2019 അവസാനത്തോടെ 300-600 സിസി ഡിസ്പ്ലേസ്മെന്റില് പന്ത്രണ്ട് മോഡലുകള്‍ വിപണിയിലെത്തിക്കും
ന്യൂഡെല്‍ഹി : പ്രീമിയം ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബെനല്ലി ഇന്ത്യയില്‍ മാസ് മാര്‍ക്കറ്റ് ബൈക്കുകള്‍ അവതരിപ്പിക്കും. 2019 നുശേഷം 135 സിസിക്കും 200 സിസിക്കും ഇടയില്‍ എന്ജിന് ശേഷിയുള്ള മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കാനാണ് പരിപാടി. ഇന്ത്യയില്‍ മഹാവീര്‍ ഗ്രൂപ്പാണ് ബെനല്ലിയുടെ പുതിയ പങ്കാളി. പുതിയ പാര്ട്ണറുമൊത്ത് ഈ വര്‍ഷം ഒക്റ്റോബറില്‍ ഇന്ത്യയില്‍ വില്‍പ്പന പുനരാരംഭിക്കാനാണ് ഇറ്റാലിയന്‍ കമ്പനി തയ്യാറെടുക്കുന്നത്.
135-200 സിസി ബൈക്ക് സെഗ്മെന്റില്‍ പ്രവേശിക്കുന്നതിലൂടെ വിപണിയില്‍ സാന്നിധ്യം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. മഹാവീര്‍ ഗ്രൂപ്പുമായുള്ള പങ്കാളിത്തത്തിലൂടെ തുടക്കത്തില്‍ 300-600 സിസി മോട്ടോര്‍സൈക്കിളുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. 2019 അവസാനത്തോടെ 300-600 സിസി ഡിസ്പ്ലേസ്മെന്റില് പന്ത്രണ്ട് മോഡലുകള്‍ വിപണിയിലെത്തിക്കും. പുണെ ആസ്ഥാനമായ ഡിഎസ്കെ മോട്ടോവീല്സുമായി പങ്കാളിത്തം അവസാനിപ്പിച്ചതോടെ ഇക്കഴിഞ്ഞ മെയ് മുതല്‍ ബെനല്ലി ഇന്ത്യയില്‍ വില്‍പ്പന നടത്തിയിരുന്നില്ല.
ലൈസന്‍സിംഗ് കരാര്‍ പ്രകാരം ബെനല്ലി ബൈക്കുകള്‍ക്കായി മഹാവീര്‍ ഗ്രൂപ്പ് ഹൈദരാബാദില്‍ അസംബ്ലി പ്ലാന്റ് സ്ഥാപിക്കും. തെലങ്കാനയില്‍ ബെനല്ലിയും മഹാവീര്‍ ഗ്രൂപ്പും സംയുക്തമായി മാനുഫാക്ച്ചറിംഗ് പ്ലാന്റ് സ്ഥാപിക്കും. ഇതിനായി ഇറ്റാലിയന്‍ കമ്പനി തെലങ്കാന സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവെച്ചു.
ഹൈദരാബാദ് ഫസിലിറ്റിയില്‍ അസംബിള്‍ ചെയ്ത മൂന്ന് 300 സിസി മോട്ടോര്‍സൈക്കിളുകള്‍ ഒക്റ്റോബറോടെ വിപണിയിലെത്തിക്കുമെന്ന് ബെനല്ലി ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ഡാന്റെ ബസ്റ്റോസ് പറഞ്ഞു. 135-200 സിസി ഡിസ്പ്ലേസ്മെന്റ് മോട്ടോര്‍സൈക്കിളുകള്‍ക്കായി ‘സിംഗിള്‍ സിലിണ്ടര്‍’ പദ്ധതി ആരംഭിച്ചതായി അദ്ദേഹം അറിയിച്ചു. 2019 നുശേഷം ഈ മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയിലെത്തിക്കും.
ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന വിപണി എന്ന നിലയില്‍ ഇന്ത്യയില്‍ സാധ്യതകള്‍ ധാരാളമാണെന്നും ചെലവുകള്‍ കുറച്ച് ഇവിടെ പ്രീമിയം ബൈക്കുകള്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യമെന്നും ഡാന്റെ ബസ്റ്റോസ് പറഞ്ഞു. പ്രതിവര്‍ഷം 3000 യൂണിറ്റ് മോട്ടോര്‍സൈക്കിള്‍ വില്‍ക്കുകയാണ് ഇന്ത്യയില്‍ ബെനല്ലിയുടെ ലക്ഷ്യം. മൂന്ന് വര്‍ഷത്തിനിടെ 300-500 സിസി സെഗ്മെന്റില്‍ 25-30 ശതമാനം വിപണി വിഹിതം ആഗ്രഹിക്കുന്നു. നിലവിലെ പതിനെട്ട് ഡീലര്‍ഷിപ്പുകളില്‍നിന്ന് അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 55-60 ടച്ച് പോയന്റുകള്‍ സ്ഥാപിക്കുന്നതും പദ്ധതിയാണ്.