100 ജിഗാവാട്ട് സൗരോര്‍ജ ഉല്‍പ്പാദനത്തിലെത്താന്‍ ഇന്ത്യക്ക് കഴിയില്ല: ക്രിസില്‍

100 ജിഗാവാട്ട് സൗരോര്‍ജ ഉല്‍പ്പാദനത്തിലെത്താന്‍ ഇന്ത്യക്ക് കഴിയില്ല: ക്രിസില്‍

 

2014-2018 കാലയളവില്‍ വെറും 20 ജിഗാവാട്ട് ഉല്‍പ്പാദന ശേഷിയാണ് കൂട്ടിച്ചേര്‍ത്തിട്ടുള്ളത്

ന്യൂഡെല്‍ഹി: അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ (2022ഓടെ) 100 ജിഗാവാട്ട് സൗരോര്‍ജ ഉല്‍പ്പാദനം എന്ന ലക്ഷ്യത്തിലെത്താന്‍ ഇന്ത്യക്ക് സാധിക്കില്ലെന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍. നിലവില്‍ 21.65 ജിഗാവാട്ട് സൗരോര്‍ജമാണ് ഇന്ത്യ ഉല്‍പ്പാദിപ്പിക്കുന്നത്. 2022ഓടെ ഇന്ത്യയുടെ സൗരോര്‍ജ ഉല്‍പ്പാദനം 78-80 ജിഗാവാട്ടിലെത്തുമെന്നാണ് ക്രിസിലിന്റെ നിരീക്ഷണം.

ലക്ഷ്യത്തിലെത്താന്‍ കഴിയില്ലെങ്കിലും 2014 മുതല്‍ 2018 വരെയുള്ള കാലയളവിലെ പ്രകടനവുമായി താരതമ്യം ചെയ്യുമ്പോള്‍ സൗരോര്‍ജ ഉല്‍പ്പാദനത്തില്‍ വലിയ പുരോഗതിയാണ് ഇന്ത്യക്കുണ്ടാകുക. 2014-2018 കാലയളവില്‍ വെറും 20 ജിഗാവാട്ട് ഉല്‍പ്പാദന ശേഷിയാണ് കൂട്ടിച്ചേര്‍ത്തിട്ടുള്ളത്. എന്നാല്‍, ചൈനയില്‍ നിന്നും മലേഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന സോളാര്‍ പാനലുകള്‍ക്ക് അടുത്ത രണ്ട് വര്‍ഷത്തേക്ക് സംരക്ഷണ നികുതി ഏര്‍പ്പെടുത്തിയത് ശേഷി വര്‍ധന മന്ദഗതിയിലാക്കുമെന്നും ക്രിസില്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

സൗരോര്‍ജ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാരുകളും ആക്രമണോത്സുകമായ ശ്രമങ്ങളാണ് നടത്തുന്നത്. നിലവില്‍ 7.3 ജിഗാവാട്ട് പദ്ധതിയുടെ നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത സാമ്പത്തിക വര്‍ഷം 1.7 ജിഗാവാട്ടിന്റെ പദ്ധതിക്കുള്ള ടെന്‍ഡര്‍ കൂടി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. , സൗരോര്‍ജ താരിഫ് സംബന്ധിച്ച ആശങ്കകള്‍ ഡെവലപ്പര്‍മാരെ അലട്ടുന്നുണ്ടെന്ന് ക്രിസില്‍ പറയുന്നു. താരിഫ് സംബന്ധിച്ച ആശങ്കകളെ തുടര്‍ന്ന് ജൂലൈയില്‍ 1,000 മെഗാവാട്ട് പദ്ധിയുടെ ലേലമാണ് യുപി റദ്ദാക്കിയത്. 950 മെഗാവാട്ടിന്റെ സോളാര്‍ ടെന്‍ഡറുകള്‍ എസ്ഇസിഐയും ജൂലൈയില്‍ റദ്ദാക്കിയിരുന്നു.

Comments

comments

Categories: Current Affairs
Tags: 100 gigawatt