അഞ്ച് മികച്ച 200 സിസി ബൈക്കുകള്‍

അഞ്ച് മികച്ച 200 സിസി ബൈക്കുകള്‍

ഇന്ത്യയില്‍ ഏറ്റവും വളര്‍ച്ച കൈവരിക്കുന്ന ഇരുചക്ര വാഹന സെഗ്‌മെന്റുകളിലൊന്നാണ് 200-300 സിസി മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റ്. ഓരോ വര്‍ഷവും നിരവധി പുതിയ മോഡലുകളാണ് ഈ സെഗ്‌മെന്റില്‍ പുറത്തിറങ്ങുന്നത്. സ്‌പോര്‍ടിയും പ്രായോഗികതയുമുള്ള നിരവധി മോട്ടോര്‍സൈക്കിളുകളില്‍നിന്ന് ഒന്ന് തെരഞ്ഞെടുക്കുകയെന്നത് വലിയ സാഹസം തന്നെ. 200 സിസി ബൈക്കുകളാണ് ഇന്ത്യയില്‍ അതിവേഗം ജനകീയമായിക്കൊണ്ടിരിക്കുന്നത്. വലിയ പണച്ചെലവില്ലാതെ സാമാന്യം നല്ല പെര്‍ഫോമന്‍സ് ലഭിക്കുന്ന മോട്ടോര്‍സൈക്കിളുകളാണ് യുവാക്കള്‍ ആഗ്രഹിക്കുന്നത്. ഉയര്‍ന്ന വിലയുള്ള മറ്റ് എന്‍ട്രി ലെവല്‍ പെര്‍ഫോമന്‍സ് മോട്ടോര്‍സൈക്കിളുകളേക്കാള്‍ ഈ ബൈക്കുകളുടെ റണ്ണിംഗ് ചെലവുകള്‍ താങ്ങാന്‍ കഴിയും. അതുകൊണ്ടുതന്നെ 18-30 വയസ്സുകാര്‍ക്കിടയില്‍ ഈ ബൈക്കുകള്‍ വളരെ ജനകീയമാണ്. പെര്‍ഫോമന്‍സും ലുക്കും താങ്ങാവുന്ന വിലയും പരിഗണിക്കുന്നവര്‍ക്കായി ഇന്ത്യയിലെ മികച്ച 200 സിസി ബൈക്കുകള്‍ ഇതാ.

ബജാജ് പള്‍സര്‍ എന്‍എസ്200

ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ 200 സിസി ബൈക്കുകളിലൊന്നാണ് ബജാജ് പള്‍സര്‍ എന്‍എസ്200. 2012 ല്‍ ആദ്യം വിപണിയില്‍ അവതരിപ്പിച്ച പള്‍സര്‍ എന്‍എസ്200 സാമാന്യം നല്ല രീതിയില്‍ വിറ്റുപോകുന്ന ബജാജ് മോഡലാണ്. മോട്ടോര്‍സൈക്കിളിന്റെ 2017 മോഡലില്‍ ഓപ്ഷണലായി ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്) നല്‍കിയിരുന്നു. ഈ വേരിയന്റിന് നോണ്‍-എബിഎസ് വേര്‍ഷനേക്കാള്‍ വില അല്‍പ്പം കൂടും. പള്‍സര്‍ എന്‍എസ്200 മോട്ടോര്‍സൈക്കിളിലെ 199.5 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ 23.5 ബിഎച്ച്പി പവറാണ് പുറപ്പെടുവിക്കുന്നത്. 6 സ്പീഡ് ട്രാന്‍സ്മിഷനുമായി എന്‍ജിന്‍ ചേര്‍ത്തിരിക്കുന്നു. പള്‍സര്‍ എന്‍എസ്200 സ്റ്റാന്‍ഡേഡ് വേരിയന്റിന് 99,411 രൂപയും എബിഎസ് വേരിയന്റിന് 1,11,411 രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. മണിക്കൂറില്‍ 135 കിലോമീറ്ററാണ് ടോപ് സ്പീഡ്. ഒരു ലിറ്റര്‍ ഇന്ധനം നിറച്ചാല്‍ 35 കിലോമീറ്ററോളം സഞ്ചരിക്കാം. മോട്ടോര്‍സൈക്കിളില്‍ ഫെയറിംഗ് ഇഷ്ടമാണെങ്കില്‍ ബജാജ് പള്‍സര്‍ ആര്‍എസ്200 വാങ്ങാവുന്നതാണ്.

