ഇന്ത്യന്‍ കറന്‍സി അച്ചടിക്കാന്‍ ചൈനയ്ക്ക് കരാറെന്ന് റിപ്പോര്‍ട്ട്

ഇന്ത്യന്‍ കറന്‍സി അച്ചടിക്കാന്‍ ചൈനയ്ക്ക് കരാറെന്ന് റിപ്പോര്‍ട്ട്

രാജ്യ സുരക്ഷയെ ബാധിക്കുന്ന ഗുരുതര വിഷയമെന്ന് ശശി തരൂര്‍

ബീയ്ജിംഗ്: ഇന്ത്യന്‍ കറന്‍സി അച്ചടിക്കാന്‍ ചൈനയുടെ ബാങ്ക് നോട്ട് പ്രിന്‍ഡിംഗ് ആന്‍ഡ് മൈനിംഗ് കോര്‍പ്പറേഷന് കരാര്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. ചൈനീസ് ഓണ്‍ലൈന്‍ മാധ്യമം സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്ത്യയ്ക്ക് പുറമെ നേപ്പാള്‍, തായ്‌ലന്റ്, ബംഗ്ലാദേശ്, ശ്രീലങ്ക, മലേഷ്യ എന്നീ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെയും പോളണ്ട്, ബ്രസീല്‍ എന്നീ രാജ്യങ്ങളുടെയും കറന്‍സിയും ചൈന അച്ചടിക്കുമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ദക്ഷിണേഷ്യ, മധ്യേഷ്യ, ഗള്‍ഫ് മേഖല, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളുമായി കരമാര്‍ഗവും കടല്‍മാര്‍ഗവും ബന്ധം സ്ഥാപിക്കുന്നതിനായി 2013ല്‍ ചൈന വണ്‍ ബെല്‍റ്റ് വണ്‍ റോഡ് (ഒബിഒആര്‍) പദ്ധതി ആവിഷ്‌കരിച്ചിരുന്നു. ഈ പദ്ധതിക്ക് ശേഷമാണ് നോട്ടുകള്‍ അച്ചടിക്കാനുള്ള കൂടുതല്‍ കരാറുകള്‍ ലഭിച്ചതെന്ന് ചൈന ബാങ്ക് നോട്ട് പ്രിന്റിംഗ് ആന്‍ഡ് മൈനിംഗ് കോര്‍പ്പറേഷന്‍ പ്രസിഡന്റ് ലിയു ഗുയിഷെങിനെ ഉദ്ധരിച്ച് സൗത്ത് ചൈനാ മോണിംഗ് പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇന്ത്യ ഒബിഒആര്‍ പദ്ധതിയില്‍ പങ്കുചേര്‍ന്നിട്ടില്ല.

ചൈന ബാങ്ക് നോട്ട് പ്രിന്റിംഗ് ആന്‍ഡ് മൈനിംഗ് കോര്‍പ്പറേഷനില്‍ ചൈനയുടെ കറന്‍സികള്‍ അച്ചടിക്കുന്നത് കുറവാണ്. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നും ലഭിച്ച കരാര്‍ പ്രകാരം രാജ്യവ്യാപകമായി എല്ലാ അച്ചടി കേന്ദ്രങ്ങളും പൂര്‍ണ തോതില്‍ പ്രവര്‍ത്തന സജ്ജമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ കറന്‍സികള്‍ അച്ചടിച്ച് ഉപയോഗിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.

അതേസമയം, ചൈന ഇന്ത്യന്‍ കറന്‍സി അച്ചടിക്കുന്നുവെന്ന വാര്‍ത്ത യാഥാര്‍ത്ഥ്യമാണെങ്കില്‍ അത് രാജ്യത്തിന്റെ സുരക്ഷയെ തന്നെ ബാധിക്കുന്ന അതീവ ഗുരുതര വിഷയമാണെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ട്വീറ്റ് ചെയ്തു. പാക്കിസ്ഥാനില്‍ നിന്നുള്ള കള്ളനോട്ട് അച്ചടിക്ക് ഇത് എളുപ്പമാക്കുമെന്നും അരുണ്‍ ജെയ്റ്റ്‌ലിയെയും നിലവില്‍ ധനവകുപ്പ് കൈകാര്യം ചെയ്യുന്ന പീയുഷ് ഗോയലിനെയും ടാഗ് ചെയ്തുകൊണ്ട് ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

Comments

comments

Categories: Current Affairs, Slider