സ്വതന്ത്ര ഇന്ത്യയിലെ ടോപ് 5 മോട്ടോര്‍സൈക്കിളുകള്‍

സ്വതന്ത്ര ഇന്ത്യയിലെ ടോപ് 5 മോട്ടോര്‍സൈക്കിളുകള്‍

സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ വിറ്റ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ചതും പ്രശസ്തവുമായ ചില ഇരുചക്ര വാഹനങ്ങള്‍

നിലവില്‍ ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന വിപണിയാണ് ഇന്ത്യ. എന്നാല്‍ 1947 ല്‍ സ്വാതന്ത്ര്യം ലഭിച്ചശേഷം ഈ സവിശേഷ പദവിയിലെത്തുന്നതിന് മുമ്പ് ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കിയ മോട്ടോര്‍സൈക്കിളുകള്‍ നിരവധിയാണ്. ഏഴ് പതിറ്റാണ്ട് കാലത്തിനിടെ, സ്വതന്ത്ര ഭാരതത്തില്‍ വിറ്റ ആദ്യ മോട്ടോര്‍സൈക്കിളുകളിലൊന്നായ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് എന്ന പ്രതാപി മുതല്‍ 2 സ്‌ട്രോക്ക് ആവേശമായ യമഹ ആര്‍ഡി350 വരെയുള്ള ബൈക്കുകള്‍ ഇന്ത്യന്‍ നിരത്തുകളിലൂടെ ചീറിപ്പാഞ്ഞു. രാജ്യം 72 ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയില്‍, സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ വിറ്റ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ചതും പ്രശസ്തവുമായ ചില ഇരുചക്ര വാഹനങ്ങള്‍ അറിയാം.

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 

സ്വാതന്ത്ര്യം ലഭിച്ചശേഷം ഇന്ത്യയില്‍ വിറ്റ ആദ്യ മോട്ടോര്‍സൈക്കിളുകളിലൊന്നായിരുന്നു റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്. ഭാരതത്തിന്റെ അതിര്‍ത്തികളില്‍ റോന്തുചുറ്റുന്നതിനാണ് ഈ ബൈക്കുകള്‍ ആദ്യം ഉപയോഗിച്ചിരുന്നത്. അതേസമയം ഇന്ത്യന്‍ കരസേനയുടെ ഇഷ്ടം പിടിച്ചുപറ്റാന്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിന് അതിവേഗം സാധിച്ചു. എന്നാല്‍ വ്യവസായവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ഇന്ത്യയില്‍ നിര്‍മ്മിക്കണമെന്ന് ഭാരത സര്‍ക്കാര്‍ ആഗ്രഹിച്ചു. അങ്ങനെയാണ് മദ്രാസില്‍ ഫാക്റ്ററി സ്ഥാപിക്കുന്നതിന് യുകെ റോയല്‍ എന്‍ഫീല്‍ഡും മദ്രാസ് മോട്ടോഴ്‌സ് ഓഫ് ഇന്ത്യയും തമ്മില്‍ 1955 ല്‍ പങ്കാളിത്തം സ്ഥാപിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡിന്റെ ഇംഗ്ലണ്ടിലെ റെഡ്ഡിച്ച് ഫാക്റ്ററിയില്‍നിന്ന് ബുള്ളറ്റ് 350 മോട്ടോര്‍സൈക്കിളിന്റെ കിറ്റുകള്‍ ഇറക്കുമതി ചെയ്ത് മദ്രാസില്‍വെച്ച് മോട്ടോര്‍സൈക്കിളുകള്‍ അസംബിള്‍ ചെയ്തുതുടങ്ങി. 1962 ഓടെയാണ് ബുള്ളറ്റ് 350 ഇന്ത്യയില്‍ നിര്‍മ്മിച്ചുതുടങ്ങിയത്. ഓരോ വര്‍ഷവും ഏതാണ്ട് 20,000 യൂണിറ്റ് ബുള്ളറ്റ് 350 നിര്‍മ്മിച്ചായിരുന്നു തുടക്കം.