ഹീറോ എക്‌സ്ട്രീം 200ആര്‍

ഇന്ത്യയില്‍ ഏറ്റവുമൊടുവില്‍ പുറത്തിറക്കിയ 200 സിസി മോട്ടോര്‍സൈക്കിളാണ് ഹീറോ എക്‌സ്ട്രീം 200ആര്‍. 88,000 രൂപ വിലയില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ് ബൈക്ക് നിലവില്‍ പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ ഇനിയും അവതരിപ്പിച്ചിട്ടില്ല. റീസ്‌ട്രെയ്ന്‍ഡ് സ്റ്റൈലിംഗില്‍ വരുന്ന ഓള്‍-ന്യൂ മോഡലാണ് ഹീറോ എക്‌സ്ട്രീം 200ആര്‍. ഇവിടെ പരാമര്‍ശിക്കുന്ന മറ്റ് ബൈക്കുകള്‍ പോലെ ബുച്ച്, അഗ്രസീവ് മോട്ടോര്‍സൈക്കിളല്ല ഹീറോ എക്‌സ്ട്രീം 200ആര്‍. പകുതി അനലോഗും പകുതി ഡിജിറ്റലുമായ കണ്‍സോള്‍ ബൈക്കില്‍ കാണാം. സിംഗിള്‍ ചാനല്‍ എബിഎസ് സ്റ്റാന്‍ഡേഡ് ഫീച്ചറാണ്. ഹീറോ അച്ചീവര്‍ ബൈക്കിലെ 150 സിസി എന്‍ജിന്റെ മറ്റൊരു പതിപ്പാണ് എക്‌സ്ട്രീം 200ആര്‍ മോട്ടോര്‍സൈക്കിളിലെ 200 സിസി എന്‍ജിന്‍. ഈ എന്‍ജിന്‍ 18.1 ബിഎച്ച്പി കരുത്തും 17.1 എന്‍എം പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് ട്രാന്‍സ്മിഷന്‍ വഴിയാണ് പിന്‍ ചക്രത്തിലേക്ക് പവര്‍ കൈമാറുന്നത്. 40-43 കിലോമീറ്റര്‍ ഇന്ധനക്ഷമത പ്രതീക്ഷിക്കാം.

ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 4വി

2016 ല്‍ പുറത്തിറക്കിയ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 4വി ഇന്ത്യയില്‍ ഏറ്റവും നന്നായി വിറ്റുപോകുന്ന 200 സിസി ബൈക്കുകളിലൊന്നാണ്. അഗ്രസീവ് സ്‌റ്റൈലിംഗ്, നല്ല പെര്‍ഫോമന്‍സ് എന്നിവ കൂടാതെ ബൈക്കിന്റെ ധാരാളം വേരിയന്റുകള്‍ ലഭ്യമാണെന്നതും ആകര്‍ഷകഘടകമാണ്. കാര്‍ബുറേറ്റഡ് എന്‍ജിന്‍, ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് എന്‍ജിന്‍, എബിഎസ് വേര്‍ഷന്‍, നോണ്‍-എബിഎസ് വേര്‍ഷന്‍ എന്നിവയെല്ലാം വേരിയന്റുകളാണ്. കൂടാതെ ടിവിഎസ് ടയറുകളിലും ഓപ്ഷണലായി പിറെലി ടയറുകളിലും അപ്പാച്ചെ ആര്‍ടിആര്‍ 200 4വി വാങ്ങാന്‍ കഴിയും. അപ്പാച്ചെ ആര്‍ടിആര്‍ 200 4വി മോട്ടോര്‍സൈക്കിളിലെ 197 സിസി എന്‍ജിന്‍ 20.7 ബിഎച്ച്പി കരുത്തും 18.1 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. 5 സ്പീഡ് ട്രാന്‍സ്മിഷനാണ് എന്‍ജിനുമായി ചേര്‍ത്തിരിക്കുന്നത്. ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, എബിഎസ്, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലാംപ്, സ്റ്റെപ് സീറ്റ് എന്നിവ ഫീച്ചറുകളാണ്. 1.02 ലക്ഷം മുതല്‍ 1.16 ലക്ഷം രൂപ വരെയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

