ആര്‍സിഇപി അംഗ രാഷ്ട്രങ്ങളുടെ യോഗം ഈ മാസം 30ന്

ആര്‍സിഇപി അംഗ രാഷ്ട്രങ്ങളുടെ യോഗം ഈ മാസം 30ന്

കരാറില്‍ ഇന്ത്യ പങ്കുചേരണോ എന്ന കാര്യത്തില്‍ നിര്‍ദേശം സമര്‍പ്പിക്കാന്‍ ഇന്ന് മന്ത്രിതല സമിതി യോഗം ചേരും

ന്യൂഡെല്‍ഹി: പ്രാദേശിക സമഗ്ര സാമ്പത്തിക സഹകരണ (ആര്‍സിഇപി) കരാറിന്റെ ഭാഗമായ രാജ്യങ്ങളുടെ വാണിജ്യ വകുപ്പ് മന്ത്രിമാര്‍ തമ്മിലുള്ള യോഗം ഈ മാസം 30, 31 തിയതികളില്‍ സിംഗപ്പൂരില്‍ നടക്കും. ഇന്ത്യയും ചൈനയും ഉള്‍പ്പെടെ 16 രാജ്യങ്ങളാണ് ആര്‍സിഇപി ചേരിയിലുള്ളത്. വിവിധ മേഖലകളിലെ സഹകരണം സംബന്ധിച്ച ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് സവിശേഷമായ രാഷ്ട്രീയ നയങ്ങള്‍ ആവശ്യമായിരിക്കുന്ന സാഹചര്യത്തില്‍ ഈ യോഗം നിര്‍ണായകമാണെന്ന് ഇതുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.
ചരക്ക്, സേവനം, നിക്ഷേപം, സാമ്പത്തിക-സാങ്കേതിക സഹകരണം, വിപണി മത്സരം, ബൗദ്ധിക സ്വത്തവകാശം എന്നിവയെയെല്ലാം പരിഗണിക്കുന്ന ഉടമ്പടിക്കായാണ് രാജ്യങ്ങള്‍ ശ്രമിക്കുന്നത്. പത്ത് ആസിയാന്‍ രാജ്യങ്ങളും (ബ്രൂണൈ, കംബോഡിയ, ഇന്തോനേഷ്യ, മലേഷ്യ, മ്യാന്‍മാര്‍, സിംഗപ്പൂര്‍, തായ്‌ലന്‍ഡ്, ഫിലിപ്പീന്‍സ്, ലാവോസ്, വിയറ്റ്‌നാം) അവയുടെ ആറ് സ്വതന്ത്ര വ്യാപാര പങ്കാളികളും (ഇന്ത്യ, ചൈന, ജപ്പാന്‍, ദക്ഷിണകൊറിയ, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്) ഉള്‍പ്പെടുന്നതാണ് ആര്‍സിഇപി ചേരി.
2012 നവംബറിലാണ് കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചത്. എന്നാല്‍, അംഗ രാഷ്ട്രങ്ങള്‍ ഇപ്പോഴും ആരോഗ്യകരമായ വേഗതയിലല്ല ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്. അടുത്തിടെ ബാങ്കോക്കില്‍ സംഘടിപ്പിച്ച 23-ാമത് യോഗവും വലിയ പുരോഗതിയില്ലാതെയാണ് സമാപിച്ചത്. ഇതും ഈ മാസം അവസാനം നടക്കുന്ന യോഗത്തെ നിര്‍ണായകമാക്കുന്നുണ്ട്. ചൈന ഉള്‍പ്പെട്ട വ്യാപാര കരാറില്‍ അംഗമാകുന്നതിനെ കുറിച്ചുള്ള ആശങ്കകളും നിര്‍ദേശങ്ങളും കേന്ദ്ര സര്‍ക്കാര്‍ വിവിധ വകുപ്പുകളുമായും വ്യവസായ മേഖലകളുമായും ചര്‍ച്ച ചെയ്യുന്നുണ്ട്. ആര്‍സിഇപി അംഗത്വം സംബന്ധിച്ച പ്രശ്‌നങ്ങളെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു മന്ത്രിതല സമിതിയെയും സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു.
കരാറില്‍ ഇന്ത്യ പങ്കുചേരണോ എന്ന കാര്യത്തില്‍ നിര്‍ദേശം സമര്‍പ്പിക്കാന്‍ ഇന്ന് മന്ത്രിതല സമിതി യോഗം ചേരും. ഇതു സംബന്ധിച്ച തങ്ങളുടെ ആശങ്കകള്‍ വിവിധ വകുപ്പുകള്‍ വാണിജ്യ മന്ത്രാലയവുമായി പങ്കുവെച്ചിട്ടുണ്ട്. ചൈനയുമായുള്ള ഇന്ത്യയുടെ ഉയര്‍ന്ന വ്യാപാര കമ്മിയാണ് രാജ്യത്തെ വ്യവസായ മേഖലകളുടെ ആശങ്കയ്ക്ക് പ്രധാന കാരണം. ടെക്‌സ്റ്റൈല്‍സ്, സ്റ്റീല്‍, ഭക്ഷ്യ സംസ്‌കരണ മേഖലകള്‍ ഇതിനോടകം കരാറില്‍ എതിര്‍പ്പ് ഉന്നയിച്ചിട്ടുണ്ട്. ഉടമ്പടിക്കുകീഴില്‍ ഈ മേഖലകളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഒഴിവാക്കരുതെന്നാണ് ഇവരുടെ ആവശ്യം.
ചൈനയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ഒഴിവാക്കുന്നത് രാജ്യത്ത് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ കുമിഞ്ഞുകൂടുന്നതിന് വഴിയൊരുക്കുമെന്നും ഇത് ആഭ്യന്തര വ്യവസായങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നുമാണ് ആശങ്ക ഉയരുന്നത്. ഒരു സ്വതന്ത്ര വ്യാപാര കരാറും ഇല്ലാതെ തന്നെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചൈനയുമായുള്ള വ്യാപാരത്തില്‍ 63.12 ബില്യണ്‍ ഡോളറിന്റെ കമ്മിയാണ് ഇന്ത്യക്കുണ്ടായത്. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 51.11 ബില്യണ്‍ ഡോളറായിരുന്നു. ഇത്തരം കാര്യങ്ങളും കേന്ദ്ര വാണിജ്യ വകുപ്പ് മന്ത്രി സുരേഷ് പ്രഭുവിന്റെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതി പരിശോധിക്കും.

Comments

comments

Categories: Business & Economy
Tags: Rcep