പക്ഷഭേദങ്ങള്‍ ഇല്ലാത്ത ജലപ്രവാഹം

പക്ഷഭേദങ്ങള്‍ ഇല്ലാത്ത ജലപ്രവാഹം

സമീപ പതിറ്റാണ്ടുകളിലൊന്നും ദര്‍ശിക്കാത്ത രീതിയില്‍ കലിതുള്ളിയ കാലവര്‍ഷവും പ്രകൃതി ക്ഷോഭവും മൂലം ദുരിതക്കയത്തിലാണ് കേരളം. മനുഷ്യന്‍ പ്രകൃതിയുടെ മേല്‍ ഏല്‍പ്പിച്ച മുറിപ്പാടുകളിലൂടെ ഒഴുകിയിറങ്ങിയ കണ്ണീരും ചോരയും ചലവുമെല്ലാം അവനെത്തന്നെ തിരികെ പരിക്കേല്‍പ്പിക്കുന്ന കാഴ്ച ഭീതിദമാണ്. പ്രകൃതിയെയും വനത്തെയും കുന്നിനെയും പുഴകളെയുമെല്ലാം സ്വന്തം ദുരാഗ്രഹത്തിനും സ്വാര്‍ത്ഥതക്കുമായി ചൂഷണം ചെയ്തതിന്റെ പരിണിത ഫലമാണ് നാം അനുഭവിക്കുന്നതെന്നതിന് സംശയമില്ല. ഭൂമിയുടെ സഹനശക്തിയെ ഇനിയും പരീക്ഷിക്കാതിരിക്കുക എന്നത് മാത്രമാണ് ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള വിവേകപൂര്‍വമായ നടപടിയെന്ന് ചൂണ്ടിക്കാട്ടുകയാണ് ലേഖകന്‍.

 

‘നീരൊഴുക്കുകള്‍ക്ക് അവയുടേതായ നേരുകളുണ്ട്, നേരുകേടുകളും. കാലത്തിന്റെ കുത്തൊഴുക്കില്‍ വഴി മാറി ഒഴുകാന്‍ വിധിക്കപ്പെട്ടവയാണ് നദികള്‍. അതിരില്ലാത്ത ജലരാശിയുടെ മഹാപ്രയാണത്തില്‍ പുതിയ കരകള്‍ പിറക്കുന്നു. പഴയവ മാഞ്ഞു പോകുന്നു. പഴയ നദീമുഖങ്ങള്‍ അടയുന്നു. പുതിയവ തുറക്കുന്നു. അത് പ്രകൃതിയുടെ താളപ്പെടലാണ്. മനുഷ്യന്റെ പിഴയൊടുക്കലാണ്. കാലത്തിന്റെ സമവാക്യങ്ങളാണ്’
-സേതു, ‘മറുപിറവി’, 2011.

തിരുവനന്തപുരത്ത് നിന്ന് ഏകദേശം 945 കിലോമീറ്റര്‍ ദൂരം തെക്കോട്ട് പോയാല്‍ ഭൂമധ്യ രേഖയായി. വടക്കേ അക്ഷാംശം 8.34 മുതല്‍ 12.44 ഡിഗ്രി വരെ നീണ്ടുകിടക്കുന്ന കേരളത്തിന് യഥാര്‍ത്ഥത്തില്‍ സൊമാലിയക്ക് തുല്യമായ അത്യുഷ്ണ കാലാവസ്ഥയായിരുന്നു ഉണ്ടാവേണ്ടിയിരുന്നത്. എന്നാല്‍, വള്ളത്തോള്‍ എഴുതിയ പോലെ, ‘പച്ചയാംവിരിപ്പിട്ട സഹ്യനില്‍ തല വച്ചും സ്വച്ഛാബ്ധിമണല്‍ത്തിട്ട പദോപദാനം പൂണ്ടും പള്ളികൊണ്ടീടുന്ന’, ഒരു വശം മുഴുവന്‍ സമുദ്രവും അതിനോട് ചേര്‍ന്ന് കുന്നും മലയും പര്‍വ്വതങ്ങളും സുഭിക്ഷമായ വനഭൂമിയുമായി വ്യാപിച്ച് കിടക്കുന്ന കേരളത്തിന് ഭൂമിശാസ്ത്രപരമായ ഈ സവിശേഷത സമശീതോഷ്ണ കാലാവസ്ഥ നല്‍കി. 580 കിലോമീറ്റര്‍ നീളത്തില്‍ കിടക്കുന്ന കേരളത്തിന്റെ ശരാശരി വീതി 75 കിലോമീറ്റര്‍ മാത്രമാണ്. സമുദ്രതീരത്ത് നിന്ന് പത്തില്‍ താഴെ കിലോമീറ്റര്‍ പിന്നിടുമ്പോഴേക്കും മലനാട് ആരംഭിക്കുകയായി. മലമടക്കിലുദിച്ച സൂര്യന്റെ ചൂടിലും മഴനീരില്‍ കുതിര്‍ന്ന മണ്ണിന്റെ കുളിരിലും ആശ്വാസം കണ്ട ഒരു ജനത അവിടെ കാലങ്ങളായി ജീവിച്ചു; തങ്ങളുടേതായ ഒരു സംസ്‌കാരം കെട്ടിപ്പടുത്തു.

