എത്യോപ്യയേയും എറിത്രിയയേയും ബന്ധിപ്പിക്കുന്ന പുതിയ എണ്ണ പൈപ്പ്‌ലൈന്‍ പദ്ധതിയുമായി യുഎഇ

എത്യോപ്യയേയും എറിത്രിയയേയും ബന്ധിപ്പിക്കുന്ന പുതിയ എണ്ണ പൈപ്പ്‌ലൈന്‍ പദ്ധതിയുമായി യുഎഇ

എറിത്രിയന്‍ തുറമുഖമായ ആസാബിനെ എത്യോപ്യയുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ പൈപ്പ്‌ലൈന്‍

അബുദാബി: എത്യോപ്യക്കും എറിത്രിയയ്ക്കും ഇടയില്‍ പുതിയ എണ്ണ പൈപ്പ്‌ലൈന്‍ നിര്‍മിക്കാന്‍ യുഎഇ രംഗത്ത്. എറിത്രിയന്‍ തുറമുഖമായ ആസാബിനെ എത്യോപ്യയുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ പൈപ്പ്‌ലൈന്‍ പദ്ധതി. ഇതു സംബന്ധിച്ച കരാറിന് കഴിഞ്ഞ ദിവസം ആഡിസ് അബാബയില്‍ എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദും യുഎഇയുടെ അന്താരാഷ്ട്ര സഹകരണകാര്യ വകുപ്പ് മന്ത്രി റീം അല്‍-ഹാഷിമും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ ധാരണയായിട്ടുണ്ട്. എന്നാല്‍ കരാറുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

20 വര്‍ഷത്തോളം ബദ്ധവൈരികളായി നിലനിന്ന എറിത്രിയയും എത്യോപ്യയും തമ്മില്‍ അടുത്തിടെയാണ് വൈരം അവസാനിപ്പിച്ച് സമാധാനത്തിന്റെ പാതയിലേക്ക് എത്തിയത്. ഒരിക്കല്‍ എത്യോപ്യയുടെ ഭാഗമായിരുന്ന എറിത്രിയ 1993ല്‍ സ്വാതന്ത്ര്യത്തിനായി വോട്ട് ചെയ്തതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. പിന്നീട് 1998ല്‍ അതിര്‍ത്തിയെ ചൊല്ലി ഇരുവര്‍ക്കുമിടയില്‍ നടന്ന യുദ്ധത്തില്‍ 80,000 ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. യുദ്ധത്തിന് മുമ്പ് എത്യോപ്യ തങ്ങളുടെ ആഭ്യന്തര എണ്ണ ആവശ്യങ്ങള്‍ക്കായി ആസാബിലെ എണ്ണ ശുദ്ധീകരണശാലയെയാണ് ആശ്രയിച്ചിരുന്നത്. എന്നാല്‍ യുദ്ധത്തോടെ ഈ വഴി പൂര്‍ണമായും നിലയ്‌പ്പെട്ടു. ഇക്കഴിഞ്ഞ ജൂണില്‍ എത്യോപ്യയിലെ പുതിയ പ്രധാനമന്ത്രി അബി അഹമ്മദ് യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ട് വെച്ചിരുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ അംഗീകരിച്ച് അതിര്‍ത്തി പ്രശ്‌നം പരിഹരിച്ച് സമാധാനം പുനഃസ്ഥാപിക്കാന്‍ മുന്‍കൈ എടുത്തതോടെ 20 വര്‍ഷം നീണ്ട പ്രതിസന്ധികള്‍ക്ക് പരിസമാപ്തിയായി. രണ്ടു ദശാബ്ദത്തോളമായി നിലനിന്ന ശീതയുദ്ധത്തിന് അയവു വരുകയും ഇരു രാജ്യങ്ങളുടേയും നേതാക്കള്‍ക്കിടയില്‍ നടന്ന തുറന്ന ചര്‍ച്ചകളിലൂടെ രാജ്യ തലസ്ഥാനങ്ങള്‍ക്കിടയില്‍ വിമാനസര്‍വീസ് വീണ്ടും തുടരുകയും എംബസികള്‍ സ്ഥാപിച്ച് ഫോണ്‍ലൈനുകള്‍ പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതോടെ എറിത്രിയയ്ക്കും എത്യോപ്യക്കും ഇടയില്‍ പുതിയ നയതന്ത്ര ബന്ധം ഊട്ടിയുറപ്പിക്കാനുള്ള ശ്രമത്തിലാണ് യുഎഇ. ഇതിന്റെ ഭാഗമായാണ് പുതിയ എണ്ണ പൈപ്പ്‌ലൈന്‍ നിര്‍മാണ് രാജ്യം ഏറ്റെടുത്തിരിക്കുന്നത്.

യെമനിലെ ഹൂത്തികള്‍ക്കെതിരായ നടത്തുന്ന സൈനിക നീക്കങ്ങള്‍ക്കും മറ്റുമായി എറിത്രിയയിലെ ആസാബ് തുറമുഖമാണ് യുഎഇ കാലങ്ങളായി ഉപയോഗിച്ചു വരുന്നത്. എത്യോപ്യക്കും എറിത്രിയയ്ക്കുമിടയിലുള്ള വ്യാപാര ബന്ധം കൂടുതല്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ഒരു പ്രധാന ഇടനിലക്കാരാനായാണ് യുഎഇ ഈ പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നത്.

Comments

comments

Categories: Arabia
Tags: Pipeline