കലിതുള്ളി മഴ, പ്രളയക്കെടുതിയില്‍പ്പെട്ട് കേരളം

കലിതുള്ളി മഴ, പ്രളയക്കെടുതിയില്‍പ്പെട്ട് കേരളം

സമീപകാലത്തുള്ളതില്‍ വച്ച് ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കമാണു കേരളത്തിലുണ്ടായിരിക്കുന്നത്. വനനശീകരണത്തിന്റെ തോത് ഇരട്ടിയായതും വെള്ളപ്പൊക്ക സാധ്യതയെ കുറിച്ചു മുന്‍കൂട്ടി പ്രവചിക്കാനുള്ള സംവിധാനമില്ലാത്തതും ദുരിതത്തിന്റെ വ്യാപ്തി ഇരട്ടിയാക്കി. 26 വര്‍ഷത്തിനിടെ ആദ്യമായി ഇടുക്കി ഡാം തുറന്നു. കേരളത്തിലെ ചെറുതും വലുതുമായ 24 ഡാമുകളും തുറക്കുകയുണ്ടായി.

 

2013നു ശേഷമുള്ള ഏറ്റവും വിനാശകരമായ കാലാവസ്ഥയാണു കേരളം ഇപ്പോള്‍ നേരിട്ടു കൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് സീസണില്‍ സാധാരണ ലഭിക്കുന്ന വര്‍ഷപാതത്തിന്റെ (rainfall) നാല് ശതമാനമാണ് ഇപ്രാവിശ്യം വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പെയ്ത കനത്ത മഴയെ തുടര്‍ന്നാണ് ഈ വര്‍ധനയുണ്ടായത്. ജൂണ്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് എട്ട് വരെയുള്ള കണക്ക്പ്രകാരം കേരളത്തില്‍ ഇതുവരെ പെയ്ത മഴയുടെ അളവ് 15 ശതമാനം അധികമാണ്. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസത്തെ നാല് ശതമാനം കൂടിയാവുമ്പോള്‍ ഇത് 19 ശതമാനമായിരിക്കുന്നു. ഈ കണക്ക് കാലാവസ്ഥ വകുപ്പിന്റേതാണ് (ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ്). 37 പേര്‍ക്കാണ് ഇതുവരെ ജീവഹാനി സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 27 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ആദ്യമായി ഇടുക്കി അണക്കെട്ട് തുറന്നു. ഇതിനു മുന്‍പ് ഇടുക്കി ഡാം തുറന്നിട്ടുള്ളത് 1981,1992 വര്‍ഷങ്ങളിലായിരുന്നു. അന്ന് വടക്ക് കിഴക്കന്‍ മണ്‍സൂണിനിടെ(തുലാവര്‍ഷം)യായിരുന്നു ഇടുക്കി ഡാം തുറന്നത്. എന്നാല്‍ ഇപ്രാവിശ്യം തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിനിടെ (കാലവര്‍ഷം)യാണു തുറന്നിരിക്കുന്നത്. ഇടമുറിയാതെ മഴ പെയ്തതിനെ തുടര്‍ന്നു സംസ്ഥാനത്തെ ചെറുതും വലുതുമായ 24 അണക്കെട്ടുകളാണു തുറന്നത്. അണക്കെട്ടിനു സമീപമുള്ള പ്രദേശങ്ങളില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും സംഭവിച്ചേക്കുമെന്നു കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. പശ്ചിമഘട്ടത്തോട് ചേര്‍ന്നുനില്‍ക്കുന്നതിനാല്‍ വെള്ളപ്പൊക്കമുണ്ടാകാന്‍ സാധ്യത കൂടുതലുള്ള ജില്ലകളാണ് ഇടുക്കിയും വയനാടും. അതു കൊണ്ടു തന്നെ ഈ ജില്ലകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിക്കുകയുണ്ടായി. ഓഗസ്റ്റ് ഒന്‍പതാം തീയതി ഈ രണ്ട് ജില്ലകളിലും യഥാക്രമം 167.2 മി.മി, 170.9 മി.മി എന്നിങ്ങനെയായി ഏറ്റവും വലിയ സമ്പൂര്‍ണ മഴയാണ് ലഭിച്ചത്. ഇതാകട്ടെ സാധാരണ ലഭിക്കുന്ന മഴയേക്കാള്‍ 840, 759 ശതമാനം അധികവുമാണ്. ഇടുക്കിക്ക് ഈ സീസണിലെ സാധാരണ മഴയെക്കാള്‍ 50 ശതമാനം കൂടുതല്‍ ലഭിച്ചിട്ടുണ്ട്.

