റിയല്‍ എസ്റ്റേറ്റ് രംഗത്തെ അതികായന്, ലോകസമ്പന്നരുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നും ആറാം സ്ഥാനക്കാരന്, 2018 ലെ കണക്കനുസരിച്ച് മതിപ്പ് ആസ്തി 9800 കോടിക്ക് മുകളില്‍,ബില്‍ഗേറ്റ്സിനൊപ്പം ഗിവിംഗ് പ്ലെഡ്ജ് ഇനിഷ്യേറ്റീവിന്റെ ഭാഗമായി തന്റെ വ്യക്തിഗത സമ്പത്തിന്റെ പകുതി വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വച്ച വ്യക്തി. പാലക്കാട് ജില്ലയില്‍ ജനിച്ച്, വെറും 50 രൂപയുമായി ഓമനിലെത്തി സ്വപ്രയത്നം ഒന്ന് കൊണ്ട് മാത്രം ശോഭ ഡെവലപ്പേഴ്സ് എന്ന ബഹുരാഷ്ട്ര റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിന്റെ അധിപനായി മാറിയ പിഎന്‍സി മേനോന്റെ ജീവിതം ഓരോ സംരംഭകനും മാതൃകയാണ്…
നിയോഗം, ഈ വാക്കിന് ഒരുപാട് അര്‍ത്ഥങ്ങളുണ്ട് ചിലരുടെ ജീവിതത്തില്‍. ചിലര്‍ ജനിക്കുന്നത് കഷ്ടതകള്‍ക്ക് നടുവില്‍ ആയിരിക്കും എന്നാല്‍ ഇല്ലായ്മയില്‍ നിന്നും സമ്പന്നതയിലേക്കുള്ള പാത താന്‍ സ്വയം വെട്ടിത്തെളിക്കണം എന്നത് അവരുടെ നിയോഗമാണ്. പുത്തന്‍ നടുവക്കാട്ട് ചെന്താമരാക്ഷ മേനോന് എന്ന പിഎന്‍സി മേനോനും അത്തരത്തില്‍ ഒരു നിയോഗത്തിന്റെ ഫലമായി ഉയരങ്ങള്‍ കീഴടക്കിയ വ്യക്തിയാണ്. ശോഭ ഗ്രൂപ്പ് എന്ന ബഹുരാഷ്ട്ര റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ ചെയര്മാന്, ഫോബ്സ് ലോകസമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയ സംരംഭകന്, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി തന്റെ വ്യക്തിഗത സമ്പത്തിന്റെ പകുതി മാറ്റിവച്ച വലിയ മനസിന്റെ ഉടമ തുടങ്ങിയ വിശേഷങ്ങളിലൂടെയാണ് ഇന്ന് ലോകം പിഎന്‍സി മേനോന് എന്ന വ്യക്തിയെ അറിയുന്നത്. എന്നാല്‍ ഈ നേട്ടങ്ങളിലേക്കെല്ലാം എത്തിച്ചേരുന്നതിനായി ഈ പാലക്കാടുകാരന്‍ നടത്തിയ പടയൊരുക്കങ്ങള്‍, കഠിനപ്രയത്നങ്ങള്‍, കൈവരിച്ച നിലപാടുകള്‍ എന്നിവ അടുത്തറിയേണ്ടത് തന്നെയാണ്.
പത്താം വയസ്സില്‍ അച്ഛനെ നഷ്ടപ്പെട്ട പിഎന്‍സി മേനോന്റെ ബാല്യം ഏറെ കഷ്ടതകള്‍ നിറഞ്ഞതായിരുന്നു. ബാല്യത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ അമ്മയുടെ രോഗങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും മാത്രമാണ് ഓര്‍മകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. പ്രതിസന്ധികളില്‍ തളര്ന്നിരിക്കുന്നത്കൊണ്ട് മാത്രം ഒരു വ്യക്തിക്ക് ജീവിതത്തില്‍ ഒന്നും നേടാനാവില്ല എന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായത് ഇവിടെ നിന്നുമാണ്. വീട്ടിലെ ഉത്തരവാദിത്വങ്ങള്‍ സ്വയം ഏറ്റെടുത്ത അദ്ദേഹം പഠനവും ഒപ്പം മുന്നോട്ട് കൊണ്ട് പോയി. ബികോം പഠനം പൂര്‍ത്തിയാക്കിയ ശേഷം തന്റെ ജീവിതം കരുപ്പിടിപ്പിക്കുന്നതിനുള്ള കച്ചിത്തുരുമ്പായി സ്വീകരിച്ചത് ഇന്റീരിയര്‍ ഡിസൈനിംഗ് ജോലികളും ഫര്‍ണിച്ചര്‍ ബിസിനസുമായിരുന്നു.
1976 ല്‍ തന്റെ ഇരുപത്തിയേഴാം വയസില്‍ തീര്‍ത്തും അവിചാരിതമായി പരിചയപ്പെട്ട ഒമാനി ബ്രിഗേഡിയറായ സുലൈമാന്‍ അല്‍ അഡാവിയിലൂടെയാണ് മേനോന്റെ ജീവിതം മാറിമറിയുന്നത്. കൊച്ചിയില്‍ ഫിഷിംഗ് ബോട്ട് വാങ്ങാന്‍ വന്ന അദാവി താമസിച്ചത് മേനോന് ജോലി ചെയ്തിരുന്ന ഹോട്ടലില്‍ ആയിരുന്നു. പരസ്പരം സംസാരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ അദാവി പറഞ്ഞതത്രയും ഒമാനിലെ ബിസിനസ് സാധ്യതകളെ പറ്റി. കൊച്ചിയില്‍ നിന്നും ഒമാനിലേക്ക് വന്നാല്‍ ഒരുമിച്ച് ബിസിനസ് തുടങ്ങാം എന്ന നിര്‍ദ്ദേശം കൂടി അദ്ദേഹം മുന്നോട്ട് വച്ചപ്പോള്‍ അത് പിഎന്‍സി മേനോനെ സംബന്ധിച്ചിടത്തോളം ഒരു വലിയ അവസരമായിരുന്നു. അദാവിയുടെ വാക്കുകളില്‍ നിന്നും ലഭിച്ച ഊര്‍ജ്ജത്തെ മുന്‍നിര്‍ത്തി ഒമാനില്‍ തന്റെ ഭാഗ്യം പരീക്ഷിക്കാന്‍ തന്നെ അദ്ദേഹം തീരുമാനിച്ചു.
