”ടൂറിസം, ഹെല്‍ത്ത്കെയര്‍, വിദ്യാഭ്യാസം, ടെക്നോളജി തുടങ്ങിയ മേഖലകളില്‍ നിരവധി വികസന സാധ്യതകള്‍ ഉള്ള സംസ്ഥാനമാണ് കേരളം. എന്നാല്‍ ഈ സാധ്യതകളെ ശരിയായ രീതിയില്‍ വിനിയോഗിക്കുന്നതിനായി കേരളത്തിന് ഒരു ബ്ലൂ ബുക്ക് മാതൃക അനിവാര്യമാണ്.ഭിന്നതകള്‍ മറന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ അത്തരം ഒരു മാതൃക സൃഷ്ടിക്കുന്നതിന് മുന്നിട്ടിറങ്ങേണ്ടതാണ്” കേരളം വികസനത്തെയും തന്റെ സിഎസ്ആര്‍ ലക്ഷ്യങ്ങളെയും പറ്റി ശോഭ ഗ്രൂപ്പ് ചെയര്മാന് പിഎന്‍സി മേനോന് ഫ്യൂച്ചര്‍ കേരളയോട് മനസ് തുറക്കുന്നു…
1 . താങ്കള്‍ സംരംഭകത്വത്തിലേക്ക് കടന്ന കാലത്തെ അപേക്ഷിച്ച്, സംസ്ഥാനം ഏറെ മാറിയിരിക്കുന്നു. ഈ അവസ്ഥയില്‍ കേരളത്തിലെ ബിസിനസ് സാഹചര്യത്തെ എങ്ങനെ വിലയിരുത്തുന്നു ?
മറ്റ് ഇന്ത്യന്‍ സംസ്ഥനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വികസനത്തിന് ഏറെ സാധ്യതകള്‍ ഉള്ള സംസ്ഥാനമാണ് കേരളം. പ്രത്യേകിച്ച് സംരംഭകരംഗത്ത്. കൂടുതല്‍ യുവാക്കള്‍ ബിസിനസിലേക്ക് ഇറങ്ങുന്നതിനെ ഏറെ പ്രതീക്ഷയോടെ വേണം കാണാന്‍. എന്നാല്‍ കേവലം നിക്ഷേപം കൊണ്ട് വന്നത് കൊണ്ട് മാത്രം സംസ്ഥാനം പൂര്‍ണരീതിയില്‍ വികാസം പ്രാപിച്ചു എന്ന് പറയാനാവില്ല. സാമൂഹികവും സാമ്പത്തികവുമായ രീതിയില്‍ പുരോഗതി പ്രാപിക്കുന്നതിനായുള്ള നയങ്ങള്‍ ഇവിടെ ആവിഷ്കരിച്ച് നടപ്പിലാക്കണം. അത് സര്‍ക്കാരിന്റെയും ജനങ്ങളുടെയും കൂട്ടുത്തരവാദിത്വത്തില്‍ മാത്രമേ സാധ്യമാകുകയുള്ളൂ.
2. കേരള വികസനത്തിനായി താങ്കള്‍ ഏത് തരം വികസന പദ്ധതിയാണ് നിര്‍ദ്ദേശിക്കുന്നത് ?