നാല്‍പ്പത് വര്‍ഷത്തോളം റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 അതേ സാങ്കേതികവിദ്യയും എന്‍ജിനും ഉപയോഗിച്ചു. എന്നാല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ട് പിറന്നതോടെ ബൈക്കുകളില്‍ നിരവധി സാങ്കേതികമാറ്റങ്ങള്‍ കണ്ടുതുടങ്ങി. അപ്പോഴേയ്ക്കും ഐഷര്‍ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള പൂര്‍ണ്ണ ഇന്ത്യന്‍ കമ്പനിയായി റോയല്‍ എന്‍ഫീല്‍ഡ് മാറിയിരുന്നു. ബുള്ളറ്റ് 350 മോട്ടോര്‍സൈക്കിളില്‍ യൂണിറ്റ് കണ്‍സ്ട്രക്ഷന്‍ എന്‍ജിന്‍ (യുസിഇ) നല്‍കിയെന്നതായിരുന്നു ഏറ്റവും ശ്രദ്ധേയ മാറ്റം. പഴയ കാസ്റ്റ് അയേണ്‍ എന്‍ജിനുകളേക്കാള്‍ വളരെ കൂടുതല്‍ ഇന്ധനക്ഷമത സമ്മാനിക്കുന്നതാണ് യുസിഇ എന്‍ജിന്‍. വലത് വശത്തുനിന്ന് ഇടത് വശത്തേക്ക് ഗിയര്‍ ലിവര്‍ മാറ്റിയതും ഇലക്ട്രിക് സ്റ്റാര്‍ട്ട് അവതരിപ്പിച്ചതുമാണ് മറ്റ് പ്രധാനപ്പെട്ട പരിഷ്‌കാരങ്ങള്‍. എഴുപത് വര്‍ഷങ്ങള്‍ക്കുശേഷവും റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 ഇപ്പോഴും ജനകീയനാണ്. വളരെയധികം വിറ്റുപോകുന്നു.

 

യെസ്ഡി റോഡ്കിംഗ് 

ചെക്ക് റിപ്പബ്ലിക്കിലെ ജാവ മോട്ടോര്‍സൈക്കിളുകളുടെ ഇന്ത്യന്‍ പതിപ്പായിരുന്നു യെസ്ഡികള്‍. 1973 ല്‍ വില്‍പ്പന ആരംഭിച്ചതുമുതല്‍ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച മോട്ടോര്‍സൈക്കിളുകളിലൊന്നായി യെസ്ഡി മാറി. യെസ്ഡിയുടെ നിരവധി മോഡലുകള്‍ വിപണിയില്‍ ഉണ്ടായിരുന്നെങ്കിലും യെസ്ഡി റോഡ്കിംഗ് ആയിരുന്നു ഏറ്റവും പ്രശസ്തന്‍. ഐഡിയല്‍ ജാവയുടെ മൈസൂര്‍ ഫാക്റ്ററിയില്‍ 1978 മുതല്‍ 1996 വരെയാണ് യെസ്ഡി റോഡ്കിംഗ് നിര്‍മ്മിച്ചിരുന്നത്. മോട്ടോര്‍സൈക്കിളിലെ 250 സിസി, സിംഗിള്‍ സിലിണ്ടര്‍, 2 സ്‌ട്രോക്ക് എന്‍ജിന്‍ ഏകദേശം 16 ബിഎച്ച്പി കരുത്തും 24 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിച്ചിരുന്നു. ജാവ സിഇസഡ് 250 മോട്ടോര്‍സൈക്കിള്‍ അടിസ്ഥാനമാക്കി നിര്‍മ്മിച്ചതിനാല്‍ പെര്‍ഫോമന്‍സ്, ഹാന്‍ഡ്‌ലിംഗ് എന്നിവ മികച്ചതായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. 1970 കളില്‍ മോട്ടോക്രോസ് ചാമ്പ്യന്‍ഷിപ്പ് ജയിച്ച ബൈക്കായിരുന്നു ജാവ സിഇസഡ് 250.

 

ഹീറോ ഹോണ്ട സിഡി 100 

ഇന്ത്യയില്‍ ജനപ്രീതിയാര്‍ജ്ജിച്ച മറ്റൊരു മോട്ടോര്‍സൈക്കിളായിരുന്നു ഹീറോ ഹോണ്ട സിഡി 100. ജപ്പാനിലെ ഹോണ്ട മോട്ടോര്‍ കമ്പനിയുമായി 1983 ലാണ് ഹീറോ സംയുക്ത സഹകരണ കരാര്‍ ഒപ്പുവെച്ചത്. ഈ സഹകരണത്തിലൂടെ ആദ്യം വിപണിയിലെത്തിയ ഉല്‍പ്പന്നം 1984 ല്‍ പുറത്തിറക്കിയ ഹീറോ ഹോണ്ട സിഡി 100 ആയിരുന്നു. റണ്ണിംഗ് ചെലവുകള്‍ കുറവായിരുന്നതിനാല്‍ 1980 കളിലും 1990 കളിലും ഹീറോ ഹോണ്ട സിഡി 100 ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഇരുചക്ര വാഹനമായി മാറി. ഇന്ത്യയില്‍ അവതരിപ്പിച്ച ആദ്യ 4 സ്‌ട്രോക്ക് 100 സിസി മോട്ടോര്‍സൈക്കിള്‍ എന്ന ഗമ കൂടി സിഡി 100 മോട്ടോര്‍സൈക്കിളിനുണ്ട്. ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന കമ്പനികളിലൊന്നായി ഹീറോ വളരുന്നതില്‍ സിഡി 100 നിര്‍ണ്ണായക പങ്ക് വഹിച്ചു.