യമഹ എഫ്ഇസഡ്25

200-250 സിസി സെഗ്‌മെന്റിലെ മറ്റൊരു കിടിലന്‍ മോട്ടോര്‍സൈക്കിളാണ് 2017 തുടക്കത്തില്‍ പുറത്തിറക്കിയ യമഹ എഫ്ഇസഡ്25. മികച്ച രൂപകല്‍പ്പനയില്‍ വിപണിയിലെത്തിയ മോട്ടോര്‍സൈക്കിളില്‍ എല്‍ഇഡി ഹെഡ്‌ലാംപ്, ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, സ്‌റ്റെപ് സീറ്റ് എന്നിവ സവിശേഷതകളാണ്. എന്നാല്‍ ഓപ്ഷനായി പോലും എബിഎസ് നല്‍കിയിട്ടില്ല. എഫ്ഇസഡ്25 മോട്ടോര്‍സൈക്കിളിലെ 249 സിസി എന്‍ജിന്‍ 20 ബിഎച്ച്പി കരുത്തും 20 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തിരിക്കുന്നു. 40 കിലോമീറ്ററാണ് ഇന്ധനക്ഷമത. ഈ സെഗ്‌മെന്റിലെ ബെസ്റ്റ് ലുക്കിംഗ് ബൈക്കുകളിലൊന്നായ യമഹ എഫ്ഇസഡ്25 ന് 1.19 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

കെടിഎം 200 ഡ്യൂക്ക്

ഒരുപക്ഷേ ഇന്ത്യയിലെ ഏറ്റവും ഹോട്ട് 200 സിസി മോട്ടോര്‍സൈക്കിളായിരിക്കും കെടിഎം 200 ഡ്യൂക്ക്. 1.46 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. 200 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ 25 ബിഎച്ച്പി കരുത്തും 19.2 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് ഗിയര്‍ബോക്‌സുമായി എന്‍ജിന്‍ ബന്ധിപ്പിച്ചിരിക്കുന്നു. 35 കിലോമീറ്ററാണ് അവകാശപ്പെടുന്ന ഇന്ധനക്ഷമത. 2012 ലാണ് കെടിഎം 200 ഡ്യൂക്ക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. പുതിയ കളര്‍ ഓപ്ഷനുകളും പുതിയ ഗ്രാഫിക്‌സുമായി കഴിഞ്ഞ വര്‍ഷം പ്രധാനപ്പെട്ട പരിഷ്‌കാരങ്ങള്‍ നടത്തി. മുന്‍ മോഡലിനേക്കാള്‍ ബൈക്കിന് ഇപ്പോള്‍ അഞ്ച് കിലോഗ്രാം ഭാരം കൂടുതലാണ്. ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, എബിഎസ് തുടങ്ങി ഫീച്ചറുകളാല്‍ സമ്പന്നമാണ്. ഫെയറിംഗ് മോട്ടോര്‍സൈക്കിളാണ് വേണ്ടതെങ്കില്‍ കെടിഎം ആര്‍സി200 വാങ്ങാവുന്നതാണ്.

Comments

comments

Categories: Auto
Tags: 500 cc bikes