ഓഹരികള്‍ വിറ്റ് 400 ദശലക്ഷം ഡോളര്‍ സമാഹരിക്കാന്‍ ജെറ്റ്

ഓഹരികള്‍ വിറ്റ് 400 ദശലക്ഷം ഡോളര്‍ സമാഹരിക്കാന്‍ ജെറ്റ്

ബ്ലാക്ക് സ്‌റ്റോണ്‍, ടിപിജി, ഇന്‍ഡിഗോ കാപ്പിറ്റല്‍ തുടങ്ങിയ ആഗോള നിക്ഷേപ സ്ഥാപനങ്ങളെ കമ്പനി സമീപിച്ചു; ഫ്രീക്വന്റ് ഫഌയിംഗ് പ്രോഗ്രാമിലെ ഓഹരികളും കമ്പനി കൈമാറിയേക്കും

 

മുംബൈ: സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങളില്‍ നിന്നും ഓഹരി വില്‍പ്പനയിലൂടെ 350-400 ദശലക്ഷം ഡോളര്‍ വരെ സമാഹരിക്കാന്‍ ജെറ്റ് എയര്‍വേസ് ഔദ്യോഗിക നീക്കം ആരംഭിച്ചു. ബ്ലാക്ക് സ്‌റ്റോണ്‍, ടിപിജി, ഇന്‍ഡിഗോ കാപ്പിറ്റല്‍ തുടങ്ങിയ ആഗോള നിക്ഷേപ സ്ഥാപനങ്ങളെയാണ് കമ്പനി ഇതിനായി സമീപിച്ചിരിക്കുന്നത്. പണത്തിന്റെ അഭാവം മൂലം പ്രതിസന്ധിയിലായ കമ്പനി തങ്ങളുടെ പാദവാര്‍ഷിക ഫലങ്ങള്‍ പ്രഖ്യാപിക്കുന്നത് വൈകിച്ചിരുന്നു. വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് ബാങ്കുകളുടെ നിരീക്ഷണ പട്ടികയിലും കമ്പനി ഉള്‍പ്പെട്ടിരുന്നു.

ഫണ്ട് സമാഹരണത്തിനായി ജെറ്റിന്റെ സ്ഥാപക ചെയര്‍മാനായ നരേഷ് ഗോയലിനെ സഹായിക്കാന്‍ ഒരു ആഗോള നിക്ഷേപ ബാങ്ക് മുന്നോട്ട് വന്നിട്ടുണ്ട്. എത്തിഹാദ് എയര്‍വേസുമായുള്ള പങ്കാളിത്തത്തില്‍ ആരംഭിച്ച തങ്ങളുടെ ഫ്രീക്വന്റ് ഫഌയിംഗ് പ്രോഗ്രാമിലെ ഓഹരികള്‍ വിറ്റ് പണം സമാഹരിക്കുന്നതും ജെറ്റ് പരിഗണിക്കുന്നുണ്ട്. 7,601 കോടി രൂപയോളമാണ് ഈ പ്രോഗ്രാമിന്റെ മൂല്യം. 8.5 ദശലക്ഷം പേര്‍ക്കാണ് നിലവില്‍ പദ്ധതിയില്‍ അംഗത്വമുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രോഗ്രാമിന്റെ വരുമാനത്തില്‍ 25 ശതമാനം വര്‍ധനയുണ്ടായിരുന്നു.

ഇന്ധന വില വര്‍ധന മൂലം പ്രവര്‍ത്തന ചെലവിലുണ്ടായിക്കൊണ്ടിരിക്കുന്ന ഭീമമായ വളര്‍ച്ചയും രൂപയുടെ മൂല്യത്തകര്‍ച്ചയും കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ താളം തെറ്റിച്ചുകൊണ്ടിരിക്കുകയാണ്. അറ്റകുറ്റപ്പണികള്‍, ശമ്പള വിതരണം തുടങ്ങി വിവിധ രംഗങ്ങളിലെ ചെലവുകള്‍ നിറവേറ്റാന്‍ കമ്പനി പെടാപ്പാട് പെടുകയാണെന്ന് ചൂണ്ടിക്കാണിക്കപ്പടുന്നു. ഫണ്ടിനായി ഡെല്‍റ്റ എയര്‍ലൈന്‍ പോലുള്ള എയര്‍ലൈന്‍ പങ്കാളികളുടെ സഹകരണവും കമ്പനി തേടുന്നുണ്ട്. കമ്പനിയില്‍ 24 ശതമാനം ഓഹരികളുള്ള എത്തിഹാദ് കൂടുതല്‍ നിക്ഷേപം നടത്താന്‍ വിമുഖത കാണിക്കുകയാണ്. കമ്പനിയിലേക്ക് കൂടുതല്‍ ഫണ്ട് ഒഴുക്കുന്നതിനായി പ്രാഥമിക ഓഹരി മൂലധനം സമാഹരിക്കാന്‍ പുതിയ ഓഹരികള്‍ പുറപ്പെടുവിക്കാനും ജെറ്റ് ശ്രമിക്കുന്നുണ്ട്.

അതേസമയം വിഷയവുമായി ബന്ധപ്പെട്ട് ജെറ്റ് പ്രതികരിച്ചിട്ടില്ല. യുഎസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സെര്‍ബറസ് കാപ്പിറ്റല്‍ മാനേജ്‌മെന്റിനെയും ഓഹരി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് കമ്പനി സമീപിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Comments

comments

Categories: Top Stories
Tags: Jet Airways