സൂര്യതാപം മൂലം സമുദ്രത്തില്‍ നിന്ന് ജലം നീരാവിയായി പൊങ്ങി ആകാശത്തെത്തുന്നു. ഭൗമഗോളത്തിന്റെ അന്തര്‍ഭാഗം തിളച്ചുരുകുന്ന ലാവയാണ്. അതില്‍ നിന്നുള്ള അകലം ഭൗമോപരിതല വായുവിന്റെ താപനിലയില്‍ അനുക്രമമായി കുറവ് വരുത്തുന്നു. താപം കുറഞ്ഞ് തണുപ്പേറുമ്പോള്‍ നീരാവി ഘനീഭവിച്ച് മേഘമാവുന്നു. ആ മേഘങ്ങള്‍ കാറ്റിന്റെ ഗതിയില്‍ സഞ്ചരിച്ച് ഗതിമാര്‍ഗ്ഗേ പര്‍വ്വതങ്ങളെ സ്പര്‍ശിക്കുകയും ആ സ്പര്‍ശനം മൂലം ഭൗമതാപം പകര്‍ന്നെടുത്ത് മഞ്ഞുരുകിയാണ് മഴയുണ്ടാവുന്നതെന്ന് പണ്ടേ നാം ശാസ്ത്ര പാഠപുസ്തകത്തില്‍ നിന്ന് പഠിച്ചതാണ്. പാര്‍ശ്വം മുഴുവന്‍ നീണ്ട ആഴിയില്‍ നിന്നുള്ള മേഘത്തെയും ഈര്‍പ്പത്തെയും സഹ്യപര്‍വ്വതനിരകള്‍ തടഞ്ഞ് നിര്‍ത്തി മഴയായി പെയ്യിക്കുന്നു. ഭൂമിയിലുള്ള വൃക്ഷങ്ങള്‍ മേഘത്തെ തടഞ്ഞ് നിര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു. കൂടാതെ, അവ വികിരണം ചെയ്യുന്ന ഓക്‌സിജന്‍, ജലതന്മാത്രകള്‍ രൂപം കൊള്ളാന്‍ സഹായിക്കുന്നു.

