എയര്‍ ഇന്ത്യയെ രക്ഷിക്കാന്‍ പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍

എയര്‍ ഇന്ത്യയെ രക്ഷിക്കാന്‍ പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡെല്‍ഹി: നഷ്ടത്തിലായ എയര്‍ ഇന്ത്യ ഏറ്റെടുക്കാന്‍ ഒരു കമ്പനി പോലും എത്താത്ത സാഹചര്യത്തില്‍ എയര്‍ ഇന്ത്യയെ കരകയറ്റുന്നതിന് മറ്റൊരു രക്ഷാപദ്ധതി കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നു. ഈ പദ്ധതി പ്രകാരം 30,000 കോടി രൂപ വരെയുള്ള വായ്പ എഴുതിതള്ളുകയും 10,000-11,000 കോടി രൂപ വരെ സാമ്പത്തിക സഹായം നല്‍കുകയും ചെയ്യുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നുള്ള സൂചന.
നിലവില്‍ ഉണ്ടായ നഷ്ടം നികത്തുന്നതും പാക്കേജില്‍ ഉള്‍പ്പെടുമെന്നാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്. കുടിശ്ശിക തീര്‍ത്ത് ബാലന്‍സ്ഷീറ്റ് ക്ലീന്‍ ചെയ്യാന്‍ ഈ പാക്കേജ് കൊണ്ട് സാധിക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ചെറിയ സാമ്പത്തിക സഹായം കമ്പനിക്ക് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുന്നില്ലെന്നും വാണിജ്യപരമായി കമ്പനിയെ ലാഭകരമായ സ്ഥാപനമായി മാറ്റുകയെന്നതാണ് ലക്ഷ്യമിടേണ്ടതെന്നും കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ് എയര്‍ ഇന്ത്യയെ രക്ഷപ്പെടുത്താനുള്ള പുതിയ പദ്ധതി സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടതെന്നാണ് വ്യോമയാന മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. പദ്ധതി നടപ്പിലാക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും അതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും വ്യേമയാന സെക്രട്ടറി ആര്‍എന്‍ ചൗബി പറഞ്ഞു. എന്നാല്‍ പദ്ധതി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.
പദ്ധതി നടപ്പിലാക്കാന്‍ അനുമതി ലഭിച്ചാല്‍ അഞ്ച് വര്‍ഷ കാലയളവില്‍ എയര്‍ ഇന്ത്യക്കായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന രണ്ടാമത്തെ രക്ഷാപദ്ധതിയായിരിക്കും ഇത്.

Comments

comments

Categories: FK News
Tags: Air India