സൂര്യനിലേക്കുള്ള ആദ്യ ഉപഗ്രഹം നാസ വിക്ഷേപിച്ചു

സൂര്യനിലേക്കുള്ള ആദ്യ ഉപഗ്രഹം നാസ വിക്ഷേപിച്ചു

 

വാഷിംഗ്ടണ്‍: സൂര്യന്റെ ബാഹ്യാന്തരീക്ഷത്തെ കുറിച്ച് പഠിക്കുന്നതിനു വേണ്ടിയുള്ള പാര്‍ക്കര്‍ സോളാര്‍ പ്രോബ് നാസ വിക്ഷേപിച്ചു. സൂര്യന്റെ ഏറ്റവും അടുത്തെത്തുന്ന ബഹിരാകാശ ദൗത്യമാണിത്. കേപ്കാനവറല്‍ എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍നിന്നാണ് പാര്‍ക്കറിനെ വഹിച്ച് ഡെല്‍റ്റ ഫോര്‍ റോക്കറ്റ് കുതിച്ചുയര്‍ന്നത്. ആസ്‌ട്രോഫിസിസ്റ്റ് യൂജിന്‍ പാര്‍ക്കറിന്റെ പേരിലാണ് ഈ പ്രോബ് തയാറാക്കിയിരിക്കുന്നത്.
സൂര്യന്റെ ചൂട്, സൗരോര്‍ജ വികിരണങ്ങള്‍ എന്നിവയെ കുറിച്ചും പ്രോബ് ശാസ്ത്രീയമായ അന്വേഷണം നടത്തും. സൂര്യന്റെ അന്തരീക്ഷത്തിന് ഏറ്റവും പുറത്തുള്ള കൊറോണയെ കുറിച്ചുള്ള ശാസ്ത്രീയ പഠനം നടത്തി ഭൗമസുരക്ഷ വിലയിരുത്തുകയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.
ശുക്രനിലെ ഗുരുത്വാകര്‍ഷണബലം ഉപയോഗപ്പെടുത്തിയായിരിക്കും പ്രോബ് സൂര്യനെക്കുറിച്ചുള്ള പര്യവേഷണം നടത്തുക. സൂര്യന്റെ ചൂടില്‍ നിന്നും സുരക്ഷിതമായ അകലത്തിലാണ് (6.2 മില്യണ്‍ കിലോ മീറ്റര്‍ അടുത്ത്) നാസയുടെ ബഹിരാകാശവാഹനം ഭ്രമണം ചെയ്യുക. ബഹിരാകാശത്ത് ഇന്നേവരെ ഒരു പേടകത്തിനും ഇല്ലാത്ത അത്ര വേഗത്തിലായിരിക്കും പ്രോബ് ഭ്രമണം ചെയ്യുക. സൂര്യനില്‍ നിന്നുള്ള കൊടിയ ചൂടും റേഡിയേഷനുമൊക്കെ പ്രതിരോധിക്കാനുള്ള ശേഷി ഇതിനുണ്ടാകുമെന്നാണ് നാസ പറയുന്നത്.  ഓഗസ്റ്റ് 11ന് ശനിയാഴ്ചയാണ് വിക്ഷേപണത്തിന് തെരഞ്ഞെടുത്തിരുന്നതെങ്കിലും പേടകത്തിന്റെ ഹീലിയം വാതക സംവിധാനങ്ങളിലെ പിഴവു കണ്ടെത്തിയതിനാല്‍ വിക്ഷേപണം ഇന്നലത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ഏഴു വര്‍ഷത്തെ ദൗത്യത്തിനിടയില്‍ പാര്‍ക്കര്‍ പ്രോബ് 24 തവണ സൂര്യനെ വലംവെക്കും.

 

Comments

comments

Categories: Business & Economy
Tags: SATELLITE