എന്റെ അഭിപ്രായത്തില്‍ വികസനം എന്നത് ഒരൊറ്റ രാത്രികൊണ്ട് സാധ്യമാകുന്ന ഒരു കാര്യമല്ല. വികസനത്തിന് വേണ്ട എല്ലാ സാധ്യതകളും ഇവിടെയുണ്ട്. എന്നാല്‍ അതിനെ ശരിയായ രീതിയില്‍ വിനിയോഗിക്കുക എന്നതാണ് പ്രധാനം. നമ്മള് ഇപ്പോള്‍ വിഭാവനം ചെയ്യേണ്ടത് 35 വര്‍ഷം കഴിഞ്ഞുള്ള കേരളം എങ്ങനെ ഇരിക്കണമെന്നാണ്. അതായത് വികസനപദ്ധതികള്‍ കുറഞ്ഞത് 35 വര്‍ഷമെങ്കിലും മുന്നിട്ട് കാണണം. കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ കക്ഷി രാഷ്ട്രീയ ചിന്തകള്‍ മറന്ന്, സംസ്ഥാന വികസനത്തിനായി മുന്നോട്ട് വരണം എന്നാണ് എനിക്ക് പറയാനുള്ളത്. രാഷ്ട്രീയത്തില്‍ സജീവമായ എല്ലാ വ്യക്തികളുടെയും കൂട്ടുത്തരവാദിത്വത്തില്‍ ഒരു വികസന നയം രൂപവത്ക്കരിക്കണം.
ഏതെല്ലാം മേഖലയില്‍ വികസനം സാധ്യമാകുമെന്നും അതിനുള്ള നിക്ഷേപം എങ്ങനെ കണ്ടെത്താം എന്നും സംബന്ധിച്ച് മികച്ച ഒരു പദ്ധതി തയ്യാറാക്കണം. ഒരു ബ്ലൂ ബുക്ക് മാതൃകയെന്ന് നമുക്കതിനെ വിളിക്കാം. ബിസിനസില്‍ എന്തെല്ലാം കാര്യങ്ങള്‍ സാധ്യമാണ് , ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ എന്തെല്ലാമാണ് എന്നതെല്ലാം സംബന്ധിച്ച് വ്യക്തമായ ഒരു പദ്ധതി ബ്ലൂ ബുക്കില്‍ ഉണ്ടായിരിക്കണം.ഇത് പ്രകാരമാണ് ഇവിടെ നിക്ഷേപം വരേണ്ടതും ബിസിനസ് വികസിക്കേണ്ടതും. സംരക്ഷിക്കപ്പെടേണ്ട മേഖലകളെ സംരക്ഷിച്ചു കൊണ്ടാകണം ഇത്തരത്തില്‍ ഒരു മാതൃക സൃഷ്ടിക്കേണ്ടത്.
3. താങ്കളുടെ അഭിപ്രായത്തില്‍ വികസന കാര്യത്തില്‍ കേരളം നേരിടുന്ന പ്രധാന വെല്ലുവിളികള്‍ എന്തെല്ലാമാണ്?
മികച്ച ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതയാണ് പ്രധാന പ്രശ്നം. ഒപ്പം പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള കാലതാമസവും നിക്ഷേപകരെ കേരളത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നു. ഉദാഹാരണമായി പറയുകയാണ് എങ്കില്‍ വെറും 35 കിലോ മീറ്റര്‍ മാത്രം വരുന്ന ഒരു ദേശീയപാത നിര്‍മിക്കുന്നതിന് രണ്ടു വര്‍ഷത്തിലേറെ സമയമാണ് കേരളത്തില്‍ എടുക്കുന്നത്. ഇതൊരിക്കലും അംഗീകരിക്കാന്‍ കഴിയുന്ന ഒരു കാര്യമല്ല. അറിവിന്റെനയും കഴിവിന്റെകയും കാര്യത്തില്‍ ഏറെ മുന്‍പന്തിയില്‍ നില്ക്കുന്ന ഒരു ജനതയാണ് കേരളത്തിലുള്ളത്. എന്നാല്‍ ഇത്തരം ചുവപ്പ് നാടകള്‍ വികസനത്തിന് തടസം സൃഷ്ടിക്കുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളില്‍ പദ്ധതികള്‍ പൂര്‍ത്തീകരിക്കുക എന്നതാണ് വികസനത്തിന്റെ ആദ്യപാഠം.
4. താങ്കളുടെ അഭിപ്രായത്തില്‍ വികസനത്തെ അധിഷ്ഠിതമാക്കി കേരളം പ്രാധാന്യം നല്‍കേണ്ടത് ഏതെല്ലാം മേഖലകള്‍ക്കാണ്?