കേരളത്തിന് രണ്ട് മഴക്കാലങ്ങള്‍ ഉണ്ട്. ഇടവപ്പാതി എന്ന് നാം വിളിക്കുന്ന തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷവും വടക്കുകിഴക്കന്‍ മണ്‍സൂണ്‍ എന്ന തുലാവര്‍ഷവും. മണ്‍സൂണ്‍ എന്ന ഇംഗ്ലീഷ് വാക്ക് ഉണ്ടായത് പോലും ബ്രിട്ടീഷ് ഇന്ത്യയില്‍ നിന്നാണ്. തെക്കേ അര്‍ദ്ധഗോളത്തില്‍ ഉഷ്ണകാലത്ത് രൂപം കൊള്ളുന്ന താപവും ഈര്‍പ്പവും നിറഞ്ഞ കാറ്റ്, ഭൂമിയുടെ ഭ്രമണബലത്താല്‍ പമ്പരം പോലെ കറങ്ങി വടക്കന്‍ അര്‍ദ്ധഗോളത്തിലേക്ക് വടക്ക്കിഴക്കായി നീങ്ങുന്നു. കാരണം തത്സമയം വടക്ക് കിഴക്കന്‍ ഉത്തരാര്‍ദ്ധഗോളത്തില്‍ വായുമര്‍ദ്ദം കുറവായിരിക്കും. ഈ മര്‍ദ്ദവ്യത്യാസമാണ് തെക്കുപടിഞ്ഞാറു നിന്നും വടക്കുകിഴക്കോട്ട് വായുസഞ്ചാരമുണ്ടാക്കുന്നത്. ചെരിഞ്ഞുള്ള സഞ്ചാരത്തിന് കാരണം ഭൂമിയുടെ അച്ചുതണ്ടിന്റെ ചെരിവാണ്. നൈരുത്യമാരുതന്‍ എന്ന് ഈ വായുപ്രവാഹത്തെ സംസ്‌കൃതത്തില്‍ പറയുന്നു. നൈരുത്യം എന്നാല്‍ തെക്കുപടിഞ്ഞാറെ മൂല. പ്രത്യേക മാര്‍ഗ്ഗങ്ങളിലൂടെ സഞ്ചരിക്കുന്ന ഇത്തരം വായുപ്രവാഹങ്ങളെ ‘ട്രേഡ് വിന്‍ഡ്’ എന്നാണ് ഇംഗ്ലീഷില്‍ പറയുന്നത്. (ട്രേഡ് എന്നതിന് പതിനാലാം നൂറ്റാണ്ട് കാലത്തെ മധ്യകാല ഇംഗ്ലീഷില്‍ മാര്‍ഗ്ഗം അഥവാ ട്രാക്ക് എന്നുകൂടിഅര്‍ത്ഥമുണ്ട്. അങ്ങിനെയാണ് ട്രേഡ് വിന്‍ഡ് എന്ന പേര് വന്നത്. കഷ്ടകാലമെന്നേപറയേണ്ടു, നമ്മുടെ ഔദ്യോഗിക തര്‍ജ്ജമക്കാര്‍ ഇതിനെ ‘വാണിജ്യവാതങ്ങള്‍’ എന്നാണ് മൊഴിമാറ്റം നടത്തിയിരിക്കുന്നത്, വാണിജ്യത്തിനായി പായ്ക്കപ്പലുകളില്‍ പോകുന്നവര്‍ കാറ്റിന്റെ ഗതിക്കനുസരിച്ച് ആദ്യം പോയിത്തുടങ്ങി എന്ന വാദബലത്തില്‍)