 

യമഹ ആര്‍എക്‌സ് 100 

യുവജനങ്ങളെ ആവേശം കൊള്ളിച്ച മോട്ടോര്‍സൈക്കിളുകളുടെ മുന്‍ നിരയിലാണ് യമഹ ആര്‍എക്‌സ് 100 ബൈക്കിന് സ്ഥാനം. 98 സിസി, 2 സ്‌ട്രോക്ക് എന്‍ജിന്‍ 7,500 ആര്‍പിഎമ്മില്‍ 11 ബിഎച്ച്പി കരുത്തും 6,500 ആര്‍പിഎമ്മില്‍ 10.39 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിച്ചത്. 4 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തുവെച്ചു. 100 കിലോമീറ്റര്‍/മണിക്കൂര്‍ ടോപ് സ്പീഡ് ലഭിക്കുമെന്ന് യമഹ അവകാശപ്പെട്ടിരുന്നു. 1985 ല്‍ ബൈക്കിന്റെ ഉല്‍പ്പാദനം ആരംഭിച്ചു. ആദ്യ 5,000 യൂണിറ്റ് മോട്ടോര്‍സൈക്കിളുകള്‍ ജപ്പാനില്‍നിന്ന് നോക്ക്ഡ് ഡൗണ്‍ കിറ്റുകളായാണ് കൊണ്ടുവന്നത്. യമഹ ആര്‍എക്‌സ് 100 മോട്ടോര്‍സൈക്കിളിന്റെ ഉല്‍പ്പാദനം 1996 വരെ തുടര്‍ന്നു. അവിശ്വസനീയ പെര്‍ഫോമന്‍സ്, അതിവേഗ ഹാന്‍ഡ്‌ലിംഗ് എന്നിവ 1980 കളിലും 1990 കളിലും വലിയ ഹിറ്റായി മാറുന്നതിന് യമഹ ആര്‍എക്‌സ് 100 മോട്ടോര്‍സൈക്കിളിനെ സഹായിച്ചു.

 

യമഹ ആര്‍ഡി 350 

ആര്‍എക്‌സ് 100 കൂടാതെ, 1980 കളില്‍ ഇന്ത്യയില്‍ തരംഗമായ മറ്റൊരു യമഹ മോട്ടോര്‍സൈക്കിളാണ് ആര്‍ഡി 350. ഇന്ത്യയില്‍ വിറ്റ ആദ്യ ഇരട്ട സിലിണ്ടര്‍ പെര്‍ഫോമന്‍സ് മോട്ടോര്‍സൈക്കിളായിരുന്നു യമഹ ആര്‍ഡി 350. 1983 മുതല്‍ 1989 വരെയായിരുന്നു ഇന്ത്യയിലെ വില്‍പ്പന. 347 സിസി, പാരലല്‍-ട്വിന്‍, 2 സ്‌ട്രോക്ക് എന്‍ജിനാണ് മോട്ടോര്‍സൈക്കിളിന് കരുത്തേകിയത്. ഇന്ത്യയില്‍ തുടക്കത്തില്‍ 30.5 ബിഎച്ച്പി പവര്‍ ഔട്ട്പുട്ടാണ് എന്‍ജിന്‍ പുറപ്പെടുവിച്ചത്. ഹൈ ടോര്‍ക്ക് മോഡല്‍ എന്ന വിശേഷണം ലഭിച്ചു. എന്നാല്‍ ഇന്ധനം കൂടുതലായി കുടിക്കാന്‍ തുടങ്ങിയതോടെ 27.5 ബിഎച്ച്പി പരമാവധി പവര്‍ ഉല്‍പ്പാദിപ്പിക്കുന്ന, ഡീട്യൂണ്‍ ചെയ്ത എന്‍ജിന്‍ നല്‍കി. ഇന്ത്യയില്‍ അന്ന് എസ്‌കോര്‍ട്‌സ് ഇന്ത്യയാണ് യമഹ ബൈക്കുകള്‍ നിര്‍മ്മിച്ചിരുന്നത്. മണിക്കൂറില്‍ 140 കിലോമീറ്ററിലധികമായിരുന്നു ആര്‍ഡി 350 ബൈക്കിന്റെ ടോപ് സ്പീഡ്. ഉയര്‍ന്ന പെര്‍ഫോമന്‍സ്, മികച്ച ഹാന്‍ഡ്‌ലിംഗ്, കോംപാക്റ്റ് വലുപ്പം എന്നിവയായിരുന്നു മോട്ടോര്‍സൈക്കിളിന്റെ ആകര്‍ഷക ഘടകങ്ങള്‍.

Comments

comments

Categories: Auto, Slider
Tags: Two wheelers