ബിസിനസ് സാമ്രാജ്യം തീര്‍ക്കാന്‍ മൂലധനം 50 രൂപ
വെറും 50 രൂപ മൂലധനത്തിലാണ് ഇപ്പോള്‍ 9800 കോടി രൂപയുടെ ആസ്തിയുള്ള ബിസിനസ് സാമ്രാജ്യം പിഎന്‍സി മേനോന് എന്ന ധീഷണാശാലി കെട്ടിപ്പടുത്തത് എന്ന് പറയുമ്പോള്‍ ആരും ഒന്ന് അമ്പരക്കും. എന്നാല്‍ അതാണ് വാസ്തവം.അദാവിയുടെ വാക്ക് കേട്ട് ഒമാനിലേക്ക് പറക്കുമ്പോള്‍ അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നത് കേവലം 50 രൂപ മാത്രാമായിരുന്നു. എന്നാല്‍ കയ്യില്‍ ഒന്നുമില്ലാത്തവന് തോന്നുന്ന ഭയമില്ല, മറിച്ച് ഒമാനില്‍ തനിക്ക് എന്തൊക്കെയോ നേടാനുണ്ട് എന്ന ആവേശമാണ് അദ്ദേഹത്തെ മുന്നോട്ട് നയിച്ചത്.
എന്നാല്‍ വിചാരിച്ച പോലെ എളുപ്പമായിരുന്നില്ല ഒമാനിലെ ദിനങ്ങള്‍.ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത അദാവിയുടെ കയ്യില്‍ പറയത്തക്ക പണമൊന്നും ഉണ്ടായിരുന്നില്ല. ഏതെങ്കിലും മേഖലയില്‍ നിക്ഷേപം നടത്താം എന്ന് കരുതിയാല്‍ തന്നെ വായ്പ കിട്ടാന്‍ ഏറെ ബുദ്ധിമുട്ട്.ഒടുവില്‍ എങ്ങനെയോ സംഘടിപ്പിച്ച 3000 റിയാലില്‍ (ഏകദേശം 3.5 ലക്ഷം രൂപ) നിന്നുമാണ് പിഎന്‍സി മേനോന് തന്റെ സംരംഭകജീവിതം ആരംഭിക്കുന്നത്. സര്‍വീസ് ആന്‍ഡ് ട്രേഡ് കമ്പനി (എസ്ടിസി) എന്ന പേരില്‍ ഒരു ഇന്റീരിയര്‍ ഡിസൈന്‍ സ്ഥാപനത്തിനു അദ്ദേഹം തുടക്കമിട്ടു.
സംരംഭം തുടങ്ങി എന്ന് കരുതി കാര്യങ്ങള്‍ ഒന്നും ശരിയായ ദിശയില്‍ ആയിരുന്നില്ല പോയത്. ഇന്റീരിയര്‍ ഡിസൈനിംഗില്‍ ഒരു അന്താരാഷ്ട്ര വിപണിയില്‍ മാറ്റുരക്കുന്നതിനായുള്ള വിദ്യാഭ്യാസ യോഗ്യതയില്ല, വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് ബിസിനസില്‍ മാറ്റം വരുത്തുന്നതിനായുള്ള മൂലധനമില്ല, എന്നാല്‍ ഈ പ്രതികൂല സാഹചര്യങ്ങളില്‍ ഒന്നും അദ്ദേഹം തളര്‍ന്നില്ല. ക്ഷമയോടെ അദ്ദേഹം കാത്തിരുന്നു. അധികം താമസിയാതെ ഉപഭോക്താക്കളെ ലഭിച്ചു തുടങ്ങി. താന്‍ ഏറ്റെടുക്കുന്ന ജോലിയില്‍ നൂറുശതമാനം ഗുണമേന്മ അദ്ദേഹം ഉറപ്പു വരുത്തി. അതോടെ സ്ഥിരം ഉപഭോക്താക്കളുടെ എണ്ണം വര്‍ധിച്ചു. രാജ്യാന്തര കമ്പനികളോട് നേരിട്ട് ഏറ്റുമുട്ടിയ അദ്ദേഹത്തെ പലയിടത്തും വിജയം കടാക്ഷിച്ചു. പതിയ പതിയെ ഒമാനിലെ മുന്‍നിര ഇന്റീരിയര്‍ ഡിസൈനിംഗ് കമ്പനിയായി മേനോന്റെ എസ്ടിസി വളര്‍ന്നു.
1984 ആയപ്പോഴേക്കും ഒമാനിലെ ഇന്റീരിയര്‍ ഡെക്കറേഷന് വ്യവസായത്തിലെ ആദ്യത്തെ നാല് സ്ഥാപങ്ങളില്‍ ഒന്നായി എസ്ടിസി വളര്‍ന്നു. ഒറ്റമുറി കടയില്‍ നിന്നും തുടങ്ങിയ സ്ഥാപനം ബ്രൂണൈ സുല്‍ത്താന്റെ കൊട്ടാരത്തിന്റെ ഇന്റീരിയര്‍ വരെ ചെയ്യുന്ന തലത്തിലേക്ക് വളര്‍ന്നു എന്ന് പറയുമ്പോള്‍ പിഎന്‍സി മേനോന് എന്ന മലയാളിയുടെ കരുത്തുറ്റ വിജയമായിത്തന്നെ അതിനെ കാണണം.