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ തെക്കുപടിഞ്ഞാറന്‍ കാറ്റ് എത്തുന്നത് രണ്ട് ശാഖകള്‍ ആയിട്ടാണ്. ഒന്ന് അറബിക്കടലില്‍ നിന്നും മറ്റേത് ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും. ഇവ തമ്മില്‍ കൂട്ടിമുട്ടുന്നിടത്ത് അഗാധമായ ഒരു വായുഗര്‍ത്തം (വായുസമര്‍ദ്ദം ഇല്ലാത്ത ശൂന്യത) രൂപപ്പെടും. ഇതാണ് ന്യൂനമര്‍ദ്ദം. ഈ ന്യൂനമര്‍ദത്തിന്റെ കറക്കമാണ് ചുഴലിക്കാറ്റ്. ചുഴലിയുടെ കറക്കത്തില്‍ പെടുന്ന മേഘങ്ങള്‍ അതിവേഗത്തില്‍ കറങ്ങി, ആ ഘര്‍ഷണത്തില്‍ ചൂടുപിടിച്ച് ഉരുകി മഴയാവുന്നു. ചിലസമയങ്ങളില്‍ മേഘങ്ങള്‍ സ്വയം ആര്‍ജിക്കുന്ന ധന-ഋണ വൈദ്യുത ബലങ്ങള്‍ കൂട്ടിമുട്ടാനൊരുങ്ങുമ്പോള്‍ അവ തമ്മില്‍ കനത്ത സ്പാര്‍ക്ക് ഉണ്ടാവുന്നു. ഇതാണ് മിന്നല്‍. മിന്നല്‍ ഉണ്ടാക്കുന്ന കനത്ത ചൂടില്‍ മേഘങ്ങള്‍ ഒന്നായി ഉരുകുന്നു. ഇത് കനത്ത മഴയ്ക്ക് കാരണമാവുന്നു. ആധിക്യമേറുന്നമിന്നലുകള്‍ ചിലപ്പോള്‍ കഴിഞ്ഞ മാസം ഉത്തരാഖണ്ഡിലുണ്ടായ പോലുള്ള മേഘവിസ്‌ഫോടനങ്ങള്‍ക്ക് കാരണമാവുന്നു.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മഴ പെയ്യിക്കുന്ന വായുഗര്‍ത്തം സാധാരണ രൂപം കൊള്ളുന്നത് രാജസ്ഥാനിലെ ശ്രീഗംഗാനഗര്‍ മുതല്‍ പശ്ചിമബംഗാള്‍ വരെയുള്ള 2,000 കിലോമീറ്റര്‍ നീളത്തിലാണ്. ഇതൊരു സാങ്കല്‍പ്പിക രേഖയാണ്. വീതിയാവട്ടെ, അധികമില്ല; ഒരു നൂറുനൂറ്റമ്പത് കിലോമീറ്റര്‍ മാത്രം. കടുത്ത വേനലിന്റെ ബാക്കിപത്രമായി അറബിക്കടലിലോ ബംഗാള്‍ ഉള്‍ക്കടലിലോ മര്‍ദ്ദവ്യതിയാനങ്ങള്‍ ഉണ്ടാവുന്നു. ഉത്തരാര്‍ദ്ധഗോളത്തില്‍ ഏറ്റവുമധികം മര്‍ദ്ദവ്യത്യാസങ്ങള്‍ക്ക് പാത്രീഭവിക്കുന്ന ഭാഗം ബംഗാള്‍ ഉള്‍ക്കടലിന് മുകളിലുള്ള ആകാശമാണ്. അവിടെ ന്യൂനമര്‍ദ്ദം രൂപം കൊള്ളുമ്പോള്‍ ശക്തമായ മഴയ്ക്കാവശ്യമായ മേഘങ്ങള്‍ കാറ്റില്‍ അങ്ങോട്ടെത്തുകയും ചുഴലിയുടെ ഘര്‍ഷണത്താല്‍ മഴയാവുകയും ചെയ്യുന്നു.

ഉഷ്ണകാലം കഴിഞ്ഞ് ശീതകാലമാവുമ്പോള്‍ ഉത്തരാര്‍ദ്ധഗോളത്തിലെ മര്‍ദ്ദം ദക്ഷിണാര്‍ദ്ധഗോളത്തിലേക്കാള്‍ വര്‍ധിക്കുന്നു. ഇത് വടക്ക് കിഴക്ക് നിന്ന് തെക്ക് പടിഞ്ഞാറേക്ക് വായുവിനെ പായിക്കുന്നു. ബംഗാള്‍ ഉള്‍ക്കടല്‍ അടക്കമുള്ള വടക്ക് കിഴക്കന്‍ സമുദ്രങ്ങളിലെ ജലം നീരാവിയായി ഘനീഭവിച്ച് ആകാശത്ത് നിന്നത് ഇങ്ങോട്ട് വരുന്നു. അറബിക്കടലിലെ ന്യൂനമര്‍ദ്ദവും ചുഴലികളും അവയെ മഴയാക്കുന്നു.

