പ്രളയക്കെടുതി; അകമഴിഞ്ഞ് സഹായിക്കാം നമുക്ക്

പ്രളയക്കെടുതി; അകമഴിഞ്ഞ് സഹായിക്കാം നമുക്ക്

പ്രളയത്തിന്റെ ഭീകരത അനുഭവിക്കുന്ന ജനങ്ങള്‍ക്ക് സഹായമേകാന്‍ ഓരോരുത്തരും കഴിയുന്നത് ചെയ്യണം. വിവിധ സന്നദ്ധ സംഘടനകളും രാഷ്ട്രീയ നേതാക്കളുമെല്ലാം ഇക്കാര്യത്തില്‍ സജീവമാണെന്നത് ആശ്വാസം പകരുന്നു

സമാനതകളില്ലാത്ത മഴക്കെടുതിയാണ് കേരളം അനുഭവിച്ചത്. ദുരന്തത്തിന്റെ പ്രത്യാഘാതങ്ങള്‍ പല രൂപങ്ങളില്‍ അനുഭവിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. നഷ്ടങ്ങള്‍ പലര്‍ക്കും താങ്ങാവുന്നതിലുമപ്പുറം. അതുകൊണ്ടുതന്നെയാണ് പ്രളയക്കെടുതി നേരിടാന്‍ സമൂഹത്തിന്റെയൊന്നാകെ അകമഴിഞ്ഞ പിന്തുണ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിക്കാന്‍ കാരണവും. ദുരിതമനുഭവിക്കുന്ന സഹജീവികള്‍ക്കായി ഓരോരുത്തരും തങ്ങളാല്‍ ആകുന്ന വിധം സഹായം ചെയ്യേണ്ടത് ഉത്തരവാദിത്തം തന്നെയായി കാണണം.

പ്രമുഖ പ്രവാസി സംരംഭകനും ലുലു ഗ്രൂപ്പ് സാരഥിയുമായ യൂസഫലി എം എ അഞ്ചുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുകയാണെന്ന് വ്യക്തമാക്കി കഴിഞ്ഞു. ഒരു സംരംഭകനെന്ന നിലയില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഉയരാനുള്ള അദ്ദേഹത്തിന്റെ സവിശേഷത ഒരിക്കല്‍ കൂടി ബോധ്യപ്പെട്ടിരിക്കുന്നു ഇതിലൂടെ. സമാനമായി മറ്റ് പലരും രംഗത്തെത്തിക്കഴിഞ്ഞുവെന്നതും ആശ്വാസം പകരുന്നു. നടന്‍മാരായ കമല്‍ഹാസന്‍, സൂര്യ, കാര്‍ത്തി തുടങ്ങിയവര്‍ 25 ലക്ഷം രൂപ സംഭാവന ചെയ്ത വാര്‍ത്തയും ആശ്വാസമേകുന്നതായി. മലയാളത്തിലെ താരസംഘടനയായ അമ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 ലക്ഷം രൂപ നല്‍കി.

മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് തുടങ്ങി നിരവധി താരങ്ങള്‍ ദുരിതബാധിതരെ സഹായിക്കണമെന്ന പ്രചരണം സോഷ്യല്‍ മീഡിയ വഴി ഏറ്റെടുത്തിട്ടുണ്ട്. ദുരിതമനുഭവിക്കുന്നവര്‍ക്കു വേണ്ടി അന്‍പൊടു കൊച്ചിയും എറണാകുളം ജില്ലാഭരണകൂടവും അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിനായി മികച്ച ശ്രമങ്ങള്‍ തന്നെ നടത്തുന്നുണ്ട്. കൊച്ചി റീജണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ രാവിലെ ഒന്‍പത് മുതല്‍ രാത്രിവരെ കൗണ്ടര്‍ തുറന്ന് പ്രവര്‍ത്തിച്ചാണ് ഇവരുടെ സമാഹരണം. കേരളം ഒന്നിച്ചു നില്‍ക്കേണ്ട സമയാമാണിത്. കോര്‍പ്പറേറ്റുകള്‍ക്ക് അവരുടെ സമൂഹത്തോടുള്ള പ്രതിബദ്ധത നിറവേറ്റാന്‍ മികച്ച അവസരവുമാണിത്. കേരളത്തിലെ സംരംഭകരെല്ലാം ഒന്ന് മനസ്സ് വെച്ചാല്‍ തന്നെ പ്രളയദുരിതമനുഭവിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കണ്ടെത്താവുന്നതാണ്.

അതിനോടൊപ്പം നെഗറ്റീവ് പ്രചരണങ്ങള്‍ നടത്തുന്നവരെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം കാണുന്നവരെയും ഒറ്റപ്പെടുത്തുകയും വേണം. കേരളത്തിന്റെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യരുതെന്ന് രാഷ്ട്രീയത്തിന്റെ പേരില്‍ ചില ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടതെല്ലാം അത്യന്തം അപലപനീയമാണ്. അതിനെ രാഷ്ട്രീയആയുധമായെടുത്ത് വാര്‍ത്തകള്‍ ചമയ്ക്കുന്നവര്‍ ചെയ്യുന്നതും ശരികേടുതന്നെ. ഇത്തരക്കാരെ ഒറ്റപ്പെടുത്തി ഊര്‍ജ്ജം മുഴുവനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുകായണ് വേണ്ടത്. അതേസമയം കേരളം അനുഭവിക്കുന്ന മഴക്കെടിത മനുഷ്യനിര്‍മിത ദുരന്തമാണെന്ന പരിസത്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗിലിന്റെ അഭിപ്രായങ്ങള്‍ ഭാവിയില്‍ സംസ്ഥാനം ഗൗരവത്തോടെ തന്നെ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. പശ്ചിമഘട്ട സംരക്ഷത്തിനുള്ള ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരമാര്‍ശങ്ങളെ തീവ്രപരിസിത്ഥിതിവാദമെന്ന് പറഞ്ഞ് മാറ്റി നിര്‍ത്തുന്നത് ശരിയാണോയെന്നത് ചിന്തിക്കണം. താല്‍ക്കാലിക സാമ്പത്തിക താല്‍പ്പര്യങ്ങള്‍ പലപ്പോഴും ദീര്‍ഘകാലാടിസ്ഥാനത്തില്‍ വലിയ സാമ്പത്തിക നഷ്ടങ്ങള്‍ തന്നെയാകും വരുത്തുക. വികസനസങ്കല്‍പ്പങ്ങളുടെ കാര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒരു പുനര്‍വിചിന്തനം നടത്തേണ്ടതുണ്ട്.

Comments

comments

Categories: Editorial, Slider
Tags: Flood Kerala