വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളിലെ വികസനം

വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളിലെ വികസനം

വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 കോടി രൂപയുടെ വികസന പദ്ധതി സ്വാഗതാര്‍ഹമാണ്

വികസന പദ്ധതികളില്‍ നിന്ന് പലപ്പോഴും മാറ്റി നിര്‍ത്തപ്പെടാറുണ്ട് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍. അത്തരത്തില്‍ മുഖ്യധാരയില്‍ നിന്ന് തങ്ങള്‍ മാറ്റി നിര്‍ത്തപ്പെടലുണ്ടെന്ന തോന്നല്‍ കൂടിയാണ് പലപ്പോഴും സംഘര്‍ഷാത്മകസാഹചര്യങ്ങള്‍ ഉണ്ടാക്കുന്നത്. പല സര്‍ക്കാരുകളും വേണ്ടത്ര പ്രാധാന്യം അവിടങ്ങളിലേക്ക് നല്‍കിയില്ല. അതുകൊണ്ടുതന്നെ അവരില്‍ അന്യതാ ബോധം വളര്‍ന്നുവരികയും ചെയ്തു. എന്നാല്‍ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി ചുമതലയേറ്റ ശേഷം അദ്ദേഹം വടക്കുകിഴക്കന്‍ മേഖലയ്ക്ക് പ്രത്യേക പരിഗണന നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട്. അത് സ്വാഗതാര്‍ഹവുമാണ്.

വടക്ക് കിഴക്കന്‍ മേഖലയെ മാത്രം ഫോക്കസ് ചെയ്ത് മോദി പലവിധത്തിലുള്ള പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്. കുറഞ്ഞ പക്ഷം ആ സംസ്ഥാനങ്ങളെ വേണ്ട രീതിയില്‍ ഡെല്‍ഹി പരിഗണിക്കുന്നുണ്ടെന്ന തോന്നലെങ്കിലും ഇപ്പോള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇവിടങ്ങളിലെ വികസനത്തിന്റെ വേഗത ത്വരിതപ്പെടുത്തേണ്ടത് അനിവാര്യമായി തീര്‍ന്നിരിക്കുകയാണ്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രശ്‌നങ്ങള്‍ അത്ര വ്യാപകമായി ദേശീയ ശ്രദ്ധയില്‍ പലപ്പോഴും വരാറില്ല. ഇന്ത്യയെ സംബന്ധിച്ചിടത്തോളം തന്ത്രപരമായ പ്രാധാന്യമുള്ളതാണ് വടക്കുകിഴക്കന്‍ മേഖലകള്‍. ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിക്ക് ബദലായി നോര്‍ത്ത് ഈസ്റ്റ് വഴിയുള്ള പാതയാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി. ബംഗ്ലാദേശ്, ഭൂട്ടാന്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സാമ്പത്തിക പാതയ്ക്ക് ശക്തി പകരാന്‍ ഈ മേഖലയിലെ സ്വസ്ഥത അനിവാര്യമാണ്.

ടൂറിസം പോലുള്ള രംഗങ്ങളില്‍ വന്‍കുതിപ്പുണ്ടാക്കാന്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് സാധിക്കും. അതിന് വിവിധതലങ്ങളിലുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും മേഖലയെ കൂടുതല്‍ ഡിജിറ്റല്‍വല്‍ക്കരിക്കുകയും ചെയ്യുകയാണ് വേണ്ടത്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം മേഖലയ്ക്കായി പ്രഖ്യാപിച്ച 10,000 കോടി രൂപയുടെ പദ്ധതി പ്രസക്തമാകുന്നത്. നാല് വര്‍ഷത്തിനുള്ളില്‍ ഏകദേശം 400ഓളം സംരംഭങ്ങളാണ് വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിനായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ഒരു പക്ഷേ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാകാം ബിജെപി സര്‍ക്കാരിന്റെ നീക്കം. എങ്കില്‍ പോലും ഇപ്പറഞ്ഞ പദ്ധതികള്‍ ശരിയായ രീതിയില്‍ നടപ്പാക്കാനായാല്‍ അത് മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കും.

‘ഡിജിറ്റല്‍ നോര്‍ത്ത് ഈസ്റ്റ് വിഷന്‍ 2022’ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് കഴിഞ്ഞ ദിവസം വ്യക്തമാക്കി. വടക്ക് കിഴക്കന്‍ മേഖലയിലെ ഓരോ സംസ്ഥാനത്തിന്റെയും ശക്തിയും ദൗര്‍ബല്യവും ആഴത്തില്‍ പഠിച്ച ശേഷമാണ് ഇത്തരത്തിലൊരു പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. ടെലികോം മേഖലയിലെ അടിസ്ഥാനസൗകര്യവികസനം ശക്തമാക്കുന്ന പദ്ധതികളാണ് കേന്ദ്രം ആസൂത്രണം ചെയ്യുന്നത്. ഇത് മേഖലയിലെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ ഉപകരിക്കുമെന്നാണ് പ്രതീക്ഷ.

 

മൂന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ ബിജെപി അധികാരത്തിലുണ്ട്. അവിടത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഏറ്റവും മികച്ച അവസരമാണിത്. അത് പരമാവധി പ്രയോജനപ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിക്കണം. പാക്കിസ്ഥാന്റെ ഐസ്‌ഐയും ചൈനയും വടക്ക്കീഴക്കന്‍ മേഖലയിലെ സ്വസ്ഥത കെടുത്തുന്നതിന് ആവോളം ശ്രമിച്ചിട്ടുണ്ട്. ഇനിയും അത്തരമൊരു അവസ്ഥ വരരുത്. അതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം വികസനം തന്നെയാണ്.

Comments

comments

Categories: Editorial, Slider
Tags: Development