ഈ രണ്ട് പ്രക്രിയകള്‍ക്കും ഇടയിലാണ് കേരളത്തിന്റെ ഘടനാപരമായ സ്ഥാനം. നമ്മുടെ തലയുയര്‍ത്തി നില്‍ക്കുന്ന മലകളും പര്‍വ്വതങ്ങളും അവയിലെ കാടുകളും മേഘങ്ങളുടെ യാത്രയില്‍ നിന്ന് അവയെ പിടിച്ചു നിര്‍ത്തി ഇവിടെ മഴയാക്കി പെയ്യിക്കുന്നു. അത്രത്തോളം ശരി. പക്ഷേ, കഴിഞ്ഞ രണ്ട് നൂറ്റാണ്ട് കാലമായി നമ്മള്‍ വനവിസ്തീര്‍ണ്ണം കുറച്ച് കൊണ്ടുവരികയാണ്. പഴശ്ശിരാജയെ അടിച്ചമര്‍ത്താന്‍ വന്ന് മാനന്തവാടിയില്‍ തമ്പടിച്ച ബ്രിട്ടീഷ് പട്ടാളത്തിന് യുദ്ധശേഷം പണിയില്ലാതായി. അപ്പോള്‍ അവരെക്കൊണ്ട് അവിടെ കാട് വെട്ടിത്തെളിച്ച് കാപ്പിച്ചെടി നട്ടു പിടിപ്പിച്ചു. ഇതാണ് മലബാര്‍ ഭാഗത്തെ ആദ്യത്തെ വനം കയ്യേറ്റം. പശ്ചിമഘട്ടത്തിന്റെ ഒരുഭാഗം അന്നു മുതല്‍ അവിടെ വെളുത്തുതുടങ്ങി. തെക്ക് ഭാഗത്ത് വനം വെളുക്കാന്‍ തുടങ്ങിയത് അല്‍പ്പം കൂടി വൈകിയാണ്; പൂഞ്ഞാര്‍ രാജാവായിരുന്ന രോഹിണി തിരുനാള്‍ കേരള വര്‍മ്മ വലിയരാജയുടെ ആശീര്‍വാദത്തോടെ ബ്രിട്ടീഷുകാരനായ ജോണ്‍ ഡാനിയേല്‍ മണ്‍റോ മൂന്നാറില്‍ ‘നോര്‍ത്ത് ട്രാവന്‍കൂര്‍ ലാന്‍ഡ് പ്ലാന്റിങ്ങ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ സൊസൈറ്റി’ രൂപീകരിച്ച 1879 മുതല്‍. ഇത്തരം യാദൃശ്ചികതകള്‍ ഉണ്ടാവാതിരുന്ന കൊച്ചിരാജ്യത്തിന്റെ വനാതിര്‍ത്തി വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടു. അതുകൊണ്ട് നെല്ലിയാമ്പതി-പറമ്പിക്കുളം മുതല്‍ അതിരപ്പള്ളി വരെയുള്ള വനങ്ങള്‍ നിലനില്‍ക്കുന്നു.