ടൂറിസവും ടെക്നോളജിയുമാണ് കേരളവികസനത്തിന് ഏറ്റവും ഉചിതമായ രണ്ടു മേഖലകള്‍. ദൈവത്തിന്റെ സ്വന്തം നാട് എന്ന് ബ്രാന്‍ഡ് ചെയ്യപ്പെട്ട കേരളത്തിന് ഇപ്പോഴും ഈ രംഗത്തെ സാധ്യതകളെ പൂര്‍ണമായും വിനിയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ കേരളത്തിന് ദുബായ് നഗരത്തെ മാതൃകയാക്കാവുന്നതാണ്. നമുക്കിവിടെ മൂലധനനിക്ഷേപത്തിനും സര്‍ക്കാര്‍ പിന്തുണയ്ക്കും ഉള്ള സാഹചര്യം ഉണ്ട്. അതിനാല്‍ പ്രകൃതിക്ക് ഹാനികരമാകാത്ത രീതിയില്‍ കൂടുതല്‍ റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍ എന്നിവയ്ക്കുള്ള സാധ്യതയെ നാം വിനിയോഗിക്കണം.
ജനസാന്ദ്രത ഏറെ കൂടുതലുള്ള സംസ്ഥാനമാണ് കേരളം അതിനാല്‍ വന്‍ നിക്ഷേപം മുടക്കി ധാരാളം സ്ഥലം വിനിയോഗിക്കേണ്ടി വരുന്ന വ്യവസായങ്ങള്‍ ഭാവിയില്‍ സാധ്യമാകില്ല. പ്രകൃതിക്ക് ക്ഷതമേല്‍ക്കാത്തതും മലിനീകരണം ഇല്ലാത്തതുമായ വ്യവസായം എന്ന നിലക്ക് ടെക്നോളജിയുടെ സാധ്യതകളെ നാം വേണ്ട വിധത്തില്‍ വിനിയോഗിക്കേണ്ടിയിരിക്കുന്നു. അഭ്യസ്തവിദ്യരായ ജനതയും ശാസ്ത്രത്തിന്റെ വളര്‍ച്ചയും ഇക്കാര്യത്തില്‍ നമുക്ക് മുതല്‍ക്കൂട്ടാകും
5. ഗിവിംഗ് പ്ലെഡ്ജ് ഇനിഷ്യേറ്റവിന്റെ ഭാഗമായി തന്റെ സമ്പത്തിന്റെ പകുതി ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ക്ക് നല്കിയ വ്യക്തിയാണ് താങ്കള്‍, കൂടുതല്‍ കോര്‍പ്പറേറ്റുകള്‍ ഈ മാതൃക പിന്തുടരേണ്ടതിന്റെ ആവശ്യകതയെ പറ്റി എന്താണ് പറയാനുള്ളത് ?
ഒരു ബിസിനസുകാരന് ഉണ്ടാക്കുന്നതത്രയും സമൂഹത്തിന്റെ ഭാഗമാണ്. അതിനാല്‍ നേടുന്ന വരുമാനത്തിന്റെ ഒരു ഭാഗം സമൂഹത്തിന് തിരിച്ചു നല്കാന് അയാള്‍ ബാധ്യസ്ഥനാണ് എന്നാണ് എന്റെ പക്ഷം. ഗിവിംഗ് പ്ലെഡ്ജിന്റെ ഭാഗമാകുന്നതിന്റെ എത്രയോ മുന്‍പ് തന്നെ അത്തരത്തില്‍ ഒരു തീരുമാനം എടുത്ത വ്യക്തിയാണ് ഞാന്‍. 35 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കൃത്യമായി പറഞ്ഞാല്‍ ഞാന്‍ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്നത്. ഈ സമൂഹത്തില്‍ നിന്നും വരുമാനം നേടുന്ന ഓരോ സംരംഭകനും വരുമാനത്തിന്റെ ഒരു പങ്ക് സമൂഹത്തിന്റെ ഉന്നമനത്തിനായി ചെലവഴിക്കുക തന്നെ വേണം.നാം നിലനില്‍ക്കുന്ന സമൂഹത്തിന്റെ ഉന്നമനം തന്നെയാണ് നമ്മുടെ വളര്‍ച്ചയുടെ ആധാരവും.
