വ്യോമയാന മേഖല പ്രതിസന്ധിയില്‍; സംരക്ഷണം ആവശ്യമെന്ന് അസോചം

വ്യോമയാന മേഖല പ്രതിസന്ധിയില്‍; സംരക്ഷണം ആവശ്യമെന്ന് അസോചം

ഓഹരി വിപണിയിലും കനത്ത തിരിച്ചടിയാണ് വിമാനക്കമ്പനികള്‍ നേരിടുന്നത്

മംഗലൂരു: ഒരു വര്‍ഷം മുന്‍പ് വരെ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്ന ഇന്ത്യന്‍ വ്യോമയാന മേഖല പ്രതിസന്ധി നേരിടുന്നതായി വ്യവസായ സംഘടനയായ അസോചം. മിക്ക വിമാനക്കമ്പനികളും വിപണിയില്‍ അതിജീവിക്കുന്നതിന് സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും അസോചം ചൂണ്ടിക്കാട്ടി.
വിമാന ഇന്ധന വില ഉയര്‍ന്നതും മറ്റ് ചെലവുകള്‍ വര്‍ധിച്ചതുമാണ് വിമാനക്കമ്പനികള്‍ സാമ്പത്തിക ആഘാതം നേരിടാനുള്ള കാരണമായി അസോചം പറയുന്നത്. ഓരോ ആഴ്ച പിന്നിടുമ്പോഴും വ്യോമയാന മേഖലയുടെ സാമ്പത്തികാരോഗ്യം മോശമായി കൊണ്ടിരിക്കുകയാണെന്നും അതുകൊണ്ട് വിമാനക്കമ്പനികള്‍ക്ക് സംരക്ഷണം നല്‍കേണ്ടതുണ്ടെന്നും അസോചം പറഞ്ഞു. സ്വകാര്യ മേഖല, പൊതു മേഖല എന്ന വേര്‍തിരിവില്ലാതെ കമ്പനികള്‍ക്ക് സാമ്പത്തികാരോഗ്യം വീണ്ടെടുക്കുന്നതിനുള്ള സഹായം നല്‍കണമെന്നാണ് വ്യവസായ സംഘടനയുടെ നിര്‍ദേശം.
എയര്‍ ഇന്ത്യയുടെ പുനരുജ്ജീവനത്തിന് സര്‍ക്കാര്‍ മൂലധന സഹായം നല്‍കുന്നുണ്ട്. സ്വകാര്യ മേഖലയിലുള്ള വിമാനക്കമ്പനികള്‍ക്ക് എടിഎഫിന്റെ (ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനം) നികുതി നിരക്കും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചുമത്തുന്ന മറ്റ് നികുതി നിരക്കുകളും കുറച്ചുകൊണ്ട് പിന്തുണ നല്‍കാനാകുമെന്ന് അസോചം സെക്രട്ടറി ജനറല്‍ ഡി എസ് റാവത്ത് പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടി. ഉയര്‍ന്ന തൊഴില്‍ ശേഷിയുള്ള മേഖലയാണ് വ്യോമയാന രംഗം. മേഖലയ്ക്ക് സംരക്ഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഓഹരി വിപണിയിലും കനത്ത തിരിച്ചടിയാണ് വിമാനക്കമ്പനികള്‍ നേരിടുന്നത്. ഒരു വര്‍ഷം മുന്‍പ് വരെ വിപണിയില്‍ വിമാനക്കമ്പനികളുടെ ഓഹരികള്‍ക്ക് ന്യായമായ വില ലഭിച്ചിരുന്നു. നിലവില്‍ വിമാനക്കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപകര്‍ക്ക് താല്‍പ്പര്യം കുറയുന്നതാണ് കാണുന്നത്. ഇത് കമ്പനികളുടെ വിപണി മൂല്യത്തില്‍ 15 മുതല്‍ 40 ശതമാനം വരെ ഇടിവുണ്ടാക്കിയിട്ടുണ്ട്. ഇത് ഇക്വിറ്റി വഴിയോ മറ്റ് വായ്പകളിലൂടെയോ പുതിയ നിക്ഷേപം സമാഹരിക്കാനുള്ള സാധ്യതകള്‍ക്കും മങ്ങലേല്‍പ്പിച്ചുവെന്ന് ഡി എസ് റാവത്ത് വിശദീകരിച്ചു.
വ്യോമയാന രംഗം മൊത്തമായി സാമ്പത്തികാരോഗ്യം മെച്ചപ്പെടുത്തിയില്ലെങ്കില്‍ എയര്‍ ഇന്ത്യയുടെ പുനരുജ്ജീവനവും മന്ദഗതിയിലാകും. രാജ്യത്ത് കുറഞ്ഞ ചെലവിലുള്ള വിമാന യാത്ര പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ആരംഭിച്ച ഉഡാന്‍ പോലുള്ള പദ്ധതികളെയും മേഖലയുടെ മോശം സാമ്പത്തിക സ്ഥിതി പ്രതികൂലമായി ബാധിക്കാനിടയുണ്ട്. നികുതിയില്‍ ഇളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട് സമഗ്രമായ നയ അവലോകനം ആവശ്യമുണ്ടെന്നും അസോചം നിര്‍ദേശിച്ചു.

Comments

comments

Categories: Business & Economy
Tags: ASOCHAM