ബുള്ളറ്റ് ട്രെയ്‌ന് ഡ്രൈവറെ വേണം; യോഗ്യത ജാപ്പനീസ് പരിജ്ഞാനം

ബുള്ളറ്റ് ട്രെയ്‌ന് ഡ്രൈവറെ വേണം; യോഗ്യത ജാപ്പനീസ് പരിജ്ഞാനം

ബിരുദവും ജാപ്പനീസ് ഭാഷാ പാടവവും അടിസ്ഥാന യോഗ്യതകള്‍; ഒന്‍പത് മാസത്തെ പരിശീലനത്തിന് ജപ്പാനിലേക്കയക്കും; ഡ്രൈവറടക്കം 360 ആളുകള്‍ക്ക് അവസരം

 

ന്യൂഡെല്‍ഹി: ജപ്പാന്‍ സഹകരണത്തോടെ നിര്‍മിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ ബുള്ളറ്റ് ട്രെയ്ന്‍ പദ്ധതിയില്‍ ഡ്രൈവര്‍മാരെ കണ്ടെത്താന്‍ നീക്കമാരംഭിച്ചു. ഡ്രൈവര്‍മാരാകാനുള്ള അടിസ്ഥാന യോഗ്യത ബിരുദവും ഒപ്പം ജാപ്പനീസ് ഭാഷാ പരിജ്ഞാനവുമായിരിക്കുമെന്നാണ് സൂചന. ജാപ്പനീസ് പരിജ്ഞാനം നിര്‍ബന്ധമല്ലെങ്കിലും അഭികാമ്യമായി പരിഗണിക്കും. ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കുന്ന ജാപ്പനീസ് സാങ്കേതിക വിദഗ്ധര്‍ക്ക് ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം ഇല്ലാത്തതാണ് ഇന്ത്യയില്‍ നിന്നുള്ള ഡ്രൈവര്‍മാര്‍ക്കും ജാപ്പനീസ് ഭാഷയിലുള്ള പ്രാവീണ്യം ആവശ്യമായി വരാനുള്ള സാഹചര്യം. ജാപ്പനീസ് ഭാഷയിലാവും പരിശീലനം ലഭിക്കുക. ഭാവിയില്‍ സാങ്കേതിക വിഷയങ്ങള്‍ സംബന്ധിച്ച് ആശയ വിനിമയങ്ങള്‍ നടത്തേണ്ടി വരുമ്പോഴും ജാപ്പനീസ് ഭാഷ സഹായകരമായേക്കും. തുടക്കത്തില്‍ 56 ഡ്രൈവര്‍മാരെയും ഏകദേശം അത്ര തന്നെ സ്റ്റേഷന്‍ മാസ്റ്റര്‍മാരെയുമാണ് മുംബൈ-അഹമ്മദാബാദ് അതിവേഗ ബുള്ളറ്റ് ട്രെയ്ന്‍ പദ്ധതിയിലേക്ക് റിക്രൂട്ട് ചെയ്യുക. ഇവര്‍ക്ക് മാനസിക ആരോഗ്യ പരിശോധനയും നടത്തും. പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള നാഷണല്‍ ഹൈ സ്പീഡ് റെയ്ല്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് (എന്‍എച്ച്എസ്ആര്‍സിഎല്‍) ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

‘ഞങ്ങള്‍ ഇക്കാര്യത്തെക്കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുകയാണ്. വിസ്മയകരമായ പലതും നടന്നേക്കാം. ലോകത്തെ ഓരോ രാജ്യത്തും കാര്യങ്ങള്‍ വ്യത്യസ്തമാണ്. മനശക്തിയുടെ പരിശോധന ജപ്പാനിലേതു പോലെ ഇവിടെയും നിര്‍ബന്ധമായിരിക്കും. സാഹചര്യങ്ങളോടുള്ള വ്യക്തികളുടെ പ്രതികരണം വ്യത്യസ്തമായിരിക്കും എന്നിതിനാലാണിത്,’ എന്‍എച്ച്എസ്ആര്‍സിഎല്‍ മാനേജിംഗ് ഡയറക്റ്റര്‍ ആചല്‍ ഖരേ വ്യക്തമാക്കി. വ്യക്തിത്വം, സ്വഭാവം, അഭിരുചി എന്നിവയുടെ അടിസ്ഥാനത്തില്‍ ഒരു വ്യക്തിയുടെ അനുയോജ്യത തീരുമാനിക്കാനാണ് മനശക്തി പരിശോധന നടത്തുക.

