ഫോക്‌സ്‌വാഗണ്‍ വീണ്ടും വിവാദത്തില്‍

ഫോക്‌സ്‌വാഗണ്‍ വീണ്ടും വിവാദത്തില്‍

ഇലക്ട്രിക് കാറുകളുടെ ചാര്‍ജിംഗ് സിസ്റ്റത്തില്‍ അര്‍ബുദത്തിന് കാരണമാകുന്ന കാഡ്മിയത്തിന്റെ സാന്നിധ്യം

ബെര്‍ലിന്‍ : ഡീസല്‍ഗേറ്റ് വിവാദത്തിനുപിന്നാലെ ഫോക്‌സ്‌വാഗണ്‍ വീണ്ടും കുരുക്കില്‍. ഇത്തവണ ഇലക്ട്രിക് കാറുകളാണ് ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളെ ചതിച്ചത്. ജര്‍മ്മന്‍ ഫെഡറല്‍ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ ഉത്തരവ് പ്രതികൂലമായാല്‍ ഒന്നേകാല്‍ ലക്ഷത്തോളം ഇലക്ട്രിക്, പ്ലഗ്-ഇന്‍ ഹൈബ്രിഡ് കാറുകള്‍ ഫോക്‌സ്‌വാഗണ്‍ പിന്‍വലിക്കേണ്ടതായി വരും. കാന്‍സറിന് കാരണമാകുന്ന കാഡ്മിയം ചെറിയ അളവില്‍ ഇലക്ട്രിക് കാറുകളില്‍ ഉള്ളതാണ് കാരണം. വളരെ ജനപ്രിയമായ ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് ജിടിഇ കൂടാതെ പോര്‍ഷെ, ഔഡി ലൈനപ്പുകളിലെ മറ്റ് മോഡലുകളും ഭീഷണി നേരിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് കാറുകളുടെ ചാര്‍ജിംഗ് സിസ്റ്റത്തില്‍ 0.008 ഗ്രാം കാഡ്മിയം അടങ്ങിയതായി പരിശോധനകളില്‍ കണ്ടെത്തിയിട്ടുണ്ട്. മനുഷ്യരില്‍ അപായം സൃഷ്ടിക്കാന്‍ ഇത് ധാരാളമാണ്. എന്നാല്‍ കാഡ്മിയം കംപോണന്റുകള്‍ നന്നായി ഇന്‍സുലേറ്റ് ചെയ്തിരിക്കുന്നതിനാല്‍ ജീവിതചക്രം പൂര്‍ത്തിയാക്കുന്നതുവരെ മനുഷ്യരില്‍ നേരിട്ട് എന്തെങ്കിലും അപകടസാധ്യത വരുത്തില്ല. എന്നാല്‍ പിന്നീട് പരിസ്ഥിതിയെ ദോഷകരമായി ബാധിക്കും. പഴക്കംചെന്ന ഇലക്ട്രിക് കാറുകള്‍, പ്രത്യേകിച്ച് ഇലക്ട്രിക് ബാറ്ററി പാക്കുകള്‍ എന്തുചെയ്യണമെന്ന കാര്യത്തില്‍ ഓട്ടോമോട്ടീവ് വ്യവസായ രംഗത്തുള്ളവര്‍ക്ക് ഇപ്പോഴും വലിയ നിശ്ചയമില്ല.

ജര്‍മ്മനിയില്‍ ഏറ്റവും ജനപ്രീതി നേടിയ ഇലക്ട്രിക് കാറുകളിലൊന്നാണ് ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് ജിടിഇ. ബുക്കിംഗ് നടത്തി മാസങ്ങള്‍ കഴിഞ്ഞാണ് കാര്‍ ഡെലിവറി ചെയ്യുന്നത്. ഈ ഇലക്ട്രിക് കാറുകളുടെ ഉല്‍പ്പാദനം ഇതുവരെ നിര്‍ത്തിയിട്ടില്ല. മനുഷ്യനും പരിസ്ഥിതിക്കും ദോഷം ചെയ്യാത്ത പകരം പദാര്‍ത്ഥം ഉപയോഗിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.

Comments

comments

Categories: Auto
Tags: Volkswagen