ബില്‍ഡര്‍ എന്ന നിലയിലേക്കുള്ള ചുവടുമാറ്റം
1986ല്‍ ആണ് ബില്‍ഡര്‍ എന്ന നിലയിലേക്ക് തന്റെ കരിയര്‍ സ്വപ്നങ്ങളെ വ്യാപിപ്പിക്കാന്‍ അദ്ദേഹം തീരുമാനിക്കുന്നത്. അങ്ങനെ തന്റെ ഇന്റീരിയര്‍ ഡിസൈന്‍ സ്ഥാപനത്തിന് അദ്ദേഹം ആര്‍ക്കിടെക്ച്ചര്‍ മുഖം കൂടി നല്കി. റെസിഡന്‍ഷ്യല്‍, കൊമേഷ്യല്‍ പ്രൊജക്റ്റുകള്‍, ഫാക്റ്ററി കെട്ടിടങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിലായിരുന്നു പ്രധാന ശ്രദ്ധ. ഇന്റീരിയര്‍ ഡിസൈനിംഗ് സ്ഥാപനത്തിലൂടെ ഉണ്ടാക്കിയെടുത്ത വിശ്വാസ്യത മേനോന് ഈ രംഗത്ത് മുതല്‍ക്കൂട്ടായി. ഏറ്റെടുത്ത പദ്ധതികള്‍ പറഞ്ഞ സമയത്തിനുള്ളില്‍ മികവോടെ പൂര്‍ത്തിയാക്കി നല്‍കിയതോടെ ശോഭ ഡെവലപ്പേഴ്സ് ഒമാനിലെ കെട്ടിട നിര്‍മാണ മേഖലയിലെ ഒരു ശ്രദ്ധേയ സ്ഥാപനമായി മാറി.
ഇന്ത്യയെ മറക്കാനാകില്ല
പിഎന്‍സി മേനോന് പറയുന്നത് ഇന്ത്യ തന്റെ മാതൃരാജ്യവും ഒമാന്‍ തന്റെ പിതൃരാജ്യവും ആണെന്നാണ് . തന്റെ ജീവിതത്തിന്റെ ദിശ മാറ്റി വിട്ട ഒമാന്‍ എന്ന രാജ്യത്ത് പിഎന്‍സി തൊട്ടതെല്ലാം പൊന്നാക്കുന്ന ഒരു സംരംഭകനായി മാറിയത് വളരെ ചുരുങ്ങിയ സമയം കൊണ്ടാണ്. ഒമാനില്‍ ബിസിനസ് പച്ചപിടിച്ചതോടെ ഇന്ത്യയിലേക്കും തന്റെ ബിസിനസ് വ്യാപിപ്പിക്കണം എന്ന് അദ്ദേഹം ഉറപ്പിച്ചു. ഗുണമേന്മയുള്ള ബില്‍ഡര്‍മാരുടെ വിടവ് ഇന്ത്യന്‍ വിപണിയിലുണ്ടെന്ന് മനസിലാക്കിയ അദ്ദേഹം 1995ല്‍ ബാംഗ്ലൂര്‍ കേന്ദ്രമായി ശോഭ ലിമിറ്റഡ് എന്ന സ്ഥാപനത്തിനു രൂപം നല്കി. ഭാര്യയെ തന്റെ ഭാഗ്യമായിക്കാണുന്ന അദ്ദേഹം ഭാര്യയുടെ പേരായിരുന്നു തന്റെ സ്ഥാപനങ്ങള്‍ക്ക് നല്‍കിയത്.
ബാംഗ്ലൂരില്‍ പ്രവര്‍ത്തനമാരംഭിച്ച ശോഭ ഡെവലപ്പേഴ്സ് രണ്ടര പതിറ്റാണ്ടിനുള്ളില്‍ രാജ്യത്തെ മുന്‍നിര ബില്‍ഡര്‍ ഡിസൈനര്‍ കമ്പനികളിലൊന്നായി മാറി.ഉപഭോക്താക്കളോട് നൂറു ശതമാനവും നീതി പുലര്‍ത്തുന്ന രീതിയിലായിരുന്നു ശോഭയുടെ പ്രൊജക്റ്റുകള്‍. 201718 ലെ ബ്രാന്‍ഡ് എക്സ് റിപ്പോര്‍ട്ടില്‍ രാജ്യത്തെ ടോപ് ബ്രാന്‍ഡ് ആയി നാലാം വര്‍ഷവും തെരഞ്ഞെടുക്കപ്പെട്ടത് ഇതുകൊണ്ട് മാത്രമാണ്. ടോപ് നാഷണല്‍ ബ്രാന്‍ഡ്, ടോപ് സൗത്ത് ഇന്ത്യന്‍ ബ്രാന്‍ഡ്, ടോപ് റെസിഡന്‍ഷ്യല്‍ ബ്രാന്‍ഡ്, ടോപ് സൂപ്പര്‍ ലക്ഷ്വറി ബ്രാന്‍ഡ് തുടങ്ങിയ നിരവധി വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനത്താണ് ശോഭ ലിമിറ്റഡ്.
