റാംകി എന്‍വിറോ ഓഹരികളേറ്റെടുക്കാനൊരുങ്ങി കെകെആര്‍

റാംകി എന്‍വിറോ ഓഹരികളേറ്റെടുക്കാനൊരുങ്ങി കെകെആര്‍

മുംബൈ: യുഎസ് പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ കെകെആര്‍ ആന്‍ഡ് കോ പരിസ്ഥിതി മേഖലയില്‍ സേവനം നല്‍കുന്ന റാംകി എന്‍വിറോ എന്‍ജിനീയേഴ്‌സ് ലിമിറ്റഡിന്റെ (റീല്‍) 60 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നു. 530 ദശലക്ഷം ഡോളറിനാണ് ഇടപാട് നടക്കുക. ഇന്ത്യന്‍ പരിസ്ഥിതി മേഖലയില്‍ കെകെആര്‍ നടത്തുന്ന ഏറ്റവും വലിയ ഏറ്റെടുക്കല്‍ ഇടപാടായിരിക്കുമിത്. കെകെആറിന്റെ ഏഷ്യന്‍ ഫണ്ട് III വഴിയായിരിക്കും നിക്ഷേപം.

ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റീല്‍ ശേഖരണം, ഗതാഗതം, ദുരന്ത നിവാരണം, മുനിസിപ്പല്‍, ബയോമെഡിക്കല്‍, ഇ-മാലിന്യം, പേപ്പര്‍-പ്ലാസ്റ്റിക്-രാസവസ്തുക്കള്‍ എന്നിവയുടെ പുനരുപയോഗം ഉള്‍പ്പെടെയുള്ള മേഖലകളില്‍ പരിസ്ഥിതി മാനേജ്‌മെന്റ് സേവനങ്ങളാണ് നല്‍കുന്നത്. ഇന്ത്യയിലെ 20 സംസ്ഥാനങ്ങളിലായി 60 സ്ഥലങ്ങളില്‍ കമ്പനിക്ക് സാന്നിധ്യമുണ്ട്. ഇന്ത്യയ്ക്കു പുറത്ത് സിംഗപ്പൂര്‍, ഒമാന്‍, യുഎഇ എന്നിവിടങ്ങളിലും കമ്പനി സേവനം നല്‍കി വരുന്നുണ്ട്.

ഇന്ത്യയില്‍ പാരസ്ഥിതിക, മാലിന്യ സംസ്‌കരണ രംഗത്ത് സമ്പൂര്‍ണമായ സേവനങ്ങള്‍ നല്‍കുന്ന റീലുമായി പങ്കാളിയാകാന്‍ കഴിയുന്നതിലെ സന്തോഷം പങ്കുവെച്ച് കെകെആര്‍ ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് സഞജയ് നയാര്‍ റീല്‍ സ്വച്ഛ് ഭാരത് മിഷനെ പിന്തുണയ്ക്കുന്നുണ്ടെന്നും ഇന്ത്യയിലെ വര്‍ധിച്ചുവരുന്ന നഗര ജനസംഖ്യയുടെ ആവശ്യങ്ങള്‍ നിറവേറ്റാനും മലിനീകരണം കുറക്കാനും വേണ്ടി നിര്‍ണായകമായ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും നല്‍കുന്ന റീലില്‍ നിക്ഷേപം നടത്താനായതില്‍ കെകെആര്‍ ടീമിന് ആഹ്ലാദമുണ്ടെന്നും വ്യക്തമാക്കി. റീലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാനും എന്‍ജിനീയറിംഗ് ഇന്നൊവേഷന്‍, മികച്ച ജീവനക്കാരെ ആകര്‍ഷിക്കല്‍, കര്യക്ഷമത വര്‍ധിപ്പിക്കുക എന്നീ രംഗങ്ങളില്‍ കമ്പനിയെ സഹായിക്കാനും കഴിയുന്ന റിസോഴ്‌സുകള്‍ കമ്പനി പ്രദാനം ചെയ്യുമെന്നും കെകെആര്‍ അറിയിച്ചു.

Comments

comments

Categories: Business & Economy
Tags: Ramki Enviro