ഇന്ത്യന്‍ ഇലക്ട്രോണിക്‌സ് വിപണിയില്‍ കണ്ണുവെച്ച് ഗോം

ഇന്ത്യന്‍ ഇലക്ട്രോണിക്‌സ് വിപണിയില്‍ കണ്ണുവെച്ച് ഗോം

ടെലിവിഷന്‍, റെഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, അടുക്കള ഉപകരണങ്ങള്‍ എന്നിവ ഫഌപ്പ്കാര്‍ട്ടിലൂടെ; സ്മാര്‍ട്ട്‌ഫോണുകള്‍ ഓണ്‍ലൈനിലും കടകളിലും ലഭ്യമാക്കും

 

ന്യൂഡെല്‍ഹി: ചൈനയിലെ വന്‍കിട കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്, സ്മാര്‍ട്ട്‌ഫോണ്‍ റീട്ടെയ്ല്‍ ശൃംഖലയായ ഗോം ആഗോള വിപുലീകരണത്തിന്റെ ഭാഗമായി ഇന്ത്യന്‍ വിപണിയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നു. മള്‍ട്ടി ബ്രാന്‍ഡ് സ്റ്റോറുകള്‍ വഴിയും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയും ഇന്ത്യന്‍ വിപണിയില്‍ ശക്തമായ സാന്നിദ്ധ്യമുറപ്പിക്കാന്‍ പദ്ധതിയിട്ടാണ് ചൈനീസ് കമ്പനിയുടെ വരവ്. ശക്തമായി മല്‍സരം നടക്കുന്ന ഇന്ത്യന്‍ ഇലക്ട്രോണിക്‌സ് വിപണിയില്‍ ഷഓമി, സാംസംഗ്, ടിസിഎല്‍, ഒപ്പോ തുടങ്ങിയ കമ്പനികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് സ്മാര്‍ട്ട്‌ഫോണ്‍, ടെലിവിഷന്‍, വീട്ടുപകരണ വിഭാഗങ്ങളില്‍ സ്വന്തം ബ്രാന്‍ഡുകള്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് 11 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഗോം.

ഗോം ടെലികോം എക്യുപ്‌മെന്റ് കമ്പനിയുടെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള അനുബന്ധ കമ്പനിയാണ് ഗോം ഇലക്ട്രോണിക്‌സ് ഇന്ത്യ. 1,700 സ്‌റ്റോറുകളാണ് ചൈനയില്‍ കമ്പനിക്കുള്ളത്. ഇന്ത്യന്‍ പ്രവര്‍ത്തനങ്ങളുടെ തലവനായി പീയുഷ് പുരിയെയാണ് കമ്പനി നിയമിച്ചിരിക്കുന്നത്. ഇന്‍ഫോകസ് ബ്രാന്‍ഡിന്റെ ഭാഗമായിരുന്നു മുന്‍പ് പുരി.

മറ്റ് ചൈനീസ് ബ്രാന്‍ഡുകള്‍ ഇന്ത്യയിലെ മുന്നേറ്റത്തിനായി ആവിഷ്‌കരിച്ച തന്ത്രത്തിന്റെ പിന്തുടര്‍ച്ചയായിട്ടായിരിക്കും ഗോമും നിക്ഷേപം നടത്തുക. ടെലിവിഷന്‍, റെഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, അടുക്കള ഉപകരണങ്ങള്‍ എന്നിവ ഇ-കൊമേഴ്‌സ് സംരംഭമായ ഫഌപ്പ്കാര്‍ട്ട് വഴി വിപണിയിലെത്തിക്കുന്നതിന് പുറമെ 10,000 രൂപയുടെ സ്മാര്‍ട്ട്‌ഫോണ്‍ സെഗ്മെന്റില്‍ മൂന്ന് പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ സ്‌റ്റോറുകളിലൂടെ വരുന്ന ഉല്‍സവ സീസണില്‍ കമ്പനി ഉപഭോക്താക്കളിലേക്കെത്തും. ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമിലായിരിക്കും എല്ലാ സ്മാര്‍ട്ട് ഉപകരണങ്ങളും പ്രവര്‍ത്തിക്കുകയെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ബോളിവുഡ് സിനിമാ നടന്‍ രണ്‍വീര്‍ സിംഗിനെ സ്മാര്‍ട്ട്‌ഫോണിന്റെ ബ്രാന്‍ഡ് അംബാസിഡറാക്കാനുള്ള കരാറില്‍ ഗോം ഒപ്പിട്ടു കഴിഞ്ഞു. ചൈനീസ് ബ്രാന്‍ഡായ വിവോയുടെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു നോരത്തെ രണ്‍വീര്‍. കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് വിഭാഗത്തിലേക്കും ബ്രാന്‍ഡ് അംബാസിഡറെ തെരഞ്ഞുകൊണ്ടിരിക്കുകയാണ് കമ്പനി.

മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരമുള്ള നികുതി ഇളവുകള്‍ നേടുന്നതിനായി ഉല്‍പ്പന്നങ്ങള്‍ പ്രാദേശികമായി നിര്‍മിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്ത് വരികയാണ് ഗോം. പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്ന ടെലിവിഷനും സ്മാര്‍ട്ട്‌ഫോണുകള്‍ക്കും നികുതിയില്‍ പകുതിയിലേറെ ഇളവുകളുണ്ടെന്നതാണ് കമ്പനിയെ ആകര്‍ഷിച്ചിരിക്കുന്നത്.

Comments

comments

Categories: Tech
Tags: Gome