപ്പെടുത്തിയത്. കിട്ടാക്കടം കാരണം പൊറുതിമുട്ടിയ പൊതുമേഖലയിലേത് അടക്കമുള്ള ബാങ്കുകള്‍ ഇത് പരിഹരിക്കാന്‍ അക്രമണോല്‍സുകമായ വിവിധ മാര്‍ഗങ്ങള്‍ സ്വീകരിച്ചു വരുകയാണ്.

Comments

comments

Categories: Business & Economy