വരുന്ന രണ്ട്-മൂന്ന് വര്‍ഷത്തിനിടെ 360 ആളുകളെ പരിശീലനത്തിനായി ജപ്പാനിലേക്ക് അയക്കേണ്ടി വരുമെന്ന് ആചല്‍ ഖരേ വ്യക്തമാക്കി. ഇതില്‍ 56 ആളുകള്‍ക്ക് ഡ്രൈവര്‍മാരായാണ് പരിശീലനം നല്‍കുക. ട്രാക്ക് പരിശോധകര്‍, സിഗ്നല്‍ ഓപ്പറേറ്റര്‍മാര്‍, സ്റ്റേഷന്‍ മാസ്റ്റര്‍ തുടങ്ങിയ ജോലികള്‍ക്കായാവും മറ്റുള്ളവര്‍ക്ക് പരിശീലനം നല്‍കുക. 2019 അവസാനത്തോടെ റിക്രൂട്ട്‌മെന്റ് നടത്തി ആളുകളെ ജപ്പാനിലേക്ക് അയക്കേണ്ടതുണ്ട്. മൂന്ന് മുതല്‍ ഒന്‍പത്് മാസം വരെ നീളുന്ന പരിശീലനമാവും ഇവര്‍ക്ക് ലഭിക്കുക. നിലവില്‍ ഏതാനും എഞ്ചിനീയര്‍മാരെയും സാങ്കേതിക വിദഗ്ധരെയും പദ്ധതിയിലേക്ക് നിയോഗിച്ചിട്ടുണ്ടെന്നും സന്ദര്‍ശനം നടത്തുന്ന ജാപ്പനീസ് വിദഗ്ധരുമായി ഇവരാണ് ആശയവിനിമയം നടത്തുന്നതെന്നും ഖരേ പറഞ്ഞു.

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെയും ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം ഉത്ഘാടനം ചെയ്ത മുംബൈ-അഹമ്മദാബാദ് അതിവേഗ റെയ്ല്‍ ഇടനാഴിയുടെ പണി ജാപ്പനീസ് സാമ്പത്തിക-സാങ്കേതിക സഹകരണത്തോടെയാണ് പൂര്‍ത്തിയാവുക. 2023 ല്‍ ആദ്യ ബുള്ളറ്റ് ട്രെയ്ന്‍ സര്‍വീസ് നടത്താനാണ് പദ്ധതി. മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗതയില്‍ സര്‍വീസ് നടത്തുന്ന ജാപ്പനീസ് ട്രെയ്‌നുകളായ ‘ഷിന്‍കാന്‍സന്‍’ ആണ് ഇന്ത്യയിലും ഉപയോഗിക്കുക. തുടക്കത്തില്‍ 10 കോച്ചുകള്‍ വീതമുള്ള 35 ട്രെയ്ന്‍ സര്‍വീസുകളാണ് നടത്തുക. 508 കിലോമീറ്റര്‍ ദൂരമുള്ള പദ്ധതിക്കായി ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായി വരികയാണ്. 250 രൂപയില്‍ ആരംഭിച്ച് 3,000 രൂപ വരെയാവും ടിക്കറ്റ് നിരക്ക്. ജാപ്പനീസ് ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ 88,000 കോടി രൂപ വായ്പയാണ് കുറഞ്ഞ പലിശ നിരക്കില്‍ പദ്ധതിക്കായി നല്‍കുന്നത്.

Comments

comments

Categories: Current Affairs, Slider
Tags: bullet train