രണ്ട് വര്‍ഷത്തിനിടെ 400 ഉല്‍പ്പന്നങ്ങള്‍ക്ക് കസ്റ്റംസ് തീരുവ വര്‍ധിപ്പിച്ചു

രണ്ട് വര്‍ഷത്തിനിടെ 400 ഉല്‍പ്പന്നങ്ങള്‍ക്ക് കസ്റ്റംസ് തീരുവ വര്‍ധിപ്പിച്ചു

താരിഫുമായി ബന്ധപ്പെട്ട് യുഎസുമായി നടത്തുന്ന ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

ന്യൂഡെല്‍ഹി: കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കേന്ദ്രസര്‍ക്കാര്‍ കസ്റ്റംസ് തീരുവ വര്‍ധിപ്പിച്ചത് 400 ഓളം ഉല്‍പ്പന്നങ്ങള്‍ക്ക്. മൊബീല്‍ ഫോണ്‍, സെല്‍ഫോണുകളുടെ ഘടകഭാഗങ്ങള്‍, ആപ്പിള്‍, സോളാര്‍ പാനലുകള്‍, ബദാം തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്കാണ് നികുതി വര്‍ധിപ്പിച്ചവയില്‍ ഉള്‍പ്പെടുന്നു. മുന്‍സര്‍ക്കാരുകള്‍ തുടര്‍ന്നുവരുന്ന ഉറക്കുമതി തീരുവ കുറയ്ക്കുന്ന നയത്തില്‍ നിന്നുള്ള വ്യതിചലനമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. 1991-92 കാലയളവില്‍ 150 ശതമാനമുണ്ടായിരുന്ന കാര്‍ഷികേതര ഉല്‍പ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ 1997-98 കാലയളവില്‍ 40 ശതമാനമായി കുറച്ചിരുന്നു. പിന്നീട് 2004-05ല്‍ 20 ശതമാനമായി കുറച്ച നികുതി 2007-08ല്‍ വീണ്ടും 10 ശതമാനമായി കുറച്ചു.
നികുതി വര്‍ധന സംരക്ഷണ വാദ സ്വഭാവത്തിലുള്ളതാണെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും കേന്ദ്ര വാണിജ്യ മന്ത്രാലയം ഈ ആരോപണങ്ങള്‍ തള്ളിക്കളയുകയാണ്. ഈ വര്‍ഷം ജൂണ്‍ പാദത്തില്‍ യുഎസില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ഇത് നടപ്പാക്കുന്നത് നിലവില്‍ നീട്ടിവെച്ചിരിക്കുകയാണ്. യുഎസുമായുള്ള നയതന്ത്ര- വ്യാപര ചര്‍ച്ചകള്‍ക്കു ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത്. വ്യാപാരസംഘടനയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചായിരിക്കും ഈ നികുതി ഏര്‍പ്പെടുത്തേണ്ടത് എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം, വാണിജ്യ-വ്യവസായ രംഗത്തു നിന്നും സര്‍ക്കാരിലെ തന്നെ വിവിധ മന്ത്രാലയങ്ങളില്‍ നിന്നും കഴിഞ്ഞ രണ്ട് വര്‍ഷത്തെ നികുതി വര്‍ധനയ്‌ക്കെതിരെ എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. 2017 സെപ്റ്റംബറില്‍ സോളാര്‍ പാനലുകളുടെ കസ്റ്റംസ് തീരുവ ഉയര്‍ത്താനുള്ള തീരുമാനത്തെ കേന്ദ്ര ഊര്‍ജമന്ത്രാലയം വിമര്‍ശിച്ചിരുന്നു. കശുവണ്ടി വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി കമ്പനികള്‍ അഞ്ച് ശതമാനം തീരുവ വര്‍ധിപ്പിക്കുന്നത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്തെത്തി.

താരിഫുമായി ബന്ധപ്പെട്ട് ഇന്ത്യയും യുഎസും തമ്മില്‍ നടത്തുന്ന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് വാണിജ്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ലോക വ്യാപാര സംഘടനയുടെ എല്ലാ മാനദണ്ഡങ്ങളും അനുസരിക്കുമെന്നും ചില ഉല്‍പ്പന്നങ്ങളുടെ നികുതി കുറയ്ക്കാന്‍ തയാറാകുമെന്നുമാണ് ഇന്ത്യയുടെ നിലപാട്.

Comments

comments

Categories: Business & Economy
Tags: Customs duty