മക്കയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഹജ്ജിനെത്തുന്നവരുടെ എണ്ണം പത്തു ലക്ഷം കവിഞ്ഞു

മക്കയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഹജ്ജിനെത്തുന്നവരുടെ എണ്ണം പത്തു ലക്ഷം കവിഞ്ഞു

തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തക്കാളും 7 ശതമാന വര്‍ധനവ്

ജിദ്ദ: ഹജ്ജിനെത്തുന്നവരെ സ്വീകരിക്കാന്‍ മക്കയിലും പ്രവേശന കവാടങ്ങളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ സൗദിയിലെത്തിയ തീര്‍ത്ഥാടകരുടെ എണ്ണം 10 ലക്ഷം കവിഞ്ഞതായി ഡയറക്റ്ററേറ്റ് ജനറല്‍ ഫോര്‍ പാസ്പാര്‍ട്‌സ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലേതിനേക്കാളും 7 ശതമാനത്തോളം തീര്‍ത്ഥാടകരുടെ വര്‍ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. തീര്‍ത്ഥാടകരുടെ എണ്ണം 64,905 ഓളം വര്‍ധിച്ച് 10,57,880 ആയതായി കഴിഞ്ഞ ദിവസത്തെ കണക്കുകള്‍ വ്യക്തമാക്കുന്നു.

 

യാത്രക്കാരുടെ സൗകര്യാര്‍ത്ഥം ജിദ്ദയിലേക്കും മക്കയിലേക്കും കൂടുതല്‍ അധിക സര്‍വീസുകള്‍ നടത്തുമെന്ന് കഴിഞ്ഞമാസം എമിറേറ്റ്‌സ് വ്യക്തമാക്കിയിരുന്നു. ഈയാഴ്ച മുതല്‍ ഈ മാസം 31 വരെ സൗദി നഗരങ്ങളിലേക്ക് 33 അധിക സര്‍വീസുകളാണ് എമിറ്റേറ്റ് ആരംഭിക്കുന്നത്.

 

മക്കയിലേക്കുള്ള തിരക്ക് കുറയ്ക്കാനും പോക്കുവരവുകള്‍ എളുപ്പമാക്കാനും ആവശ്യമായ ഉദ്യോഗസ്ഥരെയും മറ്റു സുരക്ഷാ ഉപകരണങ്ങളും ഇതിനോടകം തന്നെ മക്കയുടെ പ്രവേശന കവാടങ്ങളില്‍ സജ്ജമാക്കിയതായി മക്ക മേഖലാ റോഡ് സുരക്ഷാ സേനാ മേധാവി കേണല്‍ ഫൈസല്‍ അല്‍ജു അയ്ദ് പറഞ്ഞു. മക്ക, ജിദ്ദ എക്‌സ്പ്രസ് റോഡ്, പഴയ മക്ക -ജിദ്ദ റോഡ്, തന്‍ഈം, ശറാഹ്, അല്‍കറ, മര്‍ക്കസ് ജനൂബ് എന്നിവിടങ്ങളിലാണ് പ്രധാന ചെക്ക് പോയിന്റുകള്‍ ഒരുക്കിയിരിക്കുന്നത്.

മദീന, ത്വായിഫ് എന്നിവിടങ്ങളില്‍ നിന്ന് മക്കയിലേക്ക് വരുന്ന റോഡുകളിലും പ്രത്യേക പരിശോധനാ കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും. കണക്കെടുപ്പ് ഇ- സംവിധാനം വഴിയായിരിക്കും. ഒരു വാഹനത്തിലെ കണക്കെടുപ്പ് 30 സെക്കന്റിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും സെന്‍സസ് ബോര്‍ഡ് അണ്ടര്‍ സെക്രട്ടറിയും ഹജജ് കണക്കെടുപ്പ് സൂപ്പര്‍ വൈസറുമായ ഫഹദ് അല്‍ഫുഹൈദ് വ്യക്തമാക്കി. വാഹനങ്ങളുടെ വിവരങ്ങള്‍, തീര്‍ത്ഥാടകരുടെ എണ്ണം, രാജ്യം എന്നിവ കൃത്യമായി രേഖപ്പെടുത്താനും സംവിദാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മക്കയുടെ പ്രവേശന കവാടങ്ങളില്‍ തീര്‍ത്ഥാടകരുടെ സഹായത്തിനായി പാസ്‌പോര്‍ട്ട് വിഭാഗം, ഹജ്ജ സുരക്ഷാ സേന, ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍, സുരക്ഷാ വിമാനം, പോലീസ് ട്രാഫിക് ഉദ്യോഗസ്ഥര്‍ എന്നിവരെയും സജ്ജമാക്കിയിട്ടുണ്ട്. ഈ വര്‍ഷം തീര്‍ത്ഥാടകരുടെ വര്‍ധനവ് കണക്കിലെടുത്ത് വന്‍ സുരക്ഷയും ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു.

Comments

comments

Categories: More
Tags: Makkah