അതിശയിപ്പിക്കുന്ന കോര്‍പ്പറേറ്റ് വളര്‍ച്ച
ഇന്ത്യക്കകത്തും പുറത്തുമായി അത്ഭുതാവഹമായ വളര്‍ച്ചയാണ് കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനുള്ളില്‍ ശോഭ ഗ്രൂപ്പ് കൈവരിച്ചത്. ഇതുവരെ 116 റിയല്‍ എസ്റ്റേറ്റ് പദ്ധതികളും 280 കരാര്‍ പദ്ധതികളും ശോഭ ഗ്രൂപ്പ് പൂര്‍ത്തിയാക്കി. 84.96 ദശലക്ഷം ചതുരശ്രയടി കെട്ടിത്തിന്റെ നിര്‍മാണമാണ് ശോഭ ഇതിനോടകം തീര്‍ത്തിരിക്കുന്നത്. പതിനാല് ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് ശോഭ ഗ്രൂപ്പ് വളര്‍ന്നു കഴിഞ്ഞു. ഇന്‍ഫോസിസ്, ടിംകന്‍ താജ്, മികോ, എച്ച്പി, ഡെല്‍ തുടങ്ങിയ നിരവധി മുന്‍നിര സ്ഥാപനങ്ങളുടെ ഓഫീസുകള്‍ ശോഭയുടെ മികവില്‍ പൂര്‍ത്തീകരിച്ചവയാണ്.
ഉപഭോക്താക്കളോട് കാണിക്കുന്ന വിശ്വസ്തത സ്ഥാപനത്തിലെ അംഗങ്ങളോടും പുലര്‍ത്താന്‍ കഴിഞ്ഞതാണ് ശോഭ ഗ്രൂപ്പിന്റെ വിജയത്തിന് കാരണമായ പ്രധാന ഘടകം. ബിസിനസില്‍ തങ്ങളുടേതായ ഒരു ഇടം കണ്ടെത്തിയ ശോഭ ഗ്രൂപ്പ് 2006 ല്‍ പബ്ലിക് ഇഷ്യു നടത്തി സ്റ്റോക് എക്സേചഞ്ചില്‍ ലിസ്റ്റു ചെയ്തു. മാത്രമല്ല, ഇത് 126 മടങ്ങ് സബ്സ്ക്രൈബ് ചെയ്ത് ചരിത്രം സൃഷ്ടിക്കുകയും ചെയ്തു. ഇന്ന് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഏറ്റവും കൂടുതല്‍ വ്യാപാരം ചെയ്യപ്പെടുന്ന ഓഹരികളില്‍ ഒന്നാണ് ശോഭാ ലിമിറ്റഡ്.
സമ്പന്നരില്‍ സമ്പന്നന്, ഫോബ്സ് പട്ടികയിലെ താരം
2006 ല്‍ ശോഭ ഡെവലപ്പേഴ്സ് ലിസ്റ്റെഡ് കമ്പനിയായി. അടുത്ത വര്‍ഷം പിഎന്‍സി മേനോന് ഫോര്‍ബ്സ് കോടീശ്വരന്മാരുടെ പട്ടികയില്‍ ഇടം പിടിച്ചു. അതൊരു തുടക്കം മാത്രമായിരുന്നു. 2007 മുതല്‍ ഫോബ്സ് പട്ടികയില്‍ എല്ലാവര്‍ഷവും സ്ഥിരമായി പിഎന്‍സി മേനോന് തന്റെ സാന്നിധ്യമറിയിക്കുന്നു. ഇന്ത്യന്‍ സമ്പന്നരില്‍ ആറാം സ്ഥാനമാണ് പിഎന്‍സി മേനോന് ഉള്ളത്.
ഒമാനില്‍ നിന്നും ഇന്ത്യന്‍ വിപണിയിലേക്ക് ബിസിനസ് വ്യാപിപ്പിച്ചപ്പോള്‍, അത് ആഗോള തലത്തിലേക്ക് ഉയരുന്നതിനുള്ള അവസരമാണ് മേനോന് നല്‍കിയത്. ഇന്ത്യ,ഒമാന്‍ എന്നീ രാജ്യങ്ങള്‍ക്ക് പുറമേ, യുഎഇ, ഖത്തര്‍, ബഹ്റിന്, ബ്രൂണൈ, ടാന്‍സാനിയ എന്നിവിടങ്ങളില്‍ ബിസിനസ് സാന്നിധ്യമുള്ള ഗ്രൂപ്പായി ശോഭ മാറിക്കഴിഞ്ഞു.
.ഇന്ത്യന്‍ വിപണിയിലെ വിജയം നല്കിയ ആത്മവിശ്വാസം കൈമുതലാക്കി ദുബായില്‍ രണ്ട് റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ക്ക് അദ്ദേഹം തുടക്കം കുറിച്ചു.ശോഭ ഹാര്ലാന്ഡും മൊഹദ് ബിന്‍ റഷീദ് അല്‍ മക്ടൗം സിറ്റിയിലെ ഡിസ്ട്രിക് വണ്ണും. എട്ടു ദശലക്ഷം ചതുരശ്രയടി വിസ്തീര്‍ണമാണ് ശോഭ ഹാര്ട്ട്ലാന്ഡിന് ഉള്ളത്. വില്ല, ഹൈ റൈസ് അപ്പാര്‍ട്ടുമെന്റുകള്‍, രണ്ട് രാജ്യാന്തര സ്കൂളുകള്‍, മൂന്ന് ബോട്ടീക് ഹോട്ടലുകള്‍, റീട്ടെയില്‍ മാള്‍ എന്നിവ ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നു. അടുത്ത പ്രൊജക്റ്റ് ആയ ഡിസ്ട്രിക് വണ്ണില്‍ 1500 ലക്ഷ്വറി വില്ലകള്‍, സ്പോര്‍ട്സ് സൗകര്യങ്ങള്‍, വിദ്യാഭ്യാസ സൗകര്യങ്ങള്‍ എന്നിവ ഉള്‍പെട്ടിട്ടുണ്ട്. ആയിരം ഏക്കറാണ് ഇതിന്റെ വിസ്തൃതി.
