ഹീറോ എക്‌സ്ട്രീം 200ആര്‍ വില്‍പ്പന ആരംഭിച്ചു

ഹീറോ എക്‌സ്ട്രീം 200ആര്‍ വില്‍പ്പന ആരംഭിച്ചു

ഡെല്‍ഹി എക്‌സ് ഷോറൂം വില 89,900 രൂപ ; അഞ്ച് ഡുവല്‍ ടോണ്‍ കളര്‍ സ്‌കീമുകളില്‍ ലഭിക്കും

ന്യൂഡെല്‍ഹി : ഹീറോ എക്‌സ്ട്രീം 200ആര്‍ മോട്ടോര്‍സൈക്കിളിന്റെ രാജ്യവ്യാപക വില്‍പ്പന ആരംഭിച്ചതായി ഹീറോ മോട്ടോകോര്‍പ്പ് അറിയിച്ചു. അടുത്തയാഴ്ച്ച മുതല്‍ ഫാക്റ്ററിയില്‍നിന്ന് മോട്ടോര്‍സൈക്കിളുകള്‍ അയച്ചുതുടങ്ങും. മോട്ടോര്‍സൈക്കിളിന്റെ വില ഇതോടൊപ്പം ഹീറോ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 89,900 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

കഴിഞ്ഞ ഒരു മാസത്തോളമായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മോട്ടോര്‍സൈക്കിള്‍ വിറ്റുവരുന്നുണ്ട്. രാജ്യത്തെ വിവിധ ഹീറോ ഡീലര്‍ഷിപ്പുകളില്‍ ഘട്ടംഘട്ടമായി മോട്ടോര്‍സൈക്കിള്‍ വില്‍പ്പനയ്‌ക്കെത്തും. സെഗ്‌മെന്റില്‍ സ്റ്റാന്‍ഡേഡായി എബിഎസ് നല്‍കുന്ന ആദ്യ മോട്ടോര്‍സൈക്കിളാണ് ഹീറോ എക്‌സ്ട്രീം 200ആര്‍. 276 എംഎം ഫ്രണ്ട് ഡിസ്‌ക്കിലാണ് സിംഗിള്‍ ചാനല്‍ എബിഎസ് നല്‍കിയിരിക്കുന്നത്.

200 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിന്‍ ഹീറോ എക്‌സ്ട്രീം 200ആറിന് കരുത്തേകും. 8,000 ആര്‍പിഎമ്മില്‍ 18.1 ബിഎച്ച്പി കരുത്തും 6,500 ആര്‍പിഎമ്മില്‍ 17.1 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുംവിധം എന്‍ജിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. 5 സ്പീഡാണ് ട്രാന്‍സ്മിഷന്‍. 7 സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ റിയര്‍ മോണോഷോക്ക് സസ്‌പെന്‍ഷനാണ് നല്‍കിയിരിക്കുന്നത്. 89,900 രൂപ പ്രൈസ് ടാഗില്‍ പ്രീമിയം മോട്ടോര്‍സൈക്കിളുകള്‍ക്കിടയില്‍ ഒത്ത മധ്യത്തിലാണ് ഹീറോ എക്‌സ്ട്രീം 200ആര്‍ മോട്ടോര്‍സൈക്കിളിന് സ്ഥാനം.

മസ്‌കുലര്‍ ആന്‍ഡ് അഗ്രസീവ് ഡിസൈന്‍, എല്‍ഇഡി പൈലറ്റ് ലാംപുകള്‍, എല്‍ഇഡി ടെയ്ല്‍ലാംപ്, വലിയ ഗ്രാഫിക്‌സ് സഹിതം തടിച്ച ഇന്ധന ടാങ്ക് എന്നിവ സവിശേഷതകളാണ്. അഞ്ച് ഡുവല്‍ ടോണ്‍ കളര്‍ സ്‌കീമുകളില്‍ എക്‌സ്ട്രീം 200ആര്‍ ലഭിക്കും. 0-60 കിലോമീറ്റര്‍/മണിക്കൂര്‍ വേഗം കൈവരിക്കുന്നതിന് 4.6 സെക്കന്‍ഡ് മതിയെന്ന് ഹീറോ അവകാശപ്പെടുന്നു. മണിക്കൂറില്‍ 114 കിലോമീറ്ററാണ് ടോപ് സ്പീഡ്.

മറ്റേതൊരു ഉല്‍പ്പന്നം പോലെയല്ല എക്‌സ്ട്രീം 200ആര്‍ എന്ന് ഹീറോ മോട്ടോകോര്‍പ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ പവന്‍ മുഞ്ജാല്‍ പറഞ്ഞു. ഹീറോ മോട്ടോകോര്‍പ്പിനെ പ്രീമിയം സെഗ്‌മെന്റില്‍ അതിവേഗം തിരിച്ചെത്തിക്കാന്‍ പുതിയ മോട്ടോര്‍സൈക്കിള്‍ സഹായിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ആഗോള വിപണികളിലും വൈകാതെ വില്‍പ്പന ആരംഭിക്കും.

Comments

comments

Categories: Auto
Tags: Hero extreme