കോംപ്ലാന്‍ ഏറ്റെടുക്കാന്‍ കമ്പനികളുടെ മത്സരം

കോംപ്ലാന്‍ ഏറ്റെടുക്കാന്‍ കമ്പനികളുടെ മത്സരം

തങ്ങളുടെ ഉപഭോക്തൃ ഭക്ഷണവിഭാഗത്തിന് ഏകദേശം ഒരു ബില്യണ്‍ ഡോളര്‍ മൂല്യമാണ് ക്രാഫ്റ്റ് ഹെയ്ന്‍സ് പ്രതീക്ഷിക്കുന്നത്

മുംബൈ: ക്രാഫ്റ്റ് ഹെയിന്‍സ് ഇന്ത്യക്കു കീഴിലുള്ള ജനകീയ പോഷക പാനീയ ബ്രാന്‍ഡായ കോംപ്ലാന്‍ ഏറ്റെടുക്കുന്നതിന് രംഗത്തുള്ളത് ഐടിസി ലിമിറ്റഡ്, വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്‍ഡ് ലൈറ്റിംഗ് ലിമിറ്റഡ്, കാഡില ഹെല്‍ത്ത്‌കെയര്‍ എന്നീ വമ്പന്‍ കമ്പനികള്‍. ഈ മൂന്ന് കമ്പനികളും അവസാന തീയതിയായ സെപ്റ്റംബര്‍ 15 നുള്ളില്‍ താല്‍പ്പര്യ പത്രം സമര്‍പ്പിക്കുമെന്നാണ് സൂചന. 700- 800 മില്യണ്‍ ഡോളറിന്റെ ഇടപാടുകള്‍ക്കാണ് താല്‍പ്പര്യ പത്രങ്ങള്‍ സമര്‍പ്പിക്കുക എന്നാണ് വിലയിരുത്തല്‍. ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍മാരായ ജെപി മോര്‍ഗന്‍, ലസാര്‍ഡ് എന്നിവരാണ് ഇടപാടുകള്‍ നിയന്ത്രിക്കുന്നത്.
വിപണിയിലെ എതിരാളിയായ ഹോര്‍ലിക്‌സ് ബ്രാന്‍ഡ് വില്‍ക്കുന്നതിന് ഗ്ലാക്‌സോസ്മിത്ത്‌ക്ലെന്‍ ശ്രമം തുടങ്ങിയതിന് പിന്നാലെയാണ് കോംപ്ലാന്‍ വില്‍ക്കാനുള്ള ക്രാഫ്റ്റ് ഹെയ്ന്‍സിന്റെ ഈ നീക്കം. ഇന്ത്യയിലെ 5,500 കോടി രൂപ മൂല്യമുള്ള പോഷക പാനീയ വിപണിയില്‍ കോംപ്ലാന്റെ വില്‍പ്പന വിഹിതം എട്ട് ശതമാനമാണ്. ഹോര്‍ലിക്‌സിനും കോംപ്ലാനും പുറമെ വിപണിയില്‍ മുന്‍ നിരയിലുള്ളത് കാഡ്ബറിയുടെ ബോണ്‍വിറ്റയും, ജിഎസ്‌കെയുടെ ബൂസ്റ്റുമാണ്. എങ്കിലും ഹോര്‍ലിക്‌സിന്റെയും ബോണ്‍വിറ്റയുടെയും വിപണി വളര്‍ച്ച കുറയുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
യൂറോമോണിറ്റര്‍ ഇന്റര്‍നാഷണലിന്റെ കണക്കുകള്‍ പ്രകാരം 2014 ല്‍ 13.2 ശതമാനമായിരുന്ന കമ്പനികളുടെ വളര്‍ച്ച 2017 ആയപ്പോഴേക്കും 8.6 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പോഷകാഹാര പാനീയ വിപണിയില്‍ കടുത്ത മത്സരത്തിനു വഴിവെച്ച് നിരവധി കമ്പനികള്‍ പുതുതായി കടന്നുവന്നു. വാന്‍ഡര്‍ എജിയുടെ ഒവാല്‍റ്റൈന്‍, കാഡില്ലയുടെ ആക്റ്റിലൈഫ് എന്നീ കമ്പനികള്‍ നിലവിലുള്ള കമ്പനികള്‍ക്ക് വെല്ലുവിളിയുമായി വിപണിയിലേക്ക് ചുവടുവെച്ചു.
ജൂലൈയില്‍ വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്‍ഡ് ലൈറ്റിംഗ്, ഐടിസി, കാഡില്ല, അബോട്ട്, ഇമാമി എന്നീ കമ്പനികളും സ്വകാര്യ ഇക്വിറ്റി ഫണ്ട് സ്ഥാപനങ്ങളായ കാര്‍ലെയില്‍, ബ്ലാക്ക്‌സ്റ്റോണ്‍ എന്നിവയും ക്രാഫ്റ്റ് ഹെയിന്‍സുമായി ഏറ്റെടുക്കല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്ന് ഇക്കേണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കോംപ്ലാനും മറ്റ് ചില ബ്രാന്‍ഡുകളും ഉള്‍പ്പെടുന്ന തങ്ങളുടെ ഉപഭോക്തൃ ഭക്ഷണവിഭാഗത്തിന് ഏകദേശം ഒരു ബില്യണ്‍ ഡോളര്‍ മൂല്യമാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ ന്യൂട്രിഷ്യണല്‍ ബീവ്‌റേജസ് ബിസിനസില്‍ തുടര്‍ച്ചയായി ഉണ്ടായ തളര്‍ച്ച കാരണം 49 മില്യണ്‍ ഡോളറിന്റെ തിരിച്ചടി ഉണ്ടായെന്നാണ് 2017 ല്‍ ക്രാഫ്റ്റ് ഹെയ്ന്‍സ് വിലയിരുത്തിയത്. കോംപ്ലാനിനു പുറമെ ഗ്ലൂക്കോണ്‍-ഡി, നൈസില്‍, സംപ്രീതി നെയ്യ് എന്നീ ബ്രാന്‍ഡുകള്‍ കമ്പനിക്കുണ്ട്്.
ക്രാഫ്റ്റ് ഫുഡ്‌സ്, ഹെയിന്‍സ് എന്നീ കമ്പനികള്‍ ലയിച്ചാണ് 2015 ല്‍ ക്രാഫ്റ്റ് ഹെയിന്‍സ് രൂപീകൃതമായത്.
ആഗോളതലത്തില്‍ ഫുഡ് ആന്‍ഡ് ബിവ്‌റേജ് വിപണിയില്‍ അഞ്ചാം സ്ഥാനത്താണ് ക്രാഫ്റ്റ് ഹെയിന്‍സ്. കാപ്രി സണ്‍, ക്ലാസിക്കോ, ജെല്‍- ഒ, കൂള്‍-എയ്ഡ്, മാക്‌സ്‌വെല്‍ എന്നിവ കമ്പനിയുടെ ആഗോള ബ്രാന്‍ഡുകളാണ്.

Comments

comments

Categories: Business & Economy
Tags: Complan