ഒന്നുമില്ലായ്മയില്‍ നിന്നും കോടികള്‍ വിലമതിക്കുന്ന ബിസിനസ് സാമ്രാജ്യം പണിതുയര്‍ത്തിയ പിഎന്‍സി മേനോന്റെ ജീവിതം ചുരുക്കം ചില വാക്കുകളില്‍ ഒതുക്കാവുന്നതല്ല. വാക്കുകള്‍ക്കതീതമാണ് അദ്ദേഹം തന്റെ ബിസിനസ് വിപുലീകരണത്തിനായി അര്‍പ്പിച്ച നിശ്ചയദാര്‍ഢ്യം, ആത്മാര്‍ത്ഥ, അര്‍പ്പണ മനോഭാവം, എന്നിവയ്ക്കുള്ള സ്ഥാനം. എത്ര ഉയരത്തില്‍ പറന്നാലും താന്‍ എന്നും ആ വടക്കഞ്ചേരിക്കാരന് മേനോന് തന്നെയാണ് എന്ന് ചെറുപുഞ്ചിരിയോടെ പറയുന്ന അദ്ദേഹം തന്റെ സമ്പാദ്യത്തിന്റെ നല്ലൊരുഭാഗം വടക്കഞ്ചേരിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വച്ചിട്ടുണ്ട്. വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര തുടങ്ങിയ മൂന്നു ഗ്രാമപഞ്ചായത്തുകള്‍ പൂര്‍ണമായും ഏറ്റെടുത്ത പിഎന്‍സി മേനോന് ഈ മേഖലയുടെ വികസനത്തെ മുന്‍നിര്‍ത്തി കുട്ടികള്‍ക്ക് അന്തരാഷ്ട്ര നിലവാരത്തില്‍ സൗജന്യ വിദ്യാഭ്യാസം നല്കുന്ന വിദ്യാലയം, സൗജന്യ ചികിത്സ ഉറപ്പു വരുത്തുന്ന ആശുപത്രി എന്നിവ ആരംഭിച്ചിട്ടുണ്ട്. എണ്ണമില്ലാത്ത സാമൂഹിക സേവന പദ്ധതികളാണ് ഈ മേഖലയ്ക്ക് വേണ്ടി അദ്ദേഹം വിഭാവനം ചെയ്തിട്ടുള്ളത്. ‘ശ്രീ കുറുമ്പ എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ്’ എന്ന സ്ഥാപനത്തിന് കീഴിലാണ് അദ്ദേഹത്തിന്റെ സാമൂഹിക സേവന പദ്ധതികള്‍ നടപ്പിലാക്കുന്നത്. ഒമാനിലെ ജീവിതം എത്രവലിയ സുഖസൗകര്യങ്ങള്‍ നല്കിയാലും തന്റെ പാലക്കാടന്‍ മണ്ണിലേക്ക് എല്ലാമാസവും അദ്ദേഹം ഓടിയെത്തുന്നത് ഈ ബഹുരാഷ്ട്ര സംരംഭകന്റെ വലിയ മനസിന്റെ മഹിമ വെളിവാക്കുന്നു.
മൂന്ന് ഗ്രാമങ്ങളുടെ കാവലാള്‍
വടക്കാഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര തുടങ്ങിയ മൂന്ന് ഗ്രാമപഞ്ചായത്തുകളെ ശോഭ ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിയുടെ ഭാഗമായി ഏറ്റെടുത്ത പിഎന്‍സി മേനോന്, ഈ പ്രദേശത്തെ ജനങ്ങള്‍ക്കായി അന്തരാഷ്ട്ര നിലവാരത്തിലുള്ള സ്കൂള്‍, ആശുപത്രി, വൊക്കേഷണല്‍ ട്രൈനിംഗ് സെന്റര്‍ എന്നിവ നടത്തുന്നു. ഇതിനു പുറമെ സ്ത്രീ ശാക്തീകരണം, സ്ത്രീധനരഹിത വിവാഹം, വിധവകളുടെയും, വൃദ്ധരുടെയും പുനരധിവാസം തുടങ്ങിയ പദ്ധതികള്‍ക്കും അദ്ദേഹം മുന്‍ഗണന നല്കുന്നു
ശോഭ ഗ്രൂപ്പ് ചെയര്‍മാനായ പിഎന്‍സി മേനോന് ബിസിനസിന് പുറത്ത് വ്യത്യസ്തനാകുന്നത് അദ്ദേഹം മുന്നോട്ട് വയ്ക്കുന്ന സാമൂഹിക സേവന മാതൃകകള്‍ കൊണ്ടാണ്. ബില്‍ഗേറ്റ്സിനൊപ്പം ചേര്‍ന്ന് ഗിവിംഗ് പ്ലെഡ്ജ് ഇനിഷ്യേറ്റീസിന്റെ ഭാഗമായി തന്റെ വ്യക്തി സമ്പത്തിന്റെ പകുതി ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ക്കായി മാറ്റി വച്ചത് കൊണ്ട് മാത്രം തീരുന്നതല്ല പിഎന്‍സി മേനോന്റെ വ്യക്തി പ്രഭാവം. താന്‍ ജനിച്ചു വളര്‍ന്ന വടക്കഞ്ചേരി എന്ന പാലക്കാടന്‍ ഗ്രാമം തനിക്കൊപ്പം വികസിക്കണം എന്ന അദ്ദേഹത്തിന്റെ ആഗ്രഹം കോര്‍പ്പറേറ്റ് രംഗത്തെ ഏറ്റവും മികച്ച സാമൂഹിക പ്രതിബദ്ധത പദ്ധതിക്ക് തന്നെ കാരണമായി.
