വരുമാനം ഇരട്ടിയായെന്ന് ഹൗസിംഗ് ഡോട്ട് കോം

വരുമാനം ഇരട്ടിയായെന്ന് ഹൗസിംഗ് ഡോട്ട് കോം

 

മുംബൈ: ഓണ്‍ലൈന്‍ റിയല്‍ എസ്റ്റേറ്റ് സെര്‍ച്ചിംഗ് പ്ലാറ്റ്‌ഫോമായ ഹൗസിംഗ് ഡോട്ട് കോമിന്റെ വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇരട്ടിയായതായി സിഇഒ ധ്രുവ് അഗര്‍വാള്‍. ഇക്കാലയളവില്‍ വരുമാനത്തില്‍ 110 ശതമാനവും പ്ലാറ്റ്‌ഫോമിലെ ഉപഭോക്താക്കളുടെ ഇടപെടലുകളില്‍ 75 ശതമാനം വളര്‍ച്ചയുമാണ് ഉണ്ടായത്. റിയല്‍ എസ്റ്റേറ്റ് ക്ലാസിഫൈഡ് ബിസിനസില്‍ രാജ്യത്തെ ആദ്യ മൂന്നു സ്ഥാപനങ്ങളിലൊന്നാകാന്‍ ഇത് കമ്പനിയെ സഹായിച്ചിട്ടുണ്ടെന്നും ഈ സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ വരുമാനത്തില്‍ 77 ശതമാനം വളര്‍ച്ചയാണ് ഉണ്ടായതെന്നും പ്രോപ്‌ടൈഗര്‍, ഹൈസിംഗ്, മക്കാന്‍ എന്നിവയുടെ സംയുക്ത സിഇഒ വ്യക്തമാക്കി. ഡെവലപ്പര്‍മാര്‍, ബ്രോക്കര്‍മാര്‍, വീട്ടുടമകള്‍ എന്നിവരില്‍ നിന്ന് പരസ്യം നല്‍കുന്നതിനായി ഈടാക്കുന്ന തുകയാണ് ഹൗസിംഗ് ഡോട്ട് കോമിന്റെ പ്രധാന വരുമാന മാര്‍ഗം. ഇതു കൂടാതെ ബില്‍ഡര്‍മാര്‍ക്ക് 3ഡി വിഷ്വലൈസേഷന്‍, ഓഗ്മെന്റഡ് റിയാലിറ്റി തുടങ്ങിയ മാര്‍ക്കറ്റിംഗ് ടൂളുകള്‍ നല്‍കിയും പ്ലാറ്റ്‌ഫോം വരുമാനം നേടുന്നുണ്ട്.

ഹൗസിംഗ് ഡോട്ട് കോമിന് മികച്ച ഉല്‍പ്പന്നങ്ങളും സേവനങ്ങളും കഴിവുറ്റ ജീവനക്കാരുമാണുള്ളത്. പ്ലാറ്റ്‌ഫോമിന്റെ മികച്ച വിറ്റുവരവ് ഉല്‍പ്പന്നം/സേവനം, ബിസിനസ്, മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനങ്ങള്‍ എന്നീ തലങ്ങളില്‍ സ്ഥാപനം നടത്തിയ ഇന്നൊവേഷനുകളുടെ ഫലമാണ്. വില്‍പ്പനക്കാര്‍ക്ക് ഹൗസിംഗ് ഡോട്ട് കോമിലെ അവരുടെ ലിസ്റ്റിംഗും പ്രാധാന്യവും കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനും തല്‍സമയ അലര്‍ട്ടുകള്‍ ലഭ്യമാക്കുന്നതിനുമായി പുതിയ ഒരു ആപ്പ് സ്ഥാപനം പുറത്തിറക്കിയിരുന്നു. റെന്റിംഗ് വിഭാഗം പുനരവതരിപ്പിച്ച ഹൗസിംഗ് ഡോട്ട് കോം ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനും വരുമാനം വര്‍ധിപ്പിക്കുന്നതിനുമായി ബ്രാന്‍ഡ് പ്രചാരണത്തിലും ശ്രദ്ധ ചെലുത്തുന്നുണ്ട്. ഹൗസിംഗ് ഡോട്ട് കോം ബ്രാന്‍ഡിനെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ ഉല്‍പ്പന്നങ്ങള്‍/സേവനങ്ങളും മാര്‍ക്കറ്റിംഗ് പ്രചാരണ പദ്ധതികളും അവതരിപ്പിക്കാനും സ്ഥാപനം തയാറെടുക്കുകയാണെന്നും ധ്രുവ് അഗര്‍വാള്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് പ്രോപ്‌ടൈഗര്‍ ഡോട്ട് കോം, മക്കാന്‍ ഡോട്ട് കോം എന്നിവയുടെ ഉടമകളായ സിംഗപ്പൂര്‍ ആസ്ഥാനമായ ഇലാര ടെക്‌നോളജീസിനെ ഹൗസിംഗ് ഡോട്ട് കോം ഏറ്റെടുത്തത്. ഇടപാടിനുശേഷം കഴിഞ്ഞ വര്‍ഷം സ്ഥാപനം നടത്തിയ എല്ലാ ഇന്നൊവേഷനുകള്‍ക്കും വിപണിയില്‍ വലിയ വിശ്വാസ്യത നേടാനായതായാണ് കാണുന്നത്. 99ഏക്കേഴ്‌സ് ജോട്ട് കോം, മാജിഗ്ബ്രിക്‌സ് ഡോട്ട് കോം എന്നിവരാണ് വിപണിയിലെ ഹൗസിംഗ് ഡോട്ട് കോമിന്റെ എതിരാളികള്‍. 2012 ല്‍ ഒരു കൂട്ടം ഐഐടി ബിരുദധാരികള്‍ ചേര്‍ന്നാണ് ഹൗസിംഗ് ഡോട്ട് കോം സ്ഥാപിക്കുന്നത്. 105 ദശലക്ഷം യുഎസ് ഡോളറിന്റെ നിക്ഷേപമാണ് നിക്ഷേപകരില്‍ നിന്ന് സ്ഥാപനം സമാഹരിച്ചിരിക്കുന്നത്. ന്യൂസ് കോര്‍പ് അതിന്റെ ഓസ്‌ട്രേലിയ ആസ്ഥാനമായ ഗ്രൂപ്പ് സ്ഥാപനമായ റിയ, സെയ്ഫ് പാര്‍ട്‌ണേഴ്‌സ്, സോഫ്റ്റ്ബാങ്ക്, അക്‌സെല്‍ പാര്‍ട്‌ണേഴ്‌സ് എന്നിവരാണ് പ്രധാന ഇക്വിറ്റി നിക്ഷേപകര്‍.

Comments

comments

Categories: Business & Economy
Tags: Housing.com