ഗ്യാസ് വിതരണ പദ്ധതി; 200 ബില്യണ്‍ രൂപയുടെ നിക്ഷേപത്തിനൊരുങ്ങി ഐഒസി

ഗ്യാസ് വിതരണ പദ്ധതി; 200 ബില്യണ്‍ രൂപയുടെ നിക്ഷേപത്തിനൊരുങ്ങി ഐഒസി

57 നഗരങ്ങളില്‍ ഗ്യാസ് വിതരണ ലൈസന്‍സ് നേടുന്നതിനാണ് ഐഒസി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്

ന്യൂഡെല്‍ഹി: സിറ്റി ഗ്യാസ് വിതരണ പദ്ധതികളില്‍ അടുത്ത 5-8 വര്‍ഷത്തിനുള്ളില്‍ 200 ബില്യണ്‍ രൂപയുടെ നിക്ഷേപം നടത്താന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പ് (ഐഒസി) പദ്ധതിയിടുന്നതായി കമ്പനി ചെയര്‍മാന്‍ സഞ്ജീവ് സിംഗ്. പരമ്പരാഗത ഓയില്‍ റിഫൈനിംഗ്, മാര്‍ക്കറ്റിംഗ് ബിസിനസുകള്‍ക്കൊപ്പം ഗ്യാസ് ബിസിനസിലും ശ്രദ്ധകേന്ദ്രീകരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സിറ്റി ഗ്യാസ് വിതരണ പദ്ധതികളിലെ നിക്ഷേപ അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ഐഒസി ഒരുങ്ങുന്നത്.

ഇന്ത്യയുടെ എണ്ണ സംസ്‌കരണ ശേഷിയുടെ മൂന്നിലൊരുഭാഗം പങ്കുവഹിക്കുന്നത് ഐഒസിയാണ്. ഇന്ധന ബിസിനസില്‍ 44 ശതമാനം വിപണി വിഹിതമാണ് കമ്പനിക്കുള്ളത്. ചില വാഹനങ്ങളില്‍ പെട്രോള്‍, ഡീസലിനുപകരം ഇന്ന് സിഎന്‍ജി (കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ്) ഉപയോഗിക്കുന്നുണ്ട്. എല്‍പിജിക്ക് പകരം വീടുകളില്‍ പൈപ്ഡ് കുക്കിംഗ് ഗ്യാസും ലഭ്യമാക്കുന്നുണ്ട്. ഇന്ധന വിപണിയില്‍ തങ്ങളുടെ നേതൃസ്ഥാനം നിലനിര്‍ത്തുന്നതിന് ഈ ബിസിനസുകളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് ഐഒസി ആഗ്രഹിക്കുന്നതെന്ന് സഞ്ജീവ് സിംഗ് പറഞ്ഞു.
57 നഗരങ്ങളില്‍ ഗ്യാസ് വിതരണ ലൈസന്‍സ് നേടുന്നതിനാണ് ഐഒസി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. ഇതില്‍ ഏകദേശം 20ഓളം നഗരങ്ങളില്‍ വാഹനങ്ങളില്‍ സിഎന്‍ജി വിതരണം ചെയ്യുന്നതിനും വീടുകളിലും വ്യവസായ യൂണിറ്റുകളിലും പൈപ്ഡ് പാചക വാതകം എത്തിക്കുന്നതിനുമുള്ള ലൈസന്‍സ് നേടാനാകുമെന്നാണ് ഐഒസി പ്രതീക്ഷിക്കുന്നത്. നിലവില്‍ ആഗ്ര, ലഖ്‌നൗ എന്നിവിടങ്ങളിലെ സിറ്റി ഗ്യാസ് വിതരണ ശൃംഖലയില്‍ ഐഒസി പ്രവര്‍ത്തിക്കുന്നുണ്ട്. ഏകദേശം പത്ത് റീട്ടെയ്ല്‍ ലൈസന്‍സുകളാണ് കമ്പനിക്ക് ഇപ്പോഴുള്ളത്.

20 നഗരങ്ങളിലായി സിഎന്‍ജി വിതരണ സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനും പാചക വാതക പൈപ്പ് ലൈന്‍ ഇടുന്നതിനും ഉള്‍പ്പെടെയാണ് കമ്പനി 200 ബില്യണ്‍ രൂപയുടെ നിക്ഷേപം കണക്കാക്കിയിട്ടുള്ളത്. പ്രതിവര്‍ഷം 80.7 മില്യണ്‍ ടണ്ണിന്റെ റിഫൈനിംഗ് ശേഷിയാണ് ഐഒസിക്കുള്ളത്. ഈ വര്‍ഷം അവസാനിക്കുന്നതിനുമുന്‍പ് തമിഴ്‌നാട്ടിലെ എന്നോരില്‍ പ്രതിവര്‍ഷം അഞ്ച് മില്യണ്‍ ടണ്‍ ശേഷിയുള്ള എല്‍എന്‍ജി ഇറക്കുമതി ടെര്‍മിനല്‍ കമ്മിഷന്‍ ചെയ്യാനുള്ള ശ്രമത്തിലാണ് കമ്പനി.

Comments

comments

Categories: FK News, Slider
Tags: IOC, LPG

Related Articles