2006 ല്‍ വടക്കഞ്ചേരി, കിഴക്കഞ്ചേരി എന്നീ പഞ്ചായത്തുകളുടെയും 2016 ല്‍ കണ്ണമ്പ്ര പഞ്ചായത്തിന്റേയും വികസന പ്രവര്‍ത്തനം ഏറ്റെടുത്തുകൊണ്ടായിരുന്നു ശോഭ ഗ്രൂപ്പ് ജില്ലയില്‍ തങ്ങളുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി പദ്ധതികള്‍ക്ക് തുടക്കമിട്ടത്. ശ്രീ കുറുമ്പ എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സ്ഥാപനത്തിന് കീഴിലാണ് ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുന്നത്.സാമ്പത്തികമായും സാമൂഹികമായും ഏറെ പിന്നില്‍ നില്ക്കുന്ന പഞ്ചായത്തുകളായിരുന്നു തെരെഞ്ഞെടുക്കപ്പെട്ട മൂന്ന് പഞ്ചായത്തുകളും. താമസക്കാരില്‍ ഭൂരിഭാഗംപേരും കൃഷിയില്‍ നിന്നും മറ്റും വരുമാനം കണ്ടെത്തുന്നവര്‍. ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഈ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി ഒരു സാമ്പത്തിക സര്‍വേ നടത്തുകയാണ് ആദ്യം ചെയ്തത്. സര്‍ക്കാരിന്റെ ബിപിഎല്‍ ലിസ്റ്റിന് പുറമേ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കുടുംബങ്ങളെ തരം തിരിച്ചു. അര്‍ഹരായവര്‍ക്ക് കൃത്യമായി ധനസഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്.
ഏകദേശം ഒരു വര്‍ഷമെടുത്താണ് ട്രസ്റ്റ് പഠനം പൂര്‍ത്തിയാക്കിയത്. 15000 കുടുംബങ്ങളെ സര്‍വേയില്‍ ഉള്‍പ്പെടുത്തി. ഇതില്‍ 7500 രൂപയ്ക്ക് താഴെ പ്രതിമാസ വരുമാനം വരുന്ന 2500 കുടുംബങ്ങളെ ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. ഈ കുടുംബങ്ങള്‍ക്ക് പ്രാമുഖ്യം നല്കുന്ന രീതിയിലാണ് പിന്നീട് പദ്ധതികള്‍ ആവിഷ്ക്കരിച്ചത്. ഗ്രാമശോഭ എന്ന് പേര് നല്കിയ പദ്ധതിക്ക് കീഴില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു സിബിഎസ്ഇ വിദ്യാലയം താമസിയാതെ പ്രവര്‍ത്തനം ആരംഭിച്ചു. വികസനം വിദ്യാസമ്പന്നരായ ജനതയിലൂടെ ആകണം എന്ന പിഎന്‍സി മേനോന്റെ ആഗ്രഹം സഫലമാക്കുന്ന പദ്ധതിയായിരുന്നു ഇത്.
ശോഭ അക്കാദമി
2007 ലാണ് ശോഭ അക്കാദമി എന്ന പേരില്‍ 22 ഏക്കര്‍ കാമ്പസില്‍ സിബിഎസ്ഇ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചത്. ഉള്‍നാടന്‍ ഗ്രാമത്തിന്റെ ഭാഗമായ, സാമ്പത്തികമായും സാമൂഹികമായും പിന്നില്‍ നില്ക്കുന്ന വിദ്യാര്‍ത്ഥികളുടെ ഉന്നമനായിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപിത ലക്ഷ്യം. സര്‍ക്കാര്‍ സ്കൂളുകളിലെ പഠനം പോലും പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യാശയുടെ പുതുകിരണമാണ് ശോഭ അക്കാദമി നല്‍കിയത്. പുസ്തകവും യൂണിഫോമും ഉള്‍പ്പെടെ ഇവിടുത്തെ പഠനം തീര്‍ത്തും സൗജന്യമാണ്. ദിവസവും രാവിലെ മൂന്ന് ഗ്രാമ പഞ്ചായത്തുകളില്‍ നിന്നും സ്കൂള്‍ വാനില്‍ കുട്ടികളെ സ്കൂളില്‍ എത്തിക്കുന്നു. പ്രഭാത ഭക്ഷണം, ഉച്ച ഭക്ഷണം, സ്നാക്സ് എന്നിവ സ്കൂളില്‍ നിന്നുമാണ്. അത് പോഷക സമ്പുഷ്ടമാണ് എന്ന് ഉറപ്പു വരുത്തുന്നതിനായി മുന്‍കൂട്ടി തയ്യാറാക്കിയ മെനു പിന്തുടരുന്നു.
അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ, നോണ്‍ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ക്കും സ്കൂള്‍ തുല്യ പ്രാധാന്യം നല്കുന്നു. അന്താരഷ്ട്ര നിലവാരത്തിലുള്ള പഠന സൗകര്യങ്ങളും ലാബുകളും ഇവിടെ ഒരുക്കിയിരിക്കുന്നു. മികച്ച അധ്യാപകരെ തെരെഞ്ഞെടുക്കുന്നതിലും ശോഭ അക്കാദമി പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു.സംസ്ഥന സര്‍ക്കാരിന് കീഴില്‍ അധ്യാപകര്‍ക്ക് ലഭിക്കുന്ന അതെ ശമ്പളം തന്നെയാണ് ഈ വിദ്യാലയത്തില്‍ അധ്യാപകര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. തുടക്കത്തില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി ആരംഭിച്ച വിദ്യാലയം 2017 മുതല്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് പ്രവേശനം നല്‍കുന്നത്. പ്ലസ് ടു തലം വരെയുള്ള പഠന സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. അടുത്ത അധ്യയന വര്‍ഷം മുതല്‍ റെസിഡന്‍ഷ്യല്‍ കാമ്പസ് സൗകര്യവും ആരംഭിക്കുന്നുണ്ട്. 10,11,12 കഌസിലെ വിദ്യാര്‍ത്ഥികള്‍ക്ക് റെസിഡന്‍ഷ്യല്‍ കാമ്പസ് സൗകര്യം നല്കി വരുന്നു. നിലവില്‍ 1138വിദ്യാര്‍ത്ഥികള്‍ക്കാണ് ഇവിടെ സൗജന്യ വിദ്യാഭ്യാസം ലഭിക്കുന്നത്. ഓരോ അധ്യയന വര്‍ഷവും ഒരു 90 പുതിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കുന്നു.
