സൗദിയിലെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റില്‍ വിശദീകരണം ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍

സൗദിയിലെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റില്‍ വിശദീകരണം ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍

റിയാദ്: സൗദി ഭരണകൂടം അറസ്റ്റ് ചെയ്ത വനിതാ മനുഷ്യാവകാശ പ്രവര്‍ത്തകരെ കുറിച്ച് യൂറോപ്യന്‍ യൂണിയന്‍ വിശദീകരണം ആവശ്യപ്പെട്ടു. ഏതാനും മാസങ്ങള്‍ക്കു മുമ്പ് സൗദിയില്‍ വാഹനം ഓടിക്കാനുള്ള അവകാശത്തിനായും പുരുഷ കേന്ദ്രീകൃത ഭരണ സംവിധാനത്തിനെതിരെയും പ്രതിഷേധ സ്വരമുയര്‍ത്തിയ പ്രവര്‍ത്തകരെയാണ് അധികൃതര്‍ അറസ്റ്റ് ചെയ്തിരുന്നത്. ഇതില്‍ ചിലരെ വിട്ടയച്ചിരുന്നെങ്കിലും ബാക്കിയുള്ളവരെ ചൊല്ലി രാജ്യത്ത് വിവാദം കത്തിപ്പടരുമ്പോഴാണ് സംഭവത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ഇപ്പോള്‍ വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം സൗദി അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകരെ ഉടന്‍ വിട്ടയക്കണമെന്ന തരത്തില്‍ കാനഡ ട്വീറ്റ് ചെയ്തതിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി സൗദി നയതന്ത്രതലത്തില്‍ കൂടുതല്‍ നിരോധനങ്ങളിലേക്കും നിയന്ത്രണങ്ങളിലേക്കും കടന്നതും യൂറോപ്യന്‍ യൂണിയന്റെ ഇടപെടലിന് ആക്കം കൂട്ടിയിട്ടുണ്ട്.

നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന സമൂഹത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് മൂല്യം കല്‍പ്പിക്കപ്പെടണം, പ്രത്യേകിച്ചും സൗദിയിലെ പുതിയ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ അധികൃതര്‍ക്ക് ഈ വിഷയത്തില്‍ കൃത്യമായ മറുപടി പറയാന്‍ ബാധ്യതയുണ്ടെന്നും യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ മേധാവി ഫെഡറിക്ക മൊഗേരിനി വ്യക്തമാക്കി. ഇതോടൊപ്പം കഴിഞ്ഞദിവസം മൊഗേരിനി കാനഡയിലെ വിദേശകാര്യ മന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡുമായി ഫോണില്‍ സംസാരിച്ച് മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പൂര്‍ണ സഹായ സഹകരണം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.

സൗദിയും കാനഡയും തമ്മിലുള്ള ബന്ധത്തിലുണ്ടായ വിള്ളല്‍ രാജ്യത്തു നിന്നും കാനഡ അംബാസഡറെ പുറത്താക്കുന്നതുള്‍പ്പെടെ കാനഡയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നതിലേക്കും നയിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള പുതിയ വ്യാപാര കരാറുകളും മരവിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം തന്നെ കാനഡയിലെ വിവിധ വിദ്യാഭ്യാസ പരിപാടുകള്‍ റദ്ദ് ചെയ്തതിന്റെ ഭാഗമായി സൗദി സ്‌കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ത്ഥികളെ മറ്റു രാജ്യങ്ങളിലേക്കു മാറ്റിയിട്ടുണ്ട്. സൗദി പൗരന്‍മാരെ കാനഡയില്‍ ചികില്‍സ തേടുന്നതില്‍ നിന്നും ഭരണകൂടം വിലക്കിയിരുന്നു.

വനിതാ ആക്റ്റിവിസ്റ്റ് അടക്കം 15 ഓളം പ്രവര്‍ത്തകരെ സൗദി അന്യായമായി തടങ്കലില്‍ വെച്ചതായി അടുത്തിടെ യുഎന്‍ വെളിപ്പെടുത്തിയിരുന്നു. ഇതില്‍ എട്ടു പേരെ വിട്ടയക്കുമെന്നു റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നെങ്കിലും മറ്റുള്ളവര്‍ എവിടെയാണെന്നു സംബന്ധിച്ച് ഇതുവരെ അറിവുണ്ടായിട്ടില്ല.

Comments

comments

Categories: Arabia