വനനശീകരണം

വനനശീകരണം, അശാസ്ത്രീയമായ രീതിയിലുള്ള ഭൂവിനിയോഗം എന്നിവ പ്രകൃതി ദുരന്തത്തിനു കാരണമാകുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചെന്നു വേണം കരുതാന്‍. കേരളത്തില്‍ ഏറ്റവുമധികം വനപ്രദേശങ്ങളുള്ള ജില്ലകളാണ് ഇടുക്കിയും, വയനാടും. എന്നാല്‍ 2011-നും 2017നുമിടയില്‍ ഈ രണ്ട് ജില്ലകളുടെയും വനമേഖലയില്‍ ക്രമേണ കുറവ് വന്നതായിട്ടാണ് റിപ്പോര്‍ട്ട് കാണിക്കുന്നത്. ഇടുക്കിയിലെ മൊത്തം വനപ്രദേശം 3,930 ചതുരശ്ര കിലോമീറ്ററില്‍നിന്ന് 3,139 ചതുരശ്ര കിലോമീറ്ററായി കുറഞ്ഞു. 20.13 ശതമാനത്തിന്റെ ഇടിവ്. വയനാടാകട്ടെ, വനഭൂമി 1,775 ചതുരശ്ര കിലോമീറ്ററില്‍നിന്നും 1,580 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങി. 11 ശതമാനത്തിന്റെ ഇടിവ്. ഇടുക്കിയും, വയനാടും ഇപ്പോള്‍ വെള്ളപ്പൊക്ക കെടുതി നേരിടാനുള്ള കാരണം ഒരു പക്ഷേ ഇതായിരിക്കാം. മറ്റ് വെള്ളപ്പൊക്ക ബാധിത ജില്ലകളില്‍, ചെറിയ തോതിലെങ്കിലും വനഭൂമിയുടെ വര്‍ധന ഉണ്ടായിട്ടുണ്ടെന്നതും ഒരു വസ്തുതയാണ്. അതുപക്ഷേ സ്വാഭാവിക വര്‍ധനയല്ല, പകരം വ്യാപകമായി റബ്ബര്‍, കവുങ്ങ് കൃഷിയാരംഭിച്ചതു കൊണ്ടാണ്. കേരളത്തിലെ വനമേഖലയുടെ വര്‍ധനയ്ക്കു കാരണമായത് പ്രധാനമായും വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയിടങ്ങള്‍ വ്യാപകമായതു കൊണ്ടാണെന്നു ഫോസറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കണ്ണൂരില്‍ വനഭൂമി 2011-ല്‍ 641 ചതുരശ്രകിലോമീറ്ററില്‍നിന്നും 2017-ലെത്തിയപ്പോള്‍ 1,561 ചതുരശ്ര കിലോമീറ്ററായി.144 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. സമാനമാണ് കോഴിക്കോട് ജില്ലയിലെ അവസ്ഥയും. കോഴിക്കോട് വനഭൂമി 151 ശതമാനമാണു വര്‍ധിച്ചത്.

വെള്ളപ്പൊക്ക സാധ്യതയെ കുറിച്ച് പ്രവചിക്കാന്‍ സംവിധാനമില്ല

ഇന്ത്യയില്‍ വെള്ളപ്പൊക്കം പ്രവചിക്കുന്ന ഒരേയൊരു ഏജന്‍സിയാണ് സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍(സിഡബ്ല്യുസി). ഈ ഏജന്‍സിക്കും കേരളത്തിലെ പ്രളയക്കെടുതിയെ കുറിച്ചു മുന്‍കൂട്ടി അറിയാന്‍ സാധിക്കാതെ പോയെന്നതാണു വാസ്തവം. കേരളത്തില്‍ കനത്ത മഴയും വെള്ളപ്പൊക്കവും അസാധാരണമല്ലെങ്കിലും, ഇവിടെ വെള്ളപ്പൊക്ക സാധ്യതയെ കുറിച്ച് പ്രവചിക്കാന്‍ ഏജന്‍സിക്കു യാതൊരു സംവിധാനവും (flood forecasting system) നിലവിലില്ല. ഇതാകട്ടെ, സംസ്ഥാനത്ത് വെള്ളപ്പൊക്കത്തെ മികച്ച രീതിയില്‍ പ്രതിരോധിക്കാനുള്ള അവസരവും ഇല്ലാതാക്കുകയാണ്. സിഡബ്ല്യുസി ഏജന്‍സിക്ക് കേരളത്തില്‍ പ്രളയ നിരീക്ഷണ കേന്ദ്രങ്ങളുണ്ടെങ്കിലും (flood monitoring sites) അവയിലൊന്നു പോലും പ്രവര്‍ത്തന സജ്ജമല്ല.

എന്തു കൊണ്ട് ഡാമിലെ വെള്ളം തുറന്നുവിട്ടില്ല ?