തന്റെ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളുടെ ആരോഗ്യകാര്യത്തില്‍ സദാ ശ്രദ്ധാലുവായ പിഎന്‍സി മേനോന് അവധിക്കാലത്ത് കുട്ടികള്‍ക്കാവശ്യമായ പോഷകാഹാരം ലഭ്യമാക്കുന്നതിനായി ഭക്ഷ്യ കിറ്റുകള്‍ വീട്ടിലേക്ക് കൊടുത്തയക്കുന്നു. തന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി ഒരു വര്‍ഷം 12000 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്കുന്ന രീതിയിലേക്ക് ശോഭ അക്കാദമിയെ വളര്‍ത്തണം എന്നാണ് പിഎന്‍സി മേനോന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ബാംഗ്ലൂരിലും കാമ്പസുകള്‍ തുറക്കും.
ശോഭ ഐക്കണ്‍ ഹൈ സ്കൂള്‍ സഹായ സംരംഭം
വിദ്യാഭ്യാസ മേഖലയിലുള്ള ഇടപെടലിന്റെ ഭാഗമായി ദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പ്രോത്സാഹനമായി 2010 ല്‍ ആരംഭിച്ച വിദ്യാഭ്യാസ എക്സ്റ്റന്‍ഷന്‍ പരിപാടിയാണ് മൂലംകോട് പ്രവര്‍ത്തിക്കുന്ന ശോഭ ഐക്കണ്‍. സര്‍ക്കാര്‍ സ്കൂളിലെ 8, 9, 10 ക്ലാസുകളില്‍ പഠിക്കുന്ന 90 പേര്‍ക്ക് സ്കൂള്‍ പഠനത്തിന് ശേഷം കാലത്തും വൈകീട്ടും അവധി ദിവസങ്ങളിലും ഈ പദ്ധതി പ്രകാരം ലേണിംഗ് സപ്പോര്‍ട്ട് നല്കിവരുന്നു.
ശോഭ ഐക്കണ്‍ ഹയര്‍സെക്കണ്ടറി സെക്ഷന്‍
സ്കോള്‍ കേരളയുടെ കീഴില്‍ ഒരു ഹയര്‍സെക്കണ്ടറി വിഭാഗം ഇവിടെ പ്രവര്‍ത്തിക്കുന്നു. ഐകണിന്റെ മുഴുവന്‍ സമയ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ഇതിനകം പഠിച്ചിറങ്ങിയ 207 പേരും (ഇതില്‍ 93 പേര്‍ക്കും ഫുള്‍ അ+ ഉണ്ട്) രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ സ്കോളര്‍ഷിപ്പോടെ ഉന്നത പഠനം നടത്തുന്നു എന്നത് ഏറെ അഭിമാനം നല്കുന്ന വസ്തുതയാണ്.സ്കോളര്‍ഷിപ്പ് ലാഭിക്കാത്തവരുടെ എല്ലാ ചിലവുകളും ട്രെസ്റ്റ് വഹിക്കുന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജ്, ബംഗ്ലൂര് അസിം പ്രേംജി യൂണിവേര്സിറ്റി, പൂനെ ഐസര്‍, ഡല്ഹിി അശോക യൂണിവേര്സിറ്റി, കോഴിക്കോട് നാഷ്ണല്‍ ഇന്സ്റ്റി റ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ചകകഠ), തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളേജ് (ഇഋഠ), തൃശ്ശൂര്‍ വിമല, എറണാകുളം സേക്രട്ട് ഹാര്‍ട്ട്, സെന്റ് തെരേസാസ്, ദേവഗിരി, തഞ്ചാവൂര്‍ സെന്‍ട്രല്‍ യൂണിവേര്സിറ്റി, നോയ്ഡ അമിറ്റി യൂണിവേര്സിറ്റി, എന്നിവയിലെല്ലാം ഇന്ന് ശോഭ ഐക്കണില്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
ശോഭ ഹെര്‍മിറ്റേജ്
വാര്‍ധക്യത്തില്‍ ഒറ്റപ്പെട്ടു പോയവര്‍ക്ക് ആശ്വാസമാണ് ശോഭ ഹെര്‍മിറ്റേജ്. കൃത്യമായ പരിചരണം, മരുന്ന് , ആഹാരക്രമം, വ്യായാമം, വായന തുടങ്ങിയ പ്രക്രിയകളിലൂടെ ഇവിടുത്തെ അന്തേവാസികളെ ആരോഗ്യത്തോടും സന്തോഷത്തോടും സംരക്ഷിച്ചു വരുന്നു. ഓരോ വ്യക്തികള്‍ക്കും ടിവി, ഫ്രിഡ്ജ് തുടങ്ങിയ സൗകര്യങ്ങളോടു കൂടിയ മുറികളാണ് നല്‍കിയിരിക്കുന്നത്.
ശോഭ ഹെല്‍ത്ത് കെയര്‍
ശ്രീ കുറുമ്പ ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴില്‍ സാമൂഹിക പ്രതിബദ്ധത പരിപാടിയുടെ ഭാഗമായി തെരെഞ്ഞെടുത്ത മൂന്ന് ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് ശോഭ ഹെല്‍ത്ത് കെയര്‍ സൗജന്യ ചികിത്സ ഉറപ്പു വരുത്തുന്നു . 2006 ലാണ് ഈ വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചത്.ജനറല്‍ മെഡിസിന്, ഗൈനിക്,ഒപ്താല്‍മോളജി, കാര്‍ഡിയാക് വിഭാഗങ്ങളില്‍ മികച്ച ചികിത്സ ഇവിടെ ലഭ്യമാകുന്നു. കൂടുതല്‍ സ്പെഷ്യലൈസ്ഡ് ഡോക്റ്റര്‍മാരുടെ സേവനം വരും വര്‍ഷങ്ങളില്‍ ശോഭ ഹെല്‍ത്ത് കെയര്‍ ഉറപ്പു വരുത്താന്‍ പദ്ധതിയിടുന്നുണ്ട്.
