വിദേശ നിക്ഷേപം രണ്ടു മാസത്തിനകം ലഭിക്കുമെന്ന് ഫ്യൂച്ചര്‍ ഗ്രൂപ്പ്

വിദേശ നിക്ഷേപം രണ്ടു മാസത്തിനകം ലഭിക്കുമെന്ന് ഫ്യൂച്ചര്‍ ഗ്രൂപ്പ്

ഇ-കൊമേഴ്‌സ് വമ്പനായ ആമസോണുമായി ചര്‍ച്ചകള്‍ നടക്കുന്നെന്ന് വൃത്തങ്ങള്‍; 255 നഗരങ്ങളിലായി ഫ്യൂച്ചര്‍ ഗ്രൂപ്പിനുള്ളത് 1,030 സ്റ്റോറുകള്‍

 

മുംബൈ: രണ്ടു മാസത്തിനകം ഒരു വിദേശ നിക്ഷേപക സ്ഥാപനവുമായി പങ്കാളിത്തത്തിലെത്താനാവുമെന്ന് കിഷോര്‍ ബിയാനിയുടെ ഉടമസ്ഥതയിലുള്ള പ്രമുഖ റീട്ടെയ്ല്‍ ശൃംഖലയായ ഫ്യൂച്ചര്‍ റീട്ടെയ്ല്‍ ഗ്രൂപ്പ് വ്യക്തമാക്കി. ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ സ്റ്റോറുകളുമായി ബന്ധപ്പെട്ട കരുത്തുറ്റ ഉപഭോക്തൃ ശൃംഖലയുടെ പിന്‍ബലത്തിലാണ് വിദേശ നിക്ഷേപ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്കെത്തുന്നത്. പ്രതിവര്‍ഷം ശരാശരി 500 ദശലക്ഷം ഉപഭോക്താക്കളാണ് ബിഗ് ബാസാറടക്കം ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ സ്റ്റോറുകള്‍ സന്ദര്‍ശിക്കുന്നത്.

‘നിരവധി കമ്പനികളുടെ ഇടയില്‍ നമുക്ക് എങ്ങനെ പ്രബലരാകാമെന്നതാണ് ആത്യന്തികമായ വിഷയം. ഇത്തരം സാഹചര്യങ്ങളില്‍ സഖ്യമുണ്ടാക്കേണ്ടത് അത്യാവശ്യമാണ്. നിലവില്‍ പത്ത് ശതമാനത്തില്‍ കൂടുതല്‍ ഓഹരികള്‍ വിദേശ നിക്ഷേപര്‍ക്ക് വില്‍ക്കാന്‍ സാധിക്കില്ല. ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്റ്റര്‍ (എഫ്പിഐ) മാത്രമാണ് മുന്നിലുള്ള ഏക പോംവഴി. ഇത് ഫലപ്രാപ്തിയില്‍ എത്തണമെങ്കില്‍ മൂന്ന് മാസത്തോളമെടുക്കും,’ വിദേശ നിക്ഷേപ കമ്പനിയുടെ പേര് പരാമര്‍ശിക്കാതെ ബിയാനി വ്യക്തമാക്കി.

അതേസമയം, ഇ-കൊമേഴ്‌സ് വമ്പനായ ആമസോണുമായാണ് ഫ്യൂച്ചര്‍ ഗ്രൂപ്പ് ചര്‍ച്ചകള്‍ നടത്തുന്നതെന്ന് മേഖലയിലെ വൃത്തങ്ങള്‍ പറയുന്നു. മള്‍ട്ടി ബ്രാന്‍ഡ് റീട്ടെയ്‌ലുകള്‍ക്ക് രാജ്യത്ത് വിദേശ നിക്ഷേപങ്ങള്‍ അനുവദനീയമല്ലെങ്കിലും ആമസോണിന് അതിന്റെ നിക്ഷേപ വിഭാഗത്തിലൂടെ ഇത് സാധ്യമാകും. ഇന്ത്യന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍ ശൃംഖലയായ ഷോപ്പേഴ്‌സ് സ്റ്റോപ്പിന്റെ അഞ്ച് ശതമാനം ഓഹരികള്‍ സ്വന്തമാക്കിയത് ഇത്തരത്തിലാണ്. എഫ്പിഐയായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് ഒരു ഇന്ത്യന്‍ സ്ഥാപനത്തിന്റെ പത്ത് ശതമാനം ഓഹരികള്‍ കരസ്ഥമാക്കാനാകും. ഒരു ഇന്ത്യന്‍ കമ്പനിക്ക് ഒന്നിലേറെ എഫ്പിഐകള്‍ വഴി 49 ശതമാനം ഓഹരികള്‍ വരെ വില്‍ക്കാം.

കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ അര ഡസന്‍ സൂപ്പര്‍ മാര്‍ക്കറ്റ് സ്റ്റോര്‍ ശൃംഖലകളാണ് ബിയാനി ഏറ്റെടുത്തിരിക്കുന്നത്. നിലവില്‍ 255 നഗരങ്ങളിലായി 1,030 സ്റ്റോറുകള്‍ ഫ്യൂച്ചര്‍ ഗ്രൂപ്പിനുണ്ട്. ഏതാണ്ട് 13.6 ദശലക്ഷം ചതുരശ്ര അടി വിസ്തൃതി വരുമിത്. നിലവില്‍ രാജ്യത്ത് 10.8 കോടി ഓണ്‍ലൈന്‍ ഷോപ്പര്‍മാരാണുള്ളതെന്നാണ് അസോചവും റിസര്‍ജന്റും സംയുക്തമായി നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നത്.

Comments

comments

Categories: Business & Economy

Related Articles