ഇന്ത്യന്‍ ചീഫ്റ്റന്‍ എലീറ്റ് അവതരിപ്പിച്ചു

ഇന്ത്യന്‍ ചീഫ്റ്റന്‍ എലീറ്റ് അവതരിപ്പിച്ചു

എക്‌സ് ഷോറൂം വില 38 ലക്ഷം രൂപ ; ആഡംബര ക്രൂസറിന്റെ 350 യൂണിറ്റ് മാത്രമാണ് ആഗോളതലത്തില്‍ നിര്‍മ്മിക്കുന്നത്

ന്യൂഡെല്‍ഹി : അമേരിക്കന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ ചീഫ്റ്റന്‍ എലീറ്റ് അവതരിപ്പിച്ചു. ചീഫ്റ്റന്‍ മോട്ടോര്‍സൈക്കിള്‍ നിരയിലെ പുതിയ ടോപ് ഓഫ് ദ ലൈന്‍ മോഡലാണ് ചീഫ്റ്റന്‍ എലീറ്റ്. 38 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. സ്റ്റാന്‍ഡേഡ് വേര്‍ഷനേക്കാള്‍ വമ്പന്‍ മാറ്റങ്ങള്‍ ഇന്ത്യന്‍ ചീഫ്റ്റന്‍ എലീറ്റില്‍ കാണാം. സവിശേഷ പെയിന്റ് ജോബ്, അധിക ഉപകരണങ്ങള്‍, കസ്റ്റം ലെതര്‍ സീറ്റുകള്‍ എന്നിവയാണ് ഫീച്ചറുകളില്‍ ചിലത്.

ചീഫ്റ്റന്‍ എലീറ്റ് നിര്‍മ്മിക്കുന്നതായി കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ പ്രഖ്യാപിച്ചത്. ആഡംബര ക്രൂസറിന്റെ 350 യൂണിറ്റ് മാത്രമാണ് ആഗോളതലത്തില്‍ നിര്‍മ്മിക്കുന്നത്. റോഡ്മാസ്റ്റര്‍ എലീറ്റിനുശേഷം ഇന്ത്യയിലെത്തുന്ന ഇന്ത്യന്റെ രണ്ടാമത്തെ ലിമിറ്റഡ് എഡിഷന്‍ മോട്ടോര്‍സൈക്കിളാണ് ചീഫ്റ്റന്‍ എലീറ്റ്. ഈ വര്‍ഷമാദ്യം ഇന്ത്യന്‍ വിപണിയിലെത്തിച്ച റോഡ്മാസ്റ്റര്‍ എലീറ്റിന് 48 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില.

ബ്ലാക്ക് ഹില്‍സ് സില്‍വര്‍ എന്ന പെയിന്റ് സ്‌കീം ഇന്ത്യന്‍ ചീഫ്റ്റന്‍ എലീറ്റിന് നല്‍കിയിരിക്കുന്നു. മാര്‍ബിള്‍ ആക്‌സന്റിംഗാണ് മറ്റൊരു സവിശേഷത. ഓരോ ചീഫ്റ്റന്‍ എലീറ്റ് മോട്ടോര്‍സൈക്കിളും ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കുമെന്ന് ഉറപ്പുവരുത്തിയാണ് പെയിന്റിന്‍മേല്‍ മാര്‍ബഌംഗ് നടത്തിയിരിക്കുന്നത്. 25 മണിക്കൂര്‍ സമയമെടുത്താണ് പെയിന്റ്‌വര്‍ക്ക് പൂര്‍ത്തിയാക്കിയതെന്ന് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ അവകാശപ്പെട്ടു. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, നാവിഗേഷന്‍, 200 വാട്ട് പ്രീമിയം ഓഡിയോ സിസ്റ്റം എന്നിവ സഹിതം ഇന്ത്യന്റെ റൈഡ് കമാന്‍ഡ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവുമായാണ് ക്രൂസര്‍ വരുന്നത്. കസ്റ്റം സ്റ്റിച്ച്ഡ് തുകല്‍ സീറ്റുകള്‍, അലുമിനിയം ഫ്‌ളോര്‍ബോര്‍ഡുകള്‍ കൂടി നല്‍കിയതോടെ മോട്ടോര്‍സൈക്കിളിന്റെ ലുക്ക് പൂര്‍ത്തിയായി.

സ്റ്റാന്‍ഡേഡ് ചീഫ്റ്റന്‍ മോട്ടോര്‍സൈക്കിളുകള്‍ ഉപയോഗിക്കുന്ന അതേ 1811 സിസി തണ്ടര്‍സ്‌ട്രോക്ക് 111 സിഐ വി-ട്വിന്‍ എന്‍ജിനാണ് ഇന്ത്യന്‍ ചീഫ്റ്റന്‍ എലീറ്റിന് കരുത്തേകുന്നത്. 3000 ആര്‍പിഎമ്മില്‍ 161.6 എന്‍എം പരമാവധി ടോര്‍ക്ക് ഉല്‍പ്പാദിപ്പിക്കുംവിധം ചീഫ്റ്റന്‍ എലീറ്റിനായി മോട്ടോര്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. സ്റ്റാന്‍ഡേഡ് മോഡലിനേക്കാള്‍ 11.6 എന്‍എം കൂടുതല്‍. മുന്നില്‍ 119 എംഎം ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍, പിന്നില്‍ 114 എംഎം മോണോഷോക്ക് സസ്‌പെന്‍ഷന്‍ സെറ്റപ്പ് ഉള്‍പ്പെടെ സ്റ്റാന്‍ഡേഡ് മോഡലുകളിലെ മറ്റെല്ലാ കംപോണന്റുകളും ഇന്ത്യന്‍ ചീഫ്റ്റന്‍ എലീറ്റില്‍ നല്‍കി.

അതേ 300 എംഎം ഇരട്ട ഡിസ്‌കുകള്‍ മുന്നിലും 300 എംഎം സിംഗിള്‍ ഡിസ്‌ക് പിന്നിലും ബ്രേക്കിംഗ് ജോലി നിര്‍വ്വഹിക്കും. മുന്നില്‍ 19 ഇഞ്ചിന്റെയും പിന്നില്‍ 16 ഇഞ്ചിന്റെയും ഡണ്‍ലപ് ടയറുകള്‍ നല്‍കിയിരിക്കുന്നു. 388 കിലോഗ്രാമാണ് ചീഫ്റ്റന്‍ എലീറ്റിന്റെ കെര്‍ബ് വെയ്റ്റ്. ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് ഗ്ലൈഡ്, ഹോണ്ട ഗോള്‍ഡ് വിംഗ് എന്നിവയാണ് സെഗ്‌മെന്റിലെ എതിരാളികള്‍.

Comments

comments

Categories: Auto
Tags: Indian