ശോഭ യംഗ് മദര്‍ റിഹാബിലിറ്റേഷന്‍ പ്രോഗ്രാം
ചെറിയ പ്രായത്തില്‍ വിധവകളായ സ്ത്രീകളെ പുനരധിവസിപ്പിക്കുന്നതിനായി വിഭാവനം ചെയ്തിരിക്കുന്ന പദ്ധതിയാണ് ഇത്. യൗവ്വനാരംഭത്തില്‍ തന്നെ വിധവയാകേണ്ടി വന്ന ഒരു സ്ത്രീയുടെ കഷ്ടതകള്‍ നേരില്‍ കണ്ടതിനെ തുടര്‍ന്നാണ് പിഎന്‍സി മേനോന് ഇത്തരം ഒരു സംരംഭത്തിന് തുടക്കം കുറിച്ചത്. നിലവില്‍ കിഴക്കഞ്ചേരി പഞ്ചായത്ത് പരിധിയിലുള്ള 46 വിധവകളായ അമ്മമാരുടെയും അവരുടെ 97 കുട്ടികളുടെയും ഉന്നമനത്തിനുള്ളതാണ് ഈ പദ്ധതി. അവര്‍ക്ക് എല്ലാ മാസവും ജീവിക്കാനുള്ള അടിസ്ഥാന അലവന്‍സ്, വസ്ത്രം, വൈദ്യസഹായം മറ്റ് ആവശ്യങ്ങള്‍ക്കുള്ള സഹായം എന്നിവയും നല്കുന്നു. ഇത്തരത്തില്‍ ഉള്ള സ്ത്രീകള്‍ക്കും അവരുടെ മക്കള്‍ക്കും താമസിക്കുന്നതിനായി 18 അപ്പാര്‍ട്മെന്റുകള്‍ ശോഭ ഹെര്‍മിറ്റേജിന്റെ ഭാഗമായി നിര്‍മിച്ചിരിക്കുന്നു. ഇവര്‍ക്ക് വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തില്‍ ശോഭ ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ ജോലി നല്കുന്നു. താമസം , ഭക്ഷണം,കുട്ടികളുടെ വിദ്യാഭ്യാസം എന്നിവ പൂര്‍ണ സൗജന്യമാണ്. ഇതില്‍ പുനര്‍വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനു വേണ്ട പൂര്‍ണമായ മാനസിക സാമ്പത്തിക പിന്തുണയും നല്കുന്നു.ഇത് വരെ ഇത്തരത്തില്‍ ഏഴ് പേരുടെ പുനര്‍വിവാഹം നടന്നു.
ശോഭ സ്ത്രീധന രഹിത സമൂഹവിവാഹം
സമൂഹത്തിലെ മറ്റൊരു ഗുരുതരമായ പ്രശ്നമാണ് നിര്ധനരായതുകൊണ്ടു മാത്രം വിവാഹം നടക്കാതിരിക്കല്‍, നടന്നാല്‍ തന്നെ ഉപേക്ഷിക്കപെടല്, വിവാഹാവശ്യത്തിനായി വസ്തു പണയപ്പെടുത്തുകയോ, വില്‍ക്കപ്പെടുകയോ ചെയ്യല്വഴി സാമ്പത്തികമായി കടബാധ്യതയില്‍ അകപ്പെടുക തുടങ്ങിയവ.അതിനുള്ള പ്രായോഗിക പരിഹാരമാണ് ഈ സമൂഹവിവാഹങ്ങള്‍. ട്രസ്റ്റ് ഇതുവരെയായി 590 സൗജന്യ സ്ത്രീധനരഹിത വിവാഹങ്ങള്‍ നടത്തിയിട്ടുണ്ട്. പ്രതിവര്‍ഷം 40 പേര് സമൂഹവിവാഹങ്ങളിലൂടെ വിവാഹിതരാവുന്നു. വിവാഹപൂര്‍വ്വ ബോധവത്കരണവും, വിവാഹശേഷ സഹായവും ട്രസ്റ്റ് ചെയ്തുവരുന്നു.
മേല്‍പ്പറഞ്ഞ സൗകര്യങ്ങള്‍ക്ക് പുറമേ സ്ത്രീകള്‍ക്കായി വിവിധ തൊഴില്‍ പരിശീലനങ്ങള്‍, വിവിധ ധനസഹായങ്ങള്‍, വൊക്കേഷണല്‍ ട്രൈനിംഗ് എന്നിവയും പിഎന്‍സി മേനോന് നടത്തുന്നു. ശോഭ കമ്യൂണിറ്റി സെന്റര്‍ എന്ന പേരില്‍ വിവാഹങ്ങള്‍ക്കും മറ്റ് ആഘോഷങ്ങള്‍ക്കുമായി ഒരു സെന്റര്‍ അദ്ദേഹം നടത്തുന്നുണ്ട്. സ്ത്രീധന രഹിത വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം പരിസ്ഥിതി സംരക്ഷണത്തെ മുന്‍നിര്‍ത്തി വിവിധങ്ങളായ പദ്ധതികള്‍ ആവിഷ്കരിക്കുകയും ചെയ്യുന്നു. ശോഭഗ്രാമം എന്ന പദ്ധതിക്ക് കീഴില്‍ കഴിഞ്ഞ 12 വര്‍ഷത്തിനുള്ളില്‍ മികച്ച വികസനമാണ് വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര പഞ്ചായത്തുകള്‍ കാഴ്ചവച്ചിരിക്കുന്നത്.