ചരക്ക് ക്ലിയറൻസ് വേഗത്തിലായെന്ന് ലോകബാങ്കിനോട് കസ്റ്റംസ്

ചരക്ക് ക്ലിയറൻസ് വേഗത്തിലായെന്ന് ലോകബാങ്കിനോട് കസ്റ്റംസ്

കണ്ടെയ്‌നറുകളെ ട്രാക്ക് ചെയ്യുന്നതിന് ആർഎഫ്‌ഐഡി സംവിധാനവും ഇപ്പോൾ കസ്റ്റംസ് നടപ്പിലാക്കിയിട്ടുണ്ട്

ന്യൂഡെൽഹി: തുറമുഖങ്ങളിലെത്തുന്ന ചരക്കുകൾക്ക് ക്ലിയറൻസ് നൽകുന്നതിനുള്ള ശരാശരി സമയം 100 മണിക്കൂറായി കുറഞ്ഞിട്ടുണ്ടെന്ന് കസ്റ്റംസ് മന്ത്രാലയം ലോകബാങ്കിനെ അറിയിച്ചു. ബിസിനസ് സൗഹൃദ റാങ്കിംഗിൽ ഇന്ത്യയുടെ നില മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. ചരക്കുകളുടെ സുഗമമായ കടന്നുപോക്ക് എല്ലാവർഷവും പുറത്തിറക്കുന്ന ബിസിനസ് സൗഹൃദ റാങ്കിംഗിനായി ലോകബാങ്ക് പരിഗണിക്കുന്ന പ്രധാന ഘടകമാണ്.

കണ്ടെയ്‌നറുകളെ ട്രാക്ക് ചെയ്യുന്നതിന് ആർഎഫ്‌ഐഡി( റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ) സംവിധാനവും ഇപ്പോൾ കസ്റ്റംസ് നടപ്പിലാക്കിയിട്ടുണ്ട്. ലോജിസ്റ്റിക്‌സ് കമ്പനികൾക്ക് ചരക്കുകളുടെ നീക്കം ഏതു സമയത്തും തിരിച്ചറിയുന്നതിന് ഇതിലൂടെ സാധിക്കും. ലോക ബാങ്ക് പ്രതിനിധികൾക്ക് ചരക്കുകൾ ക്ലിയറൻസ് നടത്തി പുറത്തുവിടുന്ന സമയം സ്വതന്ത്രമായി നിരീക്ഷിച്ച് ഉറപ്പുവരുത്താവുന്നതാണെന്നും കസ്റ്റംസ് വ്യക്തമാക്കി.
കണ്ടെയ്‌നറുകളെ പുറത്തുവിടുന്നതിന് ഇന്ത്യ എടുക്കുന്ന സമയം 267 മണിക്കൂറാണെന്നാണ് ലോകബാങ്ക് കണക്കാക്കിയിരുന്നത്. ഇത് ശരിയല്ലെന്നും ഐസ്‌ഗേറ്റ് ( ICEGATE) പോർട്ടലിലെ ഏതു കണ്ടെയ്‌നർ നമ്പറും തത്സമയം ട്രാക്ക് ചെയ്ത് ഇക്കാര്യം ബോധ്യപ്പെടാവുന്നതാണെന്നും കസ്റ്റംസിലെ മുതിർന്ന ഉദ്യോഗസ്ഥർ പറയുന്നു.

നിലവിൽ ആർഎഫ്‌ഐഡി ട്രാക്കിംഗ് സംവിധാനമുള്ളത് മുംബൈയിലെ നവസേവ തുറമുഖത്തിലാണ്. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തിലും ട്രാക്കിംഗ് സംവിധാനം പ്രവർത്തനമാരംഭിച്ചു. ചെന്നൈ തുറമുഖത്തിലും താമസിയാതെ ട്രാക്കിംഗ് സംവിധാനം നിലവിൽ വരും.

കഴിഞ്ഞ വർഷം ലോക ബാങ്കിന്റെ ബിസിനസ് സൗഹൃദ റാങ്കിംഗിൽ ഇന്ത്യ 30 സ്ഥാനം മെച്ചപ്പെടുത്തി 100-ാം സ്ഥാനത്തെത്തിയിരുന്നു. ബിസിനസ് സൗഹൃദത്തിന്റെ കാര്യത്തിൽ ആദ്യ 50 രാജ്യങ്ങളിൽ ഇടം നേടാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്.

Comments

comments

Categories: Business & Economy, Slider
Tags: Customs