വനത്തിന്റെ കുറവ,് മഴമേഘങ്ങള്‍ പിടിച്ച് നിര്‍ത്തുന്നതിനും ഓക്‌സിജന്‍ വികിരണം ചെയ്ത് ജലതന്മാത്രകള്‍ സൃഷ്ടിക്കുവാനുമുള്ള പ്രകൃതിയുടെ കഴിവും കുറച്ചു. കാര്‍ബണ്‍ വികിരണം വളരെ കൂടിയപ്പോള്‍ ഓക്‌സിജന്‍ സ്വാഭാവികമായി കാര്‍ബണുമായി കൂടിച്ചേര്‍ന്ന് കാര്‍ബണ്‍ ഡയോക്‌സൈഡ് ആയി മാറി. ഇതെല്ലം മഴയുടെ സ്വാഭാവിക താളത്തെ ബാധിച്ചു. അന്തരീക്ഷ താപനിലയില്‍ വന്ന കനത്ത വ്യത്യാസം മൂലം ദക്ഷിണാര്‍ദ്ധ-ഉത്തരാര്‍ദ്ധഗോളങ്ങള്‍ക്കിടയിലെ വായുസമ്മര്‍ദ്ദ തീവ്രതയിലെ അന്തരം വര്‍ധിച്ചു. ഇതെല്ലാം ചുഴലികളുടെ ആധിക്യവും തീവ്രതയും വര്‍ധിപ്പിച്ചു. മഴയുടെ വൃഷ്ടിക്രമ വ്യാപ്തി സ്വഭാവങ്ങള്‍ താളം തെറ്റി. കൂടാതെ മരം മുറി മൂലം ജലത്തെ ആഗിരണം ചെയ്യാനുള്ള ഭൂമിയുടെ കഴിവ് കുറഞ്ഞു. പെയ്ത വെള്ളം ഒഴുകിയൊഴിഞ്ഞേ പറ്റൂ എന്നായി. സ്വാഭാവികമായ ഒഴുക്കു വഴികളില്‍ നമ്മള്‍ മണല്‍ വാരി. അവിടെയും വെള്ളം താഴാനുള്ള മാര്‍ഗ്ഗങ്ങള്‍ അടച്ചു. പുഴ രൗദ്രയായി. നാട്ടുവെള്ളം ഒഴിഞ്ഞു പോകേണ്ടിടത്ത് നമ്മള്‍ തോടുകള്‍ തൂര്‍ത്ത് മതിലുകള്‍ കെട്ടി. ഇതെല്ലാം മൂലമാണ് മഴ നമുക്കിന്നൊരു പേക്കിനാവായി മാറുന്നത്. ഭരണ-പ്രതിപക്ഷ ഭേദമെന്യേ ദുരന്തത്തെ ഏകമനസ്സോടെ കേരളം പ്രതിരോധിച്ചു എന്നത് കണ്ണീരിനിടയിലും അഭിമാനം പകരുന്നു എന്നതാണാശ്വാസം.

ഇന്ന് നാമനുഭവിക്കുന്ന ദൗര്‍ഭാഗ്യം ആസ്വദിക്കുന്ന ചിലരുണ്ട് എന്നതാണ് ഏറ്റവും വലിയ ശാപം. നാട്ടിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ നയിക്കുന്നവരുടെ രാഷ്ട്രീയ വിശ്വാസങ്ങള്‍ക്കുള്ള ഈശ്വര ശിക്ഷയാണ് ഈ ജലക്കെടുതി എന്ന് ഇന്ത്യയില്‍ പൊതുവെ പ്രചരിപ്പിക്കപ്പെടുന്നു. ഇതിന് മുന്‍പ് കേരളത്തില്‍ ഇതുപോലൊരു വെള്ളപ്പൊക്കം ഉണ്ടായത് 1924 ല്‍ ആയിരുന്നു. അന്ന് കേരളത്തില്‍ രാജഭരണം ആയിരുന്നു. അത് മോശമാവാന്‍ സാദ്ധ്യതയില്ലല്ലോ! ആഗസ്റ്റ് 11ന് പ്രളയം സംബന്ധിച്ച് ടൈംസ് ഓഫ് ഇന്ത്യ വെബ് പേജില്‍ പ്രസിദ്ധീകരിച്ച ‘Half of Kerala reels under floods as 29 die, 54,000 are homeless’ എന്ന കവറേജിന് മറുപടിയായി വന്ന ഇരുനൂറിലധികം കമന്റുകള്‍ വായിച്ചാല്‍ വള്ളത്തോള്‍ പറഞ്ഞപോലെ കേരളമെന്ന പേര് കേട്ടാലുള്ള പോലെയാവും നമ്മുടെ ചോരയുടെ താപനില. ഒരു പ്രകൃതി ദുരന്തത്തെ ഇത്രമാത്രം രാഷ്ട്രീയ-മതവല്‍ക്കരിച്ച ഒരവസ്ഥ ഭാരതത്തില്‍ മുന്‍പുണ്ടായിട്ടില്ല. രാഷ്ട്രത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും ഭദ്രതയേയും കെട്ടുറപ്പിനെയും മതനിരപേക്ഷതയെയും തകര്‍ക്കുന്ന രീതിയിലാണ് ഒരു വിഭാഗം ചിന്തിക്കുന്നത് എന്നത് കഷ്ടതരമാണ്; കുറ്റകരമാണ്. മറുവശത്താവട്ടെ എവിടെ നിങ്ങളുടെ ദൈവം എന്ന് ചോദിച്ചു കൊണ്ടുള്ള പ്രകോപനപരവും ബാലിശവുമായ പ്രചാരണം പ്രകൃതി ദുരന്തങ്ങള്‍ക്കിടയിലും മലയാളികളായ ചില തല്‍പ്പര കക്ഷികള്‍ തന്നെ നടത്തുന്നതും കാണാം.

കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഭൗമപ്രകൃതിയാണ്. എന്തെല്ലാം മുന്‍കരുതലുകള്‍ എടുത്താലും അവ ഇടക്ക് ഉണ്ടാവും. നമ്മളാല്‍ കഴിയുന്ന കാര്യം ഭൂമിയുടെ സഹനശക്തി തകരാറാക്കാതിരിക്കുക എന്നതാണ്. ഇനിയെങ്കിലും നമുക്ക് മരം മുറിക്കാതിരിക്കാം, വനം കയ്യേറാതെയിരിക്കാം, പുഴമണല്‍ വാരാതിരിക്കാം, തോടുകള്‍ അടക്കാതിരിക്കാം.

‘മറുപിറവി’യില്‍ സേതു തുടര്‍ന്നെഴുതുന്നു: ”തോരാത്ത കാലവര്‍ഷത്തില്‍ മദിച്ചൊഴുകിയ പെരിയാറെന്ന ചൂര്‍ണ്ണി കൈവഴികളായി പിരിഞ്ഞു….ഇതെന്റെ കണക്കുതീര്‍ക്കല്‍. നിന്റെ പിഴയൊടുക്കല്‍. അതിരുകളും ദിശകളുമരുത് ജലപ്രവാഹങ്ങള്‍ക്ക്…നുരകള്‍ പതപ്പിച്ച ആ ചിരിയില്‍ വന്മരങ്ങള്‍ കടപുഴകി വീണു. കാട്ടുപൊന്തകളും പുല്ലാനിപ്പടര്‍പ്പുകളും വഴിയൊതുങ്ങി. എല്ലാം മൂടിക്കൊണ്ട് ഒഴുകിയിറങ്ങിയ വെള്ളം എമ്പാടും പരന്നു. എങ്ങും വെള്ളം, വെള്ളം മാത്രം. തലമുറകളെ മൂടുന്ന മഹാപ്രളയം..’

1341 ല്‍ പെരിയാറില്‍ ഉണ്ടായ വലിയ വെള്ളപ്പൊക്കത്തെപ്പറ്റിയാണ് സേതു അന്നെഴുതിയത്. ഈ മഹാപ്രളയത്തില്‍ മുസീരിസ് തുറമുഖം മണ്ണ് മൂടിപ്പോകുകയും വഴി മാറിയൊഴുകിയ പെരിയാര്‍ പുതിയൊരു ചാലിലൂടെ അറബിക്കടലില്‍ വീണതിലൂടെ ഇന്നത്തെ കൊച്ചി ഉണ്ടായെന്നുമാണ് വിശ്വാസം. മുസിരിസ് പട്ടണത്തിലെ പുത്തന്‍ പണത്തിന്റെ പുളപ്പിലാണ് പ്രകൃതിയുടെ ഈ വലിയ തിരിച്ചടി ഉണ്ടായതെന്നുമാണ് സൂചിപ്പിക്കാന്‍ ശ്രമിച്ചത് എന്ന് സേതു ഫേസ്ബുക്കില്‍ കഴിഞ്ഞ ദിവസം കുറിച്ചിരുന്നു. പുതിയ ധനകാര്യ-അധികാര മദമാത്സര്യങ്ങളുടെ പുളപ്പില്‍ എല്ലാവരും ഒരുകാര്യം തിരിച്ചറിയണം. മഹാപ്രളയം തലമുറകളെയാണ് മൂടുന്നത്. അതിന് അതിരുകളും ദിശകളും മാത്രമല്ല ഇല്ലാത്തത്; പക്ഷഭേദങ്ങളും ഉണ്ടാവില്ല.

Comments

comments

Categories: FK Special, Slider