ഇടുക്കി, മലപ്പുറം, വയനാട്,എറണാകുളം, കണ്ണൂര്‍, പാലക്കാട്, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ഇപ്രാവിശ്യം ശക്തമായ മഴയാണു മണ്‍സൂണിന്റെ തുടക്കം മുതല്‍ ലഭിച്ചത്. കനത്ത മഴയെ തുടര്‍ന്നു വെള്ളപ്പൊക്കവും, മണ്ണിടിച്ചിലും, നിരവധി അപകടങ്ങളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടും എന്തു കൊണ്ടാണ് അധികാരികള്‍ അന്ന് ഡാമിലെ വെള്ളം തുറന്നുവിടാതെ ഇപ്പോള്‍ സ്ഥിതി കൂടുതല്‍ വഷളാക്കാന്‍ കാത്തിരുന്നതെന്ന ചോദ്യം ഉയരുന്നുമുണ്ട്. ഇടുക്കി, ഇടമലയാര്‍ ഡാമുകള്‍ അടുത്തടുത്ത ദിവസങ്ങളില്‍ തുറന്നതോടെ എറണാകുളം ജില്ലയിലെ മലയാറ്റൂര്‍, കാലടി, ആലുവ, നെടുമ്പാശേരി, ചേരാനെല്ലൂര്‍ ഏലൂര്‍, കളമശേരി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായിരിക്കുകയാണ്. ഇവിടങ്ങളില്‍ ജനജീവിതം ദുസ്സഹമായെന്നു മാത്രമല്ല, വന്‍ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം

പ്രളയത്തിന്റെ കെടുതിയനുഭവിക്കുന്ന കേരളത്തെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 14 നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സ് ടീമിനെയാണ് നിയോഗിച്ചിരിക്കുന്നത്. ഈ ടീമില്‍ 400 രക്ഷാപ്രവര്‍ത്തകരും 31 ബോട്ടുകളുമുണ്ട്. തൃശൂര്‍, എറണാകുളം, ആലപ്പുഴ, വയനാട്, കോഴിക്കോട്, ഇടുക്കി ജില്ലകളിലാണ് പ്രധാനമായും ഇവരുടെ സേവനം ലഭ്യമാക്കിയിരിക്കുന്നത്. അടിയന്തര ഘട്ടത്തില്‍ വിന്യസിക്കാന്‍ ചെന്നൈയിലെ ആരക്കോണത്ത് അഡീഷണല്‍ ടീമുകളെയും സജ്ജമാക്കിയിട്ടുണ്ട്.

പാലക്കാട് ടൗണില്‍ കുടിവെള്ള വിതരണം തടസപ്പെട്ടു.

കല്‍പ്പാത്തി പുഴയില്‍ വെള്ളം നിറഞ്ഞു കവിഞ്ഞൊഴുകിയതിനെ തുടര്‍ന്നു മലമ്പുഴ ഡാമില്‍നിന്നും പമ്പിംഗ് സ്റ്റേഷനിലേക്കു കുടിവെള്ളമെത്തിച്ചിരുന്ന പ്രധാന പൈപ്പ്‌ലൈന്‍ തകര്‍ന്നു. ഇതു കാരണം അടുത്ത ഏതാനും ദിവസങ്ങളില്‍ പാലക്കാട് ടൗണിലേക്കുള്ള കുടിവെള്ള വിതരണം തടസപ്പെടുമെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചിരിക്കുകയാണ്. മഴ തുടര്‍ച്ചയായി പെയ്യുന്നതിനാല്‍ തകര്‍ന്ന പൈപ്പ് ലൈനിന്റെ അറ്റകുറ്റ പണികള്‍ ചെയ്യാനും തടസം നേരിടുകയാണ്. ഓഗസ്റ്റ് ഒന്‍പതിന് പാലക്കാട് ജില്ലയ്ക്ക് ലഭിച്ചത് 89.1 മി.മി മഴയാണ്. ഇത് സാധാരണ ലഭിച്ചിരുന്നതിനേക്കാള്‍ 703 ശതമാനം അധികമാണ്. ഓഗസ്റ്റ് രണ്ടിനും എട്ടിനുമിടയില്‍ പാലക്കാട് പെയ്ത മഴ 100.9 മി.മി മഴയാണ്. ഇതിനര്‍ഥം ഒരാഴ്ച കൊണ്ട് ലഭിക്കേണ്ടുന്ന മഴ ഒറ്റ ദിവസം കൊണ്ടു പെയ്‌തെന്നാണ്. ഓഗസ്റ്റ് എട്ടിനു കേരളത്തില്‍ പെയ്ത മഴ സാധാരണ ലഭിക്കുന്നതിനേക്കാള്‍ 316 ശതമാനം അധികമാണ്. ഇതേ തുടര്‍ന്നു സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.

 

Comments

comments

Categories: Top Stories
Tags: Flood Kerala