6. താങ്കളുടെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഏറിയ പങ്കും വിദ്യാഭ്യാസമേഖലയില്‍ ആണല്ലോ, എന്തുകൊണ്ടാണത് ?
വിദ്യാഭ്യാസവും സ്ത്രീ ശാക്തീകരണവുമാണ് ഞാന്‍ പ്രാധാന്യം നല്കുന്ന മേഖലകള്‍. വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഒരു ജനതയെ വികസനത്തിന്റെ പാതയിലേക്ക് കൈപിടിച്ചു നടത്താനാകൂ. നന്നായി ചിന്തിക്കുന്ന, മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്ന സമൂഹത്തെയാണ് നമുക്ക് ആവശ്യം. അത് പോലെ സ്ത്രീകളാണ് ഒരു സമൂഹത്തിന്റെ കരുത്ത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു കുടുംബത്തില്‍ നിര്‍ണായകമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ സ്ത്രീകള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. ആ ഒരു സ്ഥാനം സമൂഹത്തിലും ഉറപ്പിക്കേണ്ടതായുണ്ട്.അതിനാല്‍ ഞാന്‍ പ്രാധാന്യം നല്‍കുന്നത് ഈ രണ്ട് മേഖലയുടെ വികസനത്തിനാണ്. നിലവില്‍ 1138 വിദ്യാര്‍ത്ഥികള്‍ക്കാണ് ശോഭ അക്കാദമിക്ക് കീഴില്‍ പഠന സൗകര്യം ഒരുക്കിയിരിക്കുന്നത്. അഖിലേന്ത്യാതലത്തില്‍ പ്രതിവര്‍ഷം 12000 പേര് പഠിക്കുന്ന പദ്ധതികള്‍ ആണ് എന്റെ ലക്ഷ്യം.
7. ബിസിനസ് വ്യക്തി ജീവിതത്തില്‍ താങ്കളുടെ ഭാവി പദ്ധതികള്‍ ?
ഏറ്റെടുത്തിരിക്കുന്ന പ്രൊജക്റ്റുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുക എന്നതിനാണ് എക്കാലത്തും പ്രാധാന്യം നല്‍കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യ മാതൃരാജ്യവും ഒമാന്‍ പിതൃരാജ്യവുമാണ്. ഞാന്‍ ഇന്ന് എന്താണോ അതിന് കാരണം ഒമാന്‍ ആണ്. അതിനാല്‍ ഒമാന്റെ വികസനത്തിനും സ്ത്രീശാക്തീകരണത്തിനുമായുള്ള പദ്ധതികള്‍ കൂടുതല്‍ ശക്തമാക്കും. എനിക്ക് ഒമാനില്‍ വച്ച് റിട്ടയര്‍ ചെയ്യണം എന്നാണ് ആഗ്രഹം. ഇന്ത്യയില്‍ വന്ന് സ്ഥിരതാമസമാക്കുന്നതിന് പദ്ധതികള്‍ ഇല്ല. കാരണം കഴിഞ്ഞ 40 വര്‍ഷമായി ഞാനും കുടുംബവും ഒമാന്റെ ഭാഗമാണ് എന്നത് തന്നെ.എന്നിരുന്നാലും എല്ലാ മാസവും ഞാന്‍ കേരളത്തില്‍ വരും.ഇന്ത്യ എന്റെ ഹൃദയത്തോട് എന്നും ചേര്‍ന